നിന്നെ എനിക്ക് വേണം
“ശ്രീയേട്ടനേം രാഹുലിനേം പോലെ അല്ലെ അവനും പിന്നെന്താ…”
“എന്നെക്കൊണ്ട് കൂടുതൽ ഒന്നും നീ പറയിക്കരുത്… അവനോട് കൂടണ്ട എന്ന് പറഞ്ഞാൽ കൂടണ്ട…
എനിക്കണേൽ അവനെ കാണുന്നതെ ഇഷ്ടമല്ല പിന്നെ വേറെ വഴി ഇല്ലാത്തതുകൊണ്ട് കടിച്ചുപിടിച്ചു നിക്കുന്നതാ അതിനിടയിൽ കൂടിയാ ഇങ്ങനൊരൊന്നും…”
വിമല പല്ലു ഞെരിച്ചുകൊണ്ട് പറയുന്നത് കേട്ട രമയുടെ ഉള്ളു പൊടിഞ്ഞു.
അവർ അവിടുന്ന് മാറിയതും രമ രമേഷിനെ തേടി തൊടിയിലേക്ക് പോയി.
തോപ്പിലും മറ്റും തേടി, കാണാതെ അവൾ കുളക്കരയിൽ എത്തിയപ്പോൾ പടവിൽ കുളത്തിലേക്ക് കണ്ണും നട്ടു ഇരിക്കുന്ന അവനെ കണ്ടു.
പടവുകൾ ഇറങ്ങി അവൾ അവനടുത്തേക്ക് ഇറങ്ങിച്ചെന്നു.
“ചേച്ചിയുടെ ജോലി ഒക്കെ കഴിഞ്ഞോ…”
തിരിഞ്ഞു നോക്കാതെ അവൻ ചോദിച്ചത് കേട്ട രമ ഒന്ന് അമ്പരന്നു. പിന്നെ പടവിറങ്ങി അവനിരുന്ന പടവിൽ അവനോടൊപ്പം ചേർന്നിരുന്നു, അവന്റെ കയ്യിനെ ചുറ്റിപ്പിടിച്ചു അവന്റെ തോളിൽ തല ചായ്ച്ചു.
“ഞാനാ വന്നേന്ന് നിനക്കെങ്ങനെ മനസ്സിലായി…”
“എന്നെ അന്വേഷിച്ചു ഇവിടെ വേറെ ആരും വരാനില്ലല്ലോ…”
അവന്റെ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു. അവൻ തറവാട്ടിൽ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ നീറ്റൽ…
അത് അവളിലേക്കും വാക്കുകളിലൂടെ അവൻ പകർന്നപ്പോൾ അവളുടെ ഉള്ളും വിങ്ങി.
അവന്റെ മുഖത്തെ പാട് ശ്രദ്ധിച്ച രമ കവിളിൽ പിടിച്ചു തന്റെ നേരെ തിരിച്ചതും, അവന്റെ സജലങ്ങളായ മിഴികൾ കണ്ടവളുടെ ഉള്ളു നീറി.