നിന്നെ എനിക്ക് വേണം
ആ വീട്ടിലെ ലാൻഡ്‌ലൈൻ ആ വാർത്ത ആ വീട്ടിലേക്കെത്തിച്ചു. അങ്ങേത്തലക്കലെ സൗമ്യമായ സ്ത്രീ ശബ്ദത്തിനു രേവതിയുടെ നെഞ്ച് പിളർക്കാനുള്ള ശക്തിയുണ്ടായിരുന്നു.
രമ സോഫയിൽ ഇരുന്നുകൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കുമ്പോ കണ്ണുനീർ ഒഴുകുന്നത് കണ്ടതും അവൾ അമ്മയുടെ അടുത്തേക്കോടി.
“എന്താമ്മേ … രമേഷിന്”
എന്ന് ചോദിക്കുമ്പോഴേക്കും കൈകാലുകൾ തളരുന്നപോലെ തോന്നിയ രേവതിയെ രമ വേഗം താങ്ങിപിടിച്ചുകൊണ്ട് സിറ്റി ഹോസ്പിറ്റലിലേക്ക് കാർ ഇരപ്പിച്ചു കൊണ്ട് പായിച്ചു.
ആ സമയം തിരുവനന്തപുരത്തു നിന്നും വരുന്ന ദേവനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ, കോരിച്ചൊരിയുന്ന മഴയിൽ കാർ ഓടിക്കാൻ അവളേറെ ബുദ്ധിമുട്ടി.
വിറയ്ക്കുന്ന കയ്യും തളരുന്ന ശരീരവും മനസ്സുകൊണ്ട് കൈപ്പിടിയിലാക്കി അവൾ കാർ മുന്നോട്ടു പായിച്ചു.
സൈഡ് സീറ്റിൽ മയങ്ങി തളർന്നു കിടക്കുന്ന രേവതി പാതി ബോധത്തിൽ രമേഷിന്റെ പേര് ഉരുവിടുന്നത് കണ്ട രമയുടെ മിഴികൾ സജലങ്ങളായി.
കേട്ട വാർത്ത സത്യമായിരിക്കരുതേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ മുന്നിലേക്ക് വണ്ടി പാർക്ക് ചെയ്തു.
അവളുടെ മുഖത്തെ പരിഭ്രമം കണ്ടു അറ്റെൻഡർമാർ കാര്യമെന്തെന്നു തിരക്കി.
ബോധക്ഷയം വന്ന രേവതിയെ ഹോസ്പിറ്റലിൽ വേഗം അഡ്മിറ്റ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും അവൾക്ക് രമേഷിനെക്കുറിച്ചു അഡ്മിനിസ്ട്രേഷനിൽ വിവരം ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.