ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
എല്ലാം കഴിഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കുന്ന നേരം അവളെന്നോട് പറഞ്ഞു. ..
” ടാ.. വീട്ടിൽ കല്യാണം നോക്കുന്നുണ്ട്.. മുഖവുര ഇല്ലാതെ തന്നെ പറയാം.. നിന്നെ എനിക്ക് കെട്ടിയാ കൊള്ളാമെന്നുണ്ട് കെട്ടോ.. നീ എന്നെ. ”
കൈയിലിരുന്ന ഫോൺ തറയിൽ പോയതറിയാതെ ഞാൻ അവളെ മിഴിച്ചു നോക്കിക്കൊണ്ടിരുന്നു.
എന്റെ ജീവിതം തന്നെ ആ ഒറ്റ ദിവസം കൊണ്ട് മാറിമാറിഞ്ഞതറിയാതെ പുറത്ത് തകർത്ത് പെയ്യാൻ ഒരു മഴ വെമ്പൽകൊണ്ട് നിൽപ്പുണ്ടായിരുന്നു…
അവളോട് എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു..
“തനൂ നീ.. എന്തൊക്കെയാണ് വിളിച്ചു പറയണേന്ന് വല്ല ബോധവുമുണ്ടോ.”
“നല്ല ബോധമുണ്ടായിട്ട് തന്നെയാടാ .. നീയിങ്ങനെ ഇരുന്ന് തുരുമ്പെടുക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ടാ.. അല്ലാണ്ട് ഇതൊരു പൈങ്കിളി പ്രേമം ആണെന്ന് മാത്രം നീ വിചാരിക്കരുത്…”
താഴെ വീണ ഫോൺ എടുക്കുന്നതിന്റെ ഇടയിൽ ഞാൻ ചിരിച്ചുപോയി.
“അല്ലേലും നിനക്ക് ആ പരിപാടി പറഞ്ഞിട്ടില്ലല്ലോ… എന്തായാലും ഇപ്പോൾ എനിക്ക് കല്യാണം വേണ്ട.. നിനക്ക് വെയിറ്റ് ചെയ്യാൻ തോന്നുവാണേൽ ചെയ്തോ. എന്നാലും ഞാൻ ഉറപ്പ് പറയണില്ല.. കാരണം എന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനാമെന്താണെന്ന് എന്നേക്കാൾ നന്നായി അറിയാവുന്നതാണ് നിനക്ക്.. അത് ഞാൻ പ്രത്യേകം പറയണ്ടല്ലോ…
ഒരു കൂട്ട് വേണം എന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടില്ല. നോക്കാം അത്രയുമേ പറയാൻ പറ്റൂ…”