നിന്നെ എനിക്ക് വേണം
തനിക്കീ ദുരന്തം അനുഭവിക്കാൻ തന്നുകൊണ്ട് ദൂരെയെവിടെയോ തന്നെ നോക്കി ചിരിക്കുന്ന ക്രൂരനായ ദൈവത്തിനു തന്റെ ഓർമകളെ പറിച്ചു കളയാൻ കഴിയുമെങ്കിൽ എന്ന്, ബെഡിൽ മുഖം പൂഴ്ത്തിയവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
എങ്കിലും പാതി മുറിഞ്ഞ സ്വപ്നങ്ങളിൽ മിക്കപ്പോഴും മഞ്ഞുമൂടിയ ആ താഴ് വരയിലെ ഇരുട്ട് നിറഞ്ഞ മുറികളിലെങ്ങോ പൊട്ടിപ്പോയ അവളുടെ കൈയ്യിലെ കരിവളകൾ, അതിന്റെ മുറിപ്പാടു അവളെ നോവിച്ചുകൊണ്ടിരുന്നു.
ഇരുട്ട് നിറഞ്ഞ ആ മൂന്നു ദിവസത്തെ ഓർമ്മകൾ അവളെത്ര മറക്കാൻ ശ്രമിച്ചെങ്കിലും മനസിന്റെ ഏറ്റവും ആഴങ്ങളിൽ ചെന്ന് പതിഞ്ഞ കുപ്പിച്ചില്ലു പോലെ നോവിച്ചുകൊണ്ടിരുന്നു.
നിസ്സഹായാവസ്‌ഥയിൽ തന്നെ സഹായിക്കാൻ വേണ്ടി കൈപിടിച്ച ഏതോ മനുഷ്യന്റെ കൈകൾ തന്നെ ഇരുട്ട് മുറിയിലടച്ചതും … വിശപ്പും ദാഹവുമറിയാതെ, ആ മുറിയിൽ വാവിട്ടു നിലവിളിച്ചതും, പ്രതീക്ഷയ്‌ക്കൊരു തരിപോലും സഹായിക്കാൻ ആരും വരില്ലെന്ന തോന്നലിൽ തന്റെ ശരീരം തണുത്തു വിറയ്ക്കുമ്പോഴും..ഉറക്കത്തിലെന്നും തന്നെ തേടിയെത്തുന്ന ചെന്നായ്ക്കളുടെ മുരൾച്ചകളും… മൂക്കിലിപ്പോഴും അവശേഷിക്കുന്ന കുത്തുന്ന പോലുള്ള ഏതോ ഗന്ധവും….ഓർമയിൽ പലപ്പോഴും ക്രൂരമായി ചിരിക്കുന്ന ഒരു മൃഗത്തിന്റെ മുഖം, ആ രാവും പകലുമവൾ ശരീരം പിടഞ്ഞുകൊണ്ട് തളരുന്ന വേദനയിലുമവൾ കണ്ടതോർത്തു. പേടിച്ചരണ്ട തന്റെ കണ്മുന്നിലൂടെ പാതിമയക്കത്തിലെപ്പോഴോ തന്നിൽ നിന്നും പറിച്ചെറിയപ്പെടുന്ന വസ്ത്രങ്ങളും, ദേഹത്തെക്കമരുന്ന മൃഗത്തിന്റെ മദ്യഗന്ധവും തികട്ടി വരുന്നതോടെ മുറിപ്പെടുത്തുന്ന ആ രാത്രികളിലെ ഉറക്കവും സ്വപ്നങ്ങളും പോലും അവളെ പുൽകാൻ ഭയന്ന് ഒറ്റയപ്പെടുത്തിയതുകൊണ്ട് തലയിണയിണയിലവൾ മുഖം പൂഴ്ത്തിക്കൊണ്ട് രാത്രിമുഴുവനും കരഞ്ഞു തീർത്തു. അപ്പോഴും അവളുടെ ഉള്ളിൽ ഒരു കുഞ്ഞു തുടിപ്പ് വളരുകയായിരുന്നു.