ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഉള്ളിൽ നല്ലപോലെ പേടിയുണ്ടെങ്കിലും പുറത്തേക്ക് ഒട്ടും കാണിക്കാതെ ഞാൻ അടുത്തേക്ക് പോയി.
“സർ….”
പുള്ളി എന്റെ മുഖത്തേക്കൊന്നു പാളി നോക്കി…
“നീയിരിക്ക്…”
എതിരെ ഉള്ള കസേര ചൂണ്ടികൊണ്ട് പുള്ളി പറഞ്ഞു..
ഞാൻ വളരെ ഭവ്യതയോടെ ഇരുന്നു.
“കാര്യം നിനക്ക് അറിയാമായിരിക്കുമല്ലോ…”?
“സർ.. ഞാൻ.”
“മ്മ് ഒന്നും പറയണ്ട. നിന്റെ വയസ് എത്രയാണ്…”
മടിച്ചെങ്കിലും ഞാൻ പറഞ്ഞു ..
“ഇരുപത്തിരണ്ട്…”
“ഹ്മ്മ്. അവൾക്ക് ഇരുപത്തിഅഞ്ചാണ് പ്രായം. നിനക്കത് അറിയാമോ…”
“മ്മ്.. ”
ഞാൻ തല കുനിച്ചു മൂളി ..
” ഇത് നടക്കില്ല. പ്രതേകിച്ചു നീ അവളെക്കാൾ ഇളയതും.
നീല്ലാതെ ഒരു പയ്യനെ അവൾക്ക് വേണ്ടന്ന് അവൾ പറയുന്നു..
പക്ഷെ നടക്കില്ല. ഇനി മേലിൽ നിന്നേ അവളുടെകൂടെ കാണരുത്. ”
പുള്ളി നല്ല കടുപ്പത്തിൽ തന്നെയാണത് പറഞ്ഞത്…
എനിക്ക് അയാളുടെ തലപിടിച്ചു ടേബിളിൽ അടിക്കണമെന്ന് തോന്നിപ്പോയി… പക്ഷെ കോപമല്ല അവിടെ വേണ്ടത് സൗമ്യതയാണ്.
“സർ… നിളയെ എനിക്കിഷ്ടമാണ്… അവൾക്കും… സാറിന് അതറിയാമല്ലോ.
ഞങ്ങൾക്ക് വേണെമെങ്കിൽ സാറിനെ ധിക്കരിച്ചു പോയി രജിസ്റ്റർ മാര്യേജ് ചെയ്യാം. പക്ഷെ എനിക്കോ അവൾക്കോ അതിൽ തീരെ താല്പര്യമില്ല. സർ തന്നെ അവളെ കൈ പിടിച്ചു എന്നെ ഏൽപ്പിക്കണം എന്നെന്നിക്ക് നല്ല നിർബന്ധമുണ്ട്.. അതുവരെ ഞങ്ങൾ കാത്തിരിക്കും സർ. അല്ലാതെ ഓടിപോയി കല്യാണം കഴിക്കണ ഒരു ടൈപ്പ് കാമുകനല്ല ഞാൻ. അവളെ പൊന്നുപോലെ നോക്കാനുള്ള കഴിവെനിക്കുണ്ട്.. അത് മാത്രം പോരെ സാറിന്. ആലോചിച്ചു പറഞ്ഞാൽ മതി സർ.”