നമുക്കൊരു കളി കളിക്കാം
ഡ്രാക്കുള എന്നോട് എന്തോ ചോദിച്ചു. പക്ഷെ എനിക്ക് ഒന്നും കേൾക്കാൻ പാടില്ലായിരുന്നു. ഞാൻ ‘ഇല്ലെന്ന് വെറുതെ തലയാട്ടി, അയാൾ വീണ്ടും എന്തോ ചോദിച്ചു. ഞാൻ വെറുതെ അയാളെ പകച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ആദ്യത്തെ ചൂരൽ കൊണ്ടുള്ള അടിക്ക് തന്നെ എന്റെ അടഞ്ഞിരുന്ന ചെവി തുറന്നു. ഇപ്പോൾ എല്ലാം കേൾക്കാമായിരുന്നു. ആദ്യത്തെ അടി വീണത് എന്റെ കൈത്തണ്ടയിലാണ്.
ഞാൻ നോക്കിയപ്പോൾ അടികൊണ്ട പാടിൽ നിന്നും ചോര പൊടിയുന്നു. ആദ്യത്തെ അടിയുടെ സുഖം തീരുന്നതിന് മുൻപു തന്നെ രണ്ടാമത്തെ അടിയും കൊണ്ടു, ഞാൻ ചുറ്റും നോക്കി, രശ്മി തന്റെ കണ്ണുകൾ പൊത്തി നിൽക്കുന്നുണ്ട്, മറ്റെല്ലാവരും ആകെ വിഷമിച്ച് നിൽക്കുന്നത് പോലെ, പക്ഷെ ആകെ അനുപമയുടെ മുഖത്ത് മാത്രം ഒരു പുഞ്ചിരി, അവളുടെ മുഖഭാവം കണ്ട് എനിക്ക് അരിശം വന്നു.
അത്യാവശ്യം അടി തന്ന് ഡ്രാക്കുള വിട പറഞ്ഞു. ഒരുത്തന്നെ തല്ലാൻ കിട്ടിയതിന്റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു. ഞാൻ അപ്പോഴും ഒരു തരിപ്പിലായിരുന്നു. മേലാകെ ഒരു ചൂട്ടുനീറ്റൽ, കൈ തണ്ടയിൽ നിന്നും ചോര പൊടിയുന്നുണ്ട്, കാലിന്റെ തുടകളുടെ സ്ഥിതിയും അതുതന്നെ ആയിരിക്കും. പാൻറുള്ളതു കൊണ്ട് ഒന്നും അറിയാൻ പറ്റുന്നില്ല. ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ച് എന്റെ സീറ്റിൽ കൊണ്ട് ചെന്നിരുത്തി എന്റെ അവസ്ഥ കണ്ട സഹിക്ക വയ്യാതെ രശ്മി വന്ന് എന്നെ സമാധാനിപ്പിച്ചു.