നിന്നെ എനിക്ക് വേണം
“ഏയ്…എനിക്ക് ടെൻഷൻ ഒന്നൂല്ല…”
പറയുന്നതിനൊപ്പം രമേഷ് മുഖത്തൊരു ചിരി വരുത്തി.
“ഡാ…ടെൻഷൻ ഒന്നും വേണ്ടാട്ടോ….ഇപ്പോൾ പഴേ സ്കൂൾ കുട്ടിയൊന്നുമല്ല.. ഒത്ത ചെക്കനായി…
അച്ഛൻ ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന പോലെ എന്നെ നോക്കേണ്ട പ്രായം ഒക്കെ ആയി…അതോണ്ട് കുറച്ചു തന്റേടം ഒക്കെ ആവാട്ടോ…”
അവന്റെ കയിൽ കൊരുത്തു രമ അവന്റെ തോളിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.
എന്നോ തേച്ചു വച്ച പെയ്‌ന്റിന്റെ അവശിഷ്ടം പറ്റിപ്പിടിച്ചിരുന്ന കാലപ്പഴക്കം കൊണ്ട് ഒന്ന് ഇടിഞ്ഞു താഴ്ന്ന ബസ് സ്റ്റോപ്പിന്റെ ഓരത്തായി അവർ നിന്നു.
അവന്റെ കയ്യും കൊരുത്തു അവനോടു മിണ്ടിയും പറഞ്ഞു നിൽക്കുന്ന മമയിൽ ആയിരുന്നു സ്റ്റോപ്പിലെ ആണുങ്ങളുടെ കണ്ണ്,
അത് കണ്ട രമേഷ് അവളെ തന്റെ മറയിലേക്ക് നിർത്തി.
അതോടെ കൂർത്ത കണ്ണുകൾ ദർശന സുഖം തേടി മറ്റു തരുണികളിലേക്ക് യാത്രയായി.
കോളേജിലേക്കും സ്കൂളിലേക്കും ജോലിക്കും പോവാനായി ഒട്ടൊരു തിരക്ക് സ്റ്റോപ്പിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നതിനാൽ, കാഴ്ചയ്ക്ക് അവർക്ക് പഞ്ഞമുണ്ടായിരുന്നില്ല.
കോളേജ് പ്രായം തോന്നിച്ച ചില സുന്ദരികളുടെ കണ്ണേറ് ഇടയ്ക്കിടെ രമേഷിലേക്കും നീളുന്നുണ്ടായിരുന്നു, അവൻ അത് കണ്ടില്ലെങ്കിലും ഇടംകണ്ണുകൊണ്ട് രമയത് കണ്ടു ചിരിച്ചു.
അല്പം കഴിഞ്ഞതും രമയുടെ ബാങ്ക് വഴി പോവുന്ന ബസ് വന്നപ്പോൾ അവൾ കയറി…
മുകളിലെ കമ്പിയിൽ പിടിച്ചു നിന്ന് തല ജനലിലേക്ക് നീട്ടി രമേഷിനവൾ കൈകാട്ടി.