നിന്നെ എനിക്ക് വേണം
എനിക്ക് വേണം – “അത് എനിക്കൊരു ബൈക്ക് വേണം എന്ന് പറഞ്ഞു. അതിന്റെ കുറച്ചു പ്രശ്നം…”
അവൻ കിട്ടുന്നപോലെ അവളോട് നുണ പറഞ്ഞു.
“എന്നിട്ടിപ്പോൾ പ്രശ്നം മാറിയോ…”
“ആഹ്…”
“അതെങ്ങനെ…”
“എനിക്ക് ബൈക്ക് വാങ്ങിത്തന്നു…”
രമേഷ് പറഞ്ഞത് കേട്ട ജീന ഒന്ന് അതിശയിച്ചു…
“ഏഹ്… ബൈക്ക് വാങ്ങി തന്നെന്നോ…എന്നിട്ടെവിടെ…”
“അവിടെയുണ്ട്….സ്റ്റാൻഡിൽ…”
“എന്നിട്ടാണോ നീ എന്നോട് പറയാഞ്ഞേ…വാ ഇങ്ങോട്ട്…”
അവന്റെ കൈയും പിടിച്ചു വലിച്ചുകൊണ്ടവൾ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ബെൽ മുഴങ്ങുന്നുണ്ടായിരുന്നു.
“പൾസർ 180…ബ്ലാക്ക് കളർ…ഹ്മ്മ്…നൈസ്…”
ബൈക്കിനടുത്തെത്തിയ ജീന, ഒന്ന് ചുറ്റി നോക്കി പറഞ്ഞു.
“വാ…നമുക്ക് ഒന്ന് ചുറ്റിയിട്ട് വരാം.. ”
ബൈക്കിൽ ചാരി അവൾ അവനെ നോക്കി.
“അതിനിപ്പോൾ ബെൽ അടിച്ചില്ലേ… ക്ലാസ്സ് തുടങ്ങും…”
“പിന്നെ.. നീ ആദ്യമായിട്ടല്ലേ കട്ട് ചെയ്യുന്നേ…ഇത് എന്റെ കാൾ എടുക്കാത്തതിന്റെ ശിക്ഷ…കംഓൺ രമേഷ്…”
വിരൽചൂണ്ടി അവൾ വിളിച്ചപ്പോൾ ജിഷ്ണുവോ അഖിലോ അന്നത്തെ സംഭവങ്ങളോ അവന്റെ മനസ്സിൽ വന്നില്ല.
ബൈക്കിൽ ഈസിയായി അവൾ കയറി, അവന്റെ തോളിൽ കൈവെച്ചു അവൾ ഇരുന്നു.
“ഡാ എന്താ ആലോചിക്കുന്നെ.. പോ…”
അവന്റെ തോളിൽ തട്ടി ജീന ഒച്ചയിട്ടു…
“എങ്ങോട്ട് പോണം…?”
“എങ്ങോട്ടു വേണേലും പോവാം നീ ആദ്യം വണ്ടി എടുക്ക്…”
ബൈക്കിൽ അവർ ചുറ്റിപ്പിടിച്ചിരുന്നു പോവുന്നത് കണ്ട ജിഷ്ണുവിന്റെയും അഖിലിന്റെയും ഉള്ളിൽ പക കത്തുകയായിരുന്നു.
“എവിടെ ആയിരുന്നെടാ ചെക്കാ ഇതുവരെ? എത്ര നേരായി കാത്ത് നിക്കണൂ…ഇതിലും ബേധം ഞാൻ ബസിൽ വരണതായിരുന്നു…”
ജീനയുമായി ചുറ്റിയ രമേഷ് തിരിച്ചെത്തിയപ്പോൾ ഒത്തിരി വൈകിയിരുന്നു.
ജീനയെ കോളേജ് എൻട്രൻസിൽ ഇറക്കി അവൻ പായുകയായിരുന്നു, രമയെ പിക്ക് ചെയ്യാനായി.
“നിന്റെ ബാഗ് എന്ത്യെ ചെക്കാ….”
കയറി ഇരുന്നു കഴിഞ്ഞു രമ ചോദിച്ചു.
“അയ്യോ…ഞാൻ മറന്നുപോയി…കോളേജിൽ ഉണ്ട്…”
“എന്താടാ ബാഗ് കോളേജിൽ വച്ച് മറന്നു പോവേ….നിന്നെക്കൊണ്ട് വയ്യല്ലോ…”
“അത് ചേച്ചീ….ഞാൻ പെട്ടെന്ന്….
