ഞാനും എന്റെ പെണ്ണും..
കാൾ ഞാൻ കട്ട് ചെയ്തപ്പോൾ ആകെ കിളിപോയി. രമിത ഇനി ഇഷ്ടമാണെന്ന് പറയാൻ ആകുമോ? ഈശ്വര ഇതെന്തു ചതിയാണ്. എന്റെ മുഖഭാവം നോക്കി അപ്പുറത്ത് ഒരാൾ നില്പുണ്ട്, ഇപ്പൊ തിരിച്ചു വിളിക്കുമെന്നും പറഞ്ഞിട്ട്. അവളോട് എന്ത് പറയുമെന്നറിയാതെ ഞാൻ കുഴങ്ങി.
“അർപ്പിത…”
“മറ്റേ കുട്ടിയാണ്, വിളിച്ചത്, കഴിഞ്ഞയാഴ്ച പെണ്ണ് കാണാൻ പോയില്ലേ ….അവൾ”
“എന്നിട്ട് ?”
“അവൾ നാളെ ഇങ്ങോട്ടേക്ക് വരുന്നുണ്ട്, കാണാൻ പറ്റുമോ ചോദിച്ചു.”
“ഏട്ടനെന്തു പറഞ്ഞു..?”
“ഞാൻ പറഞ്ഞു കാണാന്ന്…”
“ഉം …”
“എന്താടി …”
“ഒന്നുല്ല….ചെറിയ തലവേദനപോലെ, രാവിലെ കാണാം …ശെരി ഏട്ടാ”
അവൾ വേഗം കട്ട് ചെയ്തു,
എന്റെ മനസിലുള്ളത് തുറന്നു പറയാനുള്ള ഗാപ് പോലുമവൾ തരാത്തതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇതിപ്പോ എന്തിനാണ് രമിത വിളിച്ചെന്നു ആലോചിച്ചുകൊണ്ട് ഞാൻ പ്രാന്തായി. ഫോണിൽ നോക്കുമ്പോ രമിത വാട്സാപ്പിൽ ഹായ് എന്നും അയച്ചേക്കുന്നു. ഞാനതിനു റിപ്ലൈ ചെയ്യാൻ പോയില്ല. ഫോൺ അപ്പുറത്തേക്കിട്ടുകൊണ്ട് സോഫയിൽ തന്നെ ഞാൻ കിടന്നുറങ്ങി.
ഉച്ചനേരത്തു ഓഫീസിൽ ആനയുടെ തുമ്പിക്കൈക്ക് കളർ കൊടുക്കുമ്പോ രമിത വിളിച്ചു, ഇടപ്പളിയിലെ കോഫി ഷോപ്പിൽ ഉണ്ടെന്നു പറഞ്ഞു. ഞാൻ ബൈക്കുമെടുത്തുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.
“മോഹിത്, ഞാൻ കാണാൻ പറഞ്ഞത്, മറ്റൊന്നും അല്ല. എന്റെ വീട്ടുകാർക്കൊക്കെ തന്നെ ഭയങ്കര ഇഷ്ടമായി, ഇതിലും നല്ല ആലോചനയൊന്നും എനിക്ക് വരില്ല, ഞാൻ എല്ലാം എന്തേലും കരണമൊക്കെ പറഞ്ഞിട്ട് തന്നെ മുടുക്കുകയാണ് എന്നൊക്കെ കുറെ പഴി ഇപ്പൊ എനിക്കുണ്ട്, അതുകൊണ്ട് മോഹിത് ഇത്തവണ എന്നെ ഒന്ന് സഹായിക്കണം, എന്നെ ഇഷ്ടമാണെന്നു മാത്രം എന്റെ വീട്ടുകാർ കോൺടാക്ട് ചെയ്താൽ പറയരുത് ….”