ഞാനും എന്റെ പെണ്ണും..
25 വയസ്സായപ്പോ മുതൽ അമ്മ എന്നെ കെട്ടിക്കാൻ വേണ്ടി ഒരുക്കം കൂട്ടികൊണ്ടിരിക്കയാണ്, കാര്യമെന്തെന്നാൽ 27 വയസ് കഴിഞ്ഞാൽ പിന്നെ മംഗല്യയോഗത്തിനു വീണ്ടും മൂന്നു വർഷം കൂടെ കഴിയണമത്രേ.
എനിക്കിതിലൊന്നും വിശ്വാസമില്ലെങ്കിലും സ്നേഹിക്കാനും കൂട്ടുകൂടാനും ഒരാളെ അമ്മ തന്നെ കണ്ടുപിടിച്ചുതരുമല്ലോ എന്നോർത്ത് ഞാനും അതിനു സമ്മതിച്ചു. പിന്നെ ഇത്രേം കാലമായിട്ടെനിക്ക് ഒരു പെൺകുട്ടിയോട് അങ്ങനെ പറയത്തക്ക ഇഷ്ടമൊന്നും തോന്നിയിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, അത്രക്കും ഒരാളുമായിട്ടും ഞാൻ അറ്റാച്ഡ് ആയിട്ടില്ല എന്നതുകൊണ്ടാണ്.
അമ്മയാദ്യം പെണ്ണിനെ പോയി കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ എന്നോട് ചെന്നു കാണാൻ പറയാവൂ എന്ന് പറഞ്ഞിട്ടുണ്ട്, അമ്മ കഴിഞ്ഞ ആറ് മാസത്തിനിടക്ക് മൂന്നാലുപേരെ ചെന്നു കണ്ടിട്ടുമുണ്ട്, പക്ഷെ എനിക്ക് ചേരുന്ന ആരെയും അമ്മേടെ കണ്ണിൽ കിട്ടിയതുമില്ല. എന്നിരുന്നാലും രണ്ടാഴ്ച കൂടുമ്പോ എന്നെ നിർബന്ധിപ്പിച്ചു ഒറ്റപ്പാലത്തേക്ക് വരുത്തും, വീട്ടിലൊരു കാന്താരി കൂടെയുണ്ട്.. അവളും അമ്മയും മാത്രമാണ് വീട്ടിലെ സ്‌ഥിര താമസക്കാർ, അച്ഛനൊരു പ്രവാസിയാണ്.
ഞാനവിടെ കൊച്ചിയിൽ ഫ്രെണ്ട്സിന്റെ കൂടെ ഹാപ്പിയായി സിംഗിൾ ലൈഫ് ആസ്വദിച്ച് കഴിയുന്ന ഒരു യുവാവാണെന്ന ഒരു പരിഗണനയുമില്ല, എന്റെ അമ്മക്കുട്ടിക്ക്.