ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഒറ്റ സ്‌ട്രെച്ചിൽ ശ്വാസം പോലും വിടാതെ അത്രയും പറഞ്ഞു തീർത്ത കഷ്ടപ്പാട് എനിക്കും ദൈവത്തിനും മാത്രേ അറിയൂ…അവൾക്ക് ചിരി പൊട്ടി. അവൾ എന്റെ മുന്നിൽ നിന്ന് പൊട്ടിപ്പൊട്ടി ചിരിച്ചു.
എനിക്കൊന്നും മനസിലായില്ല..
ഇതിലെന്താ ഇത്രയും ചിരിക്കാനുള്ളത്…
” ചേച്ചി…”
ഒരു വിധം ചിരിയടക്കി അവൾ എന്നെ നോക്കി പറഞ്ഞു.
” എടാ മോനെ…. ഈ പ്രേമത്തിനിടയ്ക്കും എന്നെ ചേച്ചീന്നു വിളിക്കാൻ കാണിച്ച ആ മനസുണ്ടല്ലോ ഹാറ്റ്സ് ഓഫ്.. ”
ഞാനും ചിന്തിച്ചു…
ശ്ശെടാ ഞാനെന്തിന് ഇവളെ അങ്ങനെ വിളിച്ചു..എന്തായാലും ബിൽഡപ്പ് കളയാതെ ഒരു ഡയലോഗ് തട്ടിവിട്ടു.
” അതിപ്പോ നമ്മൾ തമ്മിൽ പ്രേമിക്കുമ്പോ ഞാൻ ചേച്ചിന്നു വിളിക്കണ മോശോല്ലേ.. അതോണ്ട് നേരത്തെ ആയിക്കോട്ടെ.. ”
” ആ.. നീയങ്ങു തീരുമാനിച്ചോ ഞാൻ നിന്നെ പ്രേമിക്കുമെന്ന്? ”
എന്റെ ചേച്ചി.. ഇരുപതു വർഷമായിട്ട് ഒരാളെപ്പോലും നോക്കാതെ, ഇക്കണ്ട പെൺപിള്ളേർ മൊത്തം എന്റെ കൺമുന്നിൽകൂടി പോയിട്ടും ഒരിടത്തും ഉടക്കാതെ ചേച്ചിയെ കണ്ടപ്പോ മാത്രം പറന്നുപോയ എന്റെ കിളി സത്യമാണെങ്കിൽ ചേച്ചി എനിക്കുള്ളത് തന്നെയാണ്..കേട്ടിട്ടില്ലേ പ്രണയത്തിനു പ്രായമില്ല.. അതാർക്കും തോന്നാം.. എപ്പോഴും തോന്നാം.. ആരോടും തോന്നാം… സൊ..
ഞാൻ പറഞ്ഞു നിർത്തി.
” സൊ യു ലവ് മി… റൈറ്റ് ..? ”