നിന്നെ എനിക്ക് വേണം
തന്നിലെ ചിരിയും പ്രസരിപ്പും, എന്തിനെന്നറിയാതെ പറിച്ചെടുക്കപെട്ട രമയുടെ മുഖം, ദേവനും രേവതിയും ഒരു നോക്ക് കാണുമ്പോ, ആ സമയം അവളുടെ ജീവനൊഴികെ ബാക്കിയെല്ലാം എടുത്തെറിഞ്ഞപോലെ തോന്നി.
അതുവരെ കണ്ട രമയുടെ വെറും ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…
അവളുടെ ആത്മാവ് ഏതോ കോണിൽ അലറിക്കരയുകയായിരുന്നു, അതിന്റെ പ്രതിഫലനമെന്നോളം കവിളിലൂടെ ഒഴുകിയിറങ്ങുന്ന ചൂടു നീർ മാത്രമായിരുന്നു അവളിലെ ജീവനെ പുറത്തു കാണിച്ചത്.
ഇത്രമേൽ ശപിക്കപ്പെട്ട ജീവിതമെന്നു സ്വയം കരുതാതിരിക്കാനെന്നോണം തീരാ ദുഃഖങ്ങൾ പേറുന്ന അവളെ ദേവനും രേവതിയും പിടിവിട്ടുപോകാതെ നെഞ്ചോടു ചേർത്ത് പിടിച്ചു. ഒന്ന്
കൈവിട്ടുപോയെങ്കിൽ ഭ്രാന്തിയായി മാറിയേക്കാവുന്ന അവസ്‌ഥയിലൂടെയാണ് രമ ആ ദിവസങ്ങളിൽ കഴിഞ്ഞത്.
വെളിച്ചത്തിൽനിന്നും ഇരുളിലേക്ക് പയ്യെ പയ്യെ അവൾ സഞ്ചരിച്ചുകൊണ്ടിരുന്നു. ജീവിതത്തിലേക്കിനി തിരിച്ചു വരവുണ്ടോ എന്നുപോലും ചിന്തിക്കാൻ കഴിയാതെ, രേവതി മകളെയും കെട്ടിപ്പിച്ചുകൊണ്ട് ആ കാറിൽ അവരുടെ വീട്ടിലേക്ക് യാത്രയായി.
അമ്മയുടെയും അച്ഛന്റെയും മുന്നിൽ കരയാൻപോലും കഴിയാതെ, വിങ്ങുന്ന നെഞ്ചുമായി ചുറ്റുമുള്ളത് ഇരുട്ടാണെന്നും വെളിച്ചം തനിക്കിനി പ്രതീക്ഷിക്കാനില്ലെന്നും വിശ്വസിച്ചുകൊണ്ടവൾ ദിക്കറിയാതെ ഒറ്റയ്ക്ക് നടക്കാൻ ആരംഭിച്ചു.