രാജൻ അതെന്താണെന്നറിയാൻ കാതോർത്തു.
‘ഇരിക്ക്.’ അമ്മുക്കുട്ടി പറഞ്ഞു. രാജൻ ഇരുന്നു. അമ്മുക്കുട്ടി കഥ പറയാൻ തുടങ്ങി. മഹാമനസ്കരുടെ കപടതയുടെയും ഭർത്താവ് നഷ്ടപ്പെട്ട ഒരു വിധവയുടെ കഷ്ടപ്പാടുകളുടെയും കഥയാണ് രാജൻ കേട്ടത്. പലരുടെയും സഹായത്തിന്റെ പുറകിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ചായക്കടയിൽ സ്ഥിരം പറ്റുപിടിക്കാരായവരിൽ ഭൂരിപക്ഷവും അമ്മുക്കുട്ടിയെന്ന ചരക്കിനെ പ്രതീക്ഷിച്ചെത്തിയവരായിരുന്നു, അതും ചക്കാത്തില്. അതു കിട്ടാതായപ്പോൾ അവരുടെ വിധംമാറി. പരദൂഷണം ഒരു വിനോദമാക്കി. ഇതെല്ലാം കേട്ട് സഹികെട്ട് മൂത്തമകൻ വീട്ടിൽ നിന്നും ഒളിച്ചോടിപ്പോയി. ചായക്കടയിൽ ബിസിനസ് കുറഞ്ഞു. ലോൺ തിരിച്ചടക്കാൻ പോലും പറ്റില്ലെന്നായി. രണ