നിന്നെ എനിക്ക് വേണം
“Bastard”
ഒരു നിമിഷം കൊണ്ടവന് അത് ചെയ്തതാരാണെന്നു മനസ്സിലായി.
അവന്റെ കൈവിരലുകൾ ബൈക്കിനു മുകളിലൂടെ ഓടിക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.
തൊടുമ്പോൾ പൊള്ളുന്നപോലെ ഹൃദയത്തിന്റെ മിടിപ്പ് കാതിൽ കേൾക്കാം…
ചുറ്റും നോക്കിയ അവനു ഉള്ളിലേക്കരിച്ചെത്തിയ ഒറ്റപ്പെടൽ സഹിക്കാൻ കഴിഞ്ഞില്ല.
ഹെൽമെറ്റ് എടുത്തു വെച്ച് ബൈക്കിൽ കയറുമ്പോഴേക്കും അവൻ വിതുമ്പിപ്പോയിരുന്നു.
ചേച്ചി തനിക്ക് വേണ്ടി അവളുടെ സേവിങ്‌സ് കൂട്ടിയതിൽനിന്നും വാങ്ങിത്തന്ന ബൈക്ക്…
അച്ഛനും അമ്മയും എന്റെ വിഷമം കാണാൻ വയ്യാതെ വാങ്ങിത്തന്ന ബൈക്ക്.
ചിന്തകൾ അമ്പുകളായി അവന്റെ നെഞ്ചിലാഴ്ന്നു, ഇരുട്ട് തൂവിത്തുടങ്ങിയ വഴിവിളക്കുകൾ മിന്നിത്തുടങ്ങിയ റോഡിലൂടെ ബൈക്ക് ഓടിക്കുമ്പോൾ ആദ്യമായി എന്നതുപോലെ അവന്റെ കൈകൾ വിറച്ചു,
കണ്ണിനെ മൂടിയ ജലപടവും ഹൃദയത്തെ തുളച്ച വിങ്ങലും മനസ്സിനെ പിടിച്ചുലച്ച നിമിഷം അവന്റെ കണ്ണിലേക്ക് മുന്നിലെ എതിർവശത്തെ വണ്ടിയുടെ ഹെഡ്ലൈറ്റിൽ നിന്നുള്ള രശ്മികൾ തുളച്ചു കയറി.
“അവനെ കാണുന്നില്ലല്ലോ…ശ്ശെ…
നിനക്ക് അവനെ വിടേണ്ട കാര്യമുണ്ടായിരുന്നോ രമേ….ബാഗ് നാളെ എടുത്താലും പോരെ…”
“അച്ഛനെ വിളിച്ചു നോക്ക് അമ്മെ…ഇനി അവൻ അച്ഛന്റെ കൂടെ എങ്ങാനും ഉണ്ടേലോ…”
ഇരുട്ടിയിട്ടും രമേഷിനെ കാണാത്ത ടെൻഷനിൽ ആയിരുന്നു രമയും രേവതിയും.
പുറത്തു മഴ കോരിച്ചൊരിയുമ്പോൾ രമയുടെയും രേവതിയുടെയും ഉള്ളിലും ഒരു ആശങ്കയുടെ പേമാരി പെയ്യുകയായിരുന്നു.