ഞാൻ ചേച്ചിയെ വീട്ടിൽ ആക്കിയിട്ട് പോയെടുക്കാം…”
അവൻ ബൈക്ക് എടുത്തുകൊണ്ട് പറഞ്ഞു.
രമയെ വീട്ടിലാക്കി. അവൻ കോളേജിലേക്ക് പാഞ്ഞെത്തി.
ഭാഗ്യം കൊണ്ട് ക്ലാസ്റൂം അടച്ചിട്ടുണ്ടായിരുന്നില്ല…
അകത്തു കയറി ബാഗെടുത്തവൻ തിരികെ സ്റ്റാൻഡിലേക്ക് നടന്നു.
ബൈക്കിനടുത്തെത്തിയ അവന്റെ കണ്ണുകൾ ആ കാഴ്ച്ച കണ്ടു പിടഞ്ഞു.
ബൈക്കിലെ പുറം മുഴുവൻ കോറി വരച്ചിരിക്കുന്നു..
അവന്റെ കണ്ണുകൾ ചുറ്റും പരതി..
അവനൊഴികെ അവിടം ശൂന്യമായിരുന്നു.
ബൈക്കിന്റെ ടാങ്കിന് മുകളിൽ കറുപ്പ് പെയിന്റിനെ ഉരിഞ്ഞു മാറ്റിക്കൊണ്ട് തിളങ്ങുന്ന വാക്കുകൾ.
“Bastard”
ഒരു നിമിഷം കൊണ്ടവന് അത് ചെയ്തതാരാണെന്നു മനസ്സിലായി.
അവന്റെ കൈവിരലുകൾ ബൈക്കിനു മുകളിലൂടെ ഓടിക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.
തൊടുമ്പോൾ പൊള്ളുന്നപോലെ ഹൃദയത്തിന്റെ മിടിപ്പ് കാതിൽ കേൾക്കാം…
ചുറ്റും നോക്കിയ അവനു ഉള്ളിലേക്കരിച്ചെത്തിയ ഒറ്റപ്പെടൽ സഹിക്കാൻ കഴിഞ്ഞില്ല.
ഹെൽമെറ്റ് എടുത്തു വെച്ച് ബൈക്കിൽ കയറുമ്പോഴേക്കും അവൻ വിതുമ്പിപ്പോയിരുന്നു.
ചേച്ചി തനിക്ക് വേണ്ടി അവളുടെ സേവിങ്‌സ് കൂട്ടിയതിൽനിന്നും വാങ്ങിത്തന്ന ബൈക്ക്…
അച്ഛനും അമ്മയും എന്റെ വിഷമം കാണാൻ വയ്യാതെ വാങ്ങിത്തന്ന ബൈക്ക്.
ചിന്തകൾ അമ്പുകളായി അവന്റെ നെഞ്ചിലാഴ്ന്നു, ഇരുട്ട് തൂവിത്തുടങ്ങിയ വഴിവിളക്കുകൾ മിന്നിത്തുടങ്ങിയ റോഡിലൂടെ ബൈക്ക് ഓടിക്കുമ്പോൾ ആദ്യമായി എന്നതുപോലെ അവന്റെ കൈകൾ വിറച്ചു,
കണ്ണിനെ മൂടിയ ജലപടവും ഹൃദയത്തെ തുളച്ച വിങ്ങലും മനസ്സിനെ പിടിച്ചുലച്ച നിമിഷം അവന്റെ കണ്ണിലേക്ക് മുന്നിലെ എതിർവശത്തെ വണ്ടിയുടെ ഹെഡ്ലൈറ്റിൽ നിന്നുള്ള രശ്മികൾ തുളച്ചു കയറി.
“അവനെ കാണുന്നില്ലല്ലോ…ശ്ശെ…
നിനക്ക് അവനെ വിടേണ്ട കാര്യമുണ്ടായിരുന്നോ രമേ….ബാഗ് നാളെ എടുത്താലും പോരെ…”
“അച്ഛനെ വിളിച്ചു നോക്ക് അമ്മെ…ഇനി അവൻ അച്ഛന്റെ കൂടെ എങ്ങാനും ഉണ്ടേലോ…”
ഇരുട്ടിയിട്ടും രമേഷിനെ കാണാത്ത ടെൻഷനിൽ ആയിരുന്നു രമയും രേവതിയും.
പുറത്തു മഴ കോരിച്ചൊരിയുമ്പോൾ രമയുടെയും രേവതിയുടെയും ഉള്ളിലും ഒരു ആശങ്കയുടെ പേമാരി പെയ്യുകയായിരുന്നു.
ആ വീട്ടിലെ ലാൻഡ്‌ലൈൻ ആ വാർത്ത ആ വീട്ടിലേക്കെത്തിച്ചു. അങ്ങേത്തലക്കലെ സൗമ്യമായ സ്ത്രീ ശബ്ദത്തിനു രേവതിയുടെ നെഞ്ച് പിളർക്കാനുള്ള ശക്തിയുണ്ടായിരുന്നു.
രമ സോഫയിൽ ഇരുന്നുകൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കുമ്പോ കണ്ണുനീർ ഒഴുകുന്നത് കണ്ടതും അവൾ അമ്മയുടെ അടുത്തേക്കോടി.
“എന്താമ്മേ … രമേഷിന്”
എന്ന് ചോദിക്കുമ്പോഴേക്കും കൈകാലുകൾ തളരുന്നപോലെ തോന്നിയ രേവതിയെ രമ വേഗം താങ്ങിപിടിച്ചുകൊണ്ട് സിറ്റി ഹോസ്പിറ്റലിലേക്ക് കാർ ഇരപ്പിച്ചു കൊണ്ട് പായിച്ചു.
ആ സമയം തിരുവനന്തപുരത്തു നിന്നും വരുന്ന ദേവനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ, കോരിച്ചൊരിയുന്ന മഴയിൽ കാർ ഓടിക്കാൻ അവളേറെ ബുദ്ധിമുട്ടി.
വിറയ്ക്കുന്ന കയ്യും തളരുന്ന ശരീരവും മനസ്സുകൊണ്ട് കൈപ്പിടിയിലാക്കി അവൾ കാർ മുന്നോട്ടു പായിച്ചു.
സൈഡ് സീറ്റിൽ മയങ്ങി തളർന്നു കിടക്കുന്ന രേവതി പാതി ബോധത്തിൽ രമേഷിന്റെ പേര് ഉരുവിടുന്നത് കണ്ട രമയുടെ മിഴികൾ സജലങ്ങളായി.
കേട്ട വാർത്ത സത്യമായിരിക്കരുതേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ മുന്നിലേക്ക് വണ്ടി പാർക്ക് ചെയ്തു.
അവളുടെ മുഖത്തെ പരിഭ്രമം കണ്ടു അറ്റെൻഡർമാർ കാര്യമെന്തെന്നു തിരക്കി.
ബോധക്ഷയം വന്ന രേവതിയെ ഹോസ്പിറ്റലിൽ വേഗം അഡ്മിറ്റ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും അവൾക്ക് രമേഷിനെക്കുറിച്ചു അഡ്മിനിസ്ട്രേഷനിൽ വിവരം ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
മനസ്സിൽ പ്രാർഥിച്ചുകൊണ്ടവൾ റിസപ്‌ഷനിലെ പെൺകുട്ടിയോട് ചോദിച്ചു.
“ര… രമേഷ്…” പറയാൻ ശ്രമിക്കുമ്പോൾ അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. അവൾ അത് കാര്യമാക്കാതെ തലയുയർത്തി തന്റെ മുഖത്തേക്ക് നോക്കുന്ന പെൺകുട്ടിയോട് വീണ്ടും ചോദിച്ചു.
“ രമേഷ് എന്നൊരു കുട്ടിയെ….ഇപ്പൊ ആക്സിഡന്റ് ആയിട്ട്, അഡ്മിറ്റ് ചെയ്തൂന്ന് വിളിച്ചു പറഞ്ഞിരുന്നു …”
“ആ രമേഷ്, കോളേജ് സ്റ്റുഡന്റ് അല്ലെ.
ബൈക്ക് ആക്സിഡന്റ് ആയിരുന്നു, 2nd ഫ്‌ളോറിലാണ്, രമ എന്നല്ലേ പേര് പറഞ്ഞത്…ആരാണ് രമേഷിന്റെ …?”
“ .ചേച്ചിയാ…..ഞാൻ”
ആ ഒരു നിമിഷത്തിൽ മനസിന്റെ പിടച്ചിലിൽ, എന്താണ് പറയേണ്ടതെന്നറിയാതെയവൾ ആശയകുഴപ്പത്തിലേക്ക് വഴുതിയെങ്കിലും, സ്വയം നിയന്ത്രിച്ചുകൊണ്ട് ചേച്ചിയെന്ന് പറഞ്ഞു.
“ഇവിടെയൊരു സൈൻ ചെയ്തോളൂട്ടോ…head enjury ആണ്…വലം കൈക്കും ചെറിയ പൊട്ടലുണ്ട് , മൈനർ ഓപ്പറേഷൻ വേണം. ”
റിസിപ്ഷനിൽ നീല സാരിയുടുത്ത കുട്ടിയുടെ ഒരോ വാക്കുമവളുടെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് ചുടു ചോര കണ്ണിലൂടെ കവിൾത്തടത്തിലേക്കൊഴുകിയിറങ്ങി.ശ്വാസം കിട്ടാതെയവൾ കണ്ണുകൾ ഇറുകെയടച്ചുകൊണ്ട് കൈകൊണ്ട് സപ്പോർട്ടിനായി മുൻപിലെ ടേബിളിൽ പിടിച്ചു….
“രേവതിയുടെ കൂടെ വന്നവർ ആരേലുമുണ്ടോ ? ആൾക്ക് ബോധം വന്നിട്ടുണ്ട്…. ആരേലുമുണ്ടോ…”
കണ്ണീരു സാരിത്തുമ്പുകൊണ്ടു തുടച്ചവൾ വേഗത്തിൽ ഫസ്റ്റ് ഫ്‌ളോറിലെ അറ്റത്തുള്ള മുറി ലക്ഷ്യമാക്കി നടന്നു.
“അമ്മെ … രാജേഷ്…”
“മോനെ ..”
അവർ ശ്വാസം പൊട്ടുന്നപോലെ നിലവിളിച്ചു. അടുത്ത് നിന്ന ലേഡി ഡോക്ടർ, പെട്ടെന്ന് ഞെട്ടി ആരിച്ചുകൊണ്ട് രേവതിക്ക് നേരെ തിരിഞ്ഞു.
“അയ്യോ…ഇങ്ങനെ കരയേണ്ട.. കൂടുതലൊന്നും പറ്റിയിട്ടില്ല.. രമേഷിനു ചെറിയ ഒരു ഓപ്പറേഷൻ നടക്കുകയാണ്, അത് കഴിഞ്ഞു നിങ്ങൾക്ക് കാണാം, ഞാൻ തന്നെ അമ്മെ കൊണ്ടുപോയി രമേഷിനെ കാണിക്കാം….കേട്ടോ.”
രേവതിയുടെ തലയിൽ തഴുകി ആശ്വസിപ്പിക്കാനെന്നവണ്ണം ഡോക്ടർ അത് പറഞ്ഞപ്പോൾ വിതുമ്പലടക്കിക്കൊണ്ട് അവർ ഭിത്തിയിൽ ചാരി നിറകണ്ണുകളോടെ നിന്ന രമയെ നോക്കി…
“പേടിക്കാനൊന്നുമില്ല, കൃത്യ സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാൻ
കഴിഞ്ഞതുകൊണ്ട് ബ്ലഡ് അധികമൊന്നും പോയിട്ടില്ല…”
രമയോടും രേവതിയോടും ഡോക്ടർ പറഞ്ഞു.
“എനിക്കെന്റെ മോനെയൊന്നു കാണണം ….ഇപ്പോ..”
വീണ്ടും രേവതി കരഞ്ഞു.
“ഒപ്പേറഷൻ കഴിഞ്ഞാൽ കാണാം ട്ടോ …ഞാൻ ചെക്ക് ചെയ്തിട്ടിപ്പോ വരാം….താൻ മകൾ അല്ലെ, കൂടെയുണ്ടാവണം…അമ്മയ്ക്ക് ഒന്നുടെ ഉറങ്ങിയെണീറ്റാ …റിലീവ് ചെയ്യാം കേട്ടോ..ഉറങ്ങിക്കോളൂ….”
രേവതിയുടെ കൈ പിടിച്ചുകൊണ്ട് അമ്മയ്ക്ക് ശക്തിയേകുമ്പോഴും…. രയുടെ മനസ്സിൽ ഇരുട്ട് മൂടിയിരുന്നു… ആരും തുണയില്ലാതെയവൾ കസേരയിൽ ചാരിയിരിക്കുമ്പോ, പതിയെ പതിയെ ഓർമ്മകളവളെ പിറകിലേക്ക് നയിച്ചു… [ തുടരും ]