നിന്നെ എനിക്ക് വേണം
രാവിലെ അമ്പലത്തിൽ നിന്നും കാറ്റിലൂടെ ഒഴുകുന്ന ശിവ പ്രാർഥന കേട്ടുകൊണ്ട് രേവതി കണ്ണ് തുറന്നു.
മുടി മാടിക്കെട്ടി തോർത്തും എടുത്തുകൊണ്ടവർ കുളിക്കാൻ കയറി. അറ്റാച്ഡ് ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞു സാരിയുടുത്തു മുറിയിലേക്ക് തിരികെ കയറുമ്പോ ദേവൻ പതിയെ കട്ടിലിൽ ചാരിയിരുന്നു.
“ഇന്നെന്തേ നേരത്തെ എണീറ്റെ ….” ദേവനോട് രേവതി ചോദിച്ചപ്പോൾ,
“അറിയില്ല, എന്തോ ഒരു ദുഃസ്വപ്നം കണ്ടു, പിന്നെ അങ്ങോട്ട് ഉറക്കം ശെരിയായില്ല….” എന്നദ്ദേഹം പറഞ്ഞു.
“രമയെ കുറിച്ചോർത്താണോ … ”
അവ്യക്തമായി മൂളികൊണ്ട്, പ്രായാധിക്യവും ചെറിയ അസുഖങ്ങളും കൊണ്ടാവാം എന്ന് സമാധാനിച്ചു നെടുവീർപ്പിട്ടു, അദ്ദേഹം എണീറ്റ് ബ്രഷ് ചെയ്തു ഹാളിലേക്ക് വന്നു, ന്യൂസ് പേപ്പർ വിടർത്തി.
രേവതി അടുക്കളയിൽ നിന്നും കാപ്പിയെടുത്തു വന്നു.
“നമ്മളും കൂടെ പോയാൽ….. രമയെ നീ പറഞ്ഞു സമ്മതിപ്പിക്കണം രേവതി. രമേഷ് വളരുകയാണ്, അവനൊരു വിവാഹം കഴിഞ്ഞാൽ പിന്നെ രമ? അവൾ തനിച്ചാകില്ലേ….അതെ കുറിച്ചാണ് ഇപ്പൊ എന്റെ ആധി മുഴുവനും ….”
“അതിനെക്കുറിച്ച് തന്നെയാലോചിച്ചു കിടന്നത് കൊണ്ടാണ് ….എനിക്കറിയാം.” രേവതി കാപ്പി കൊടുത്തുകൊണ്ട് ദേവന്റെ അടുത്തിരുന്നു.
“അവളെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കാതെ ….തനിച്ചാവുന്നത് ചിലപ്പോ… അവളുടെ അന്നത്തെ ഓർമകളെ അവൾ വീണ്ടും ഓർക്കാനും ചിലപ്പോ കാരണമാകുമോ എന്നൊക്കെ ഞാൻ പേടിക്കുന്നുണ്ട് …. ശെരിയാണ് പ്രായം കൂടുതൽ ആകുന്നത് ഒക്കെയാവാം …എന്നാലും …..”