നിന്നെ എനിക്ക് വേണം
ദേവനും രേവതിയും അവളുടെ ഭാവിയെ ഓർത്തുകൊണ്ട് മാത്രമാണ്, അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്. അതല്ലെങ്കിൽ എന്നെന്നേക്കുമായി രു കുഞ്ഞിന്റെയൊപ്പം കഴിയുമ്പോൾ അവൾ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ അവളെ വീണ്ടും ആ വിഷാദ യവനികയിലേക്ക് തള്ളിയിട്ടാലോ എന്ന പേടിയുമായിരുന്നിരിക്കാം.
രേവതിയുടെ മനസിലും ചില മാറ്റങ്ങൾ പ്രകടമായിരുന്നു, അവർക്കൊരു മകൻ വേണമെന്നു രമയുടെ ജനനത്തിനു ശേഷമവർ ആഗ്രഹിച്ചിരുന്നു, രമേഷിനെ രേവതി സ്വന്തം മകനെപ്പോലെ നെഞ്ചിൽ ഉറക്കുമ്പോൾ മകൾക്ക് സംഭവിച്ച ആ ദുരന്തം അവരും അവന്റെ തിളക്കമുള്ള മിഴികൾ നോക്കി മറക്കാൻ ശ്രമിക്കുകയായിരുന്നു.
ദേവനും രമേഷിനെ ഒരച്ഛന്റെ വാത്സല്യവും സ്നേഹവും കൊണ്ട് കൊഞ്ചിക്കുന്നത് കാണുമ്പോ രമയുടെ അമ്മമനം വിങ്ങുന്നുണ്ടായിരുന്നു. കാലം തെറ്റിയാണെങ്കിലും അവളുടെ ഉള്ളിൽ ആദ്യമായി പൂത്ത പൂവിനെ അവൾക്കൊന്നു തൊടാൻപോലും രേവതി പലപ്പോഴും സമ്മതിച്ചില്ല, പയ്യെ പയ്യെ രമേഷിൽനിന്നും രമ അകലാനും തുടങ്ങി.
ദൂരെയെങ്ങോ കേഴുന്ന വേഴാമ്പലിനെ പോലെ അവളുടെ ഉള്ളിൽ തീരാത്ത വിങ്ങലുമായാണ് ഓരോ നാളും അവൻ വളരുന്നതവൾ നോക്കിക്കണ്ടത്.
അവനോടു താനാണ് അവന്റെയമ്മയെന്നു പറയാൻ അവൾക്കനുവാദമില്ല. ദേവനും രേവതിയുമവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണു അന്നങ്ങനെ ചെയ്തതെന്ന് അവൾക്ക് പിന്നീടാണ് മനസിലായത്. പക്ഷെ രമേഷിന്റെ മനസ്സിനെ നോവിക്കാൻ തക്കവണ്ണം ഒരു വേദന ഉണരുമ്പോ അദൃശ്യമായ ഇന്നും മുറിയാത്ത ഒരു പൊക്കിൾകൊടിയിലൂടെ അവളുടെ മനസിലേക്ക് ആ വേദനകൾ പത്തിരിട്ടയായി അരിച്ചെത്തുമായിരുന്നു….