നിന്നെ എനിക്ക് വേണം
മുറിയിൽ തുണികൾ മടക്കുകയായിരുന്ന രേവതിയുടെ അടുത്തെത്തി രമ പറഞ്ഞു.
“അതെന്തിനാ കാലത്തേ തന്നെ പോണേ…രണ്ടീസം നമ്മൾ ഇവിടെ നിക്കാൻ വന്നതല്ലേ…”
രേവതി തുണി മടക്കുന്നതിനൊപ്പം മറുപടി കൊടുത്തു.
“എങ്കിൽ നിങ്ങൾ രണ്ടുപേരും രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതി, ഞാനും രമേഷും നാളെ രാവിലെ പോവും…..
…അമ്മ അച്ഛനോട് പറഞ്ഞേക്ക്…”
മറുപടിക്ക് കാത്തു നിൽക്കാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ രമയുടെ കയ്യിൽ പിടിച്ചുകൊണ്ട് രേവതി കണ്ണ് കാട്ടി.
“എന്താടി…എന്താ ഇപ്പോൾ പ്രശ്നം…”
“പ്രശ്നം ഒന്നുമില്ല.. ഞാനും രമേഷും നാളെ രാവിലെ ഇവിടുന്നു പോവും…
അവനെ അങ്ങനെ ഇഷ്ടമില്ലാത്ത ഇടത്ത് ഞാനും വേണ്ട…”
കൈ വിടീച്ചു രമ രേവതിയെ നോക്കി പറഞ്ഞു. അതോടെ പന്തികേട് തോന്നിയ രേവതി രമയെ കട്ടിലിൽ പിടിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തല്ലിയതൊന്നും രമ മനഃപൂർവ്വം പറഞ്ഞില്ല.
“ഈ…വിമല…
നിനക്ക് അവളുടെ സ്വഭാവം ഓക്കേ അറിയുന്നതല്ലേ രമേ…
ഉള്ളിൽ നിറയെ ദുഷിപ്പ് മാത്രാ…
രമേഷ് എന്നിട്ട് എന്ത് പറഞ്ഞു.”
“എന്ത് പറയാൻ അവന് ആദ്യായിട്ടൊന്നും അല്ലല്ലോ…
എങ്കിലും അവന്റെ ഉള്ളു നീറുന്നത് ഞാൻ കണ്ടതാ…
അതോണ്ട് ഇനീം ഒളിഞ്ഞും മറിഞ്ഞും കുത്തു വാക്കു കേൾപ്പിക്കാനും കേൾക്കാനും അവനെ ഞാൻ ഇനി ഇവിടെ നിർത്തില്ല….അമ്മ അച്ഛൻ വരുമ്പോൾ പറഞ്ഞാൽ മതി.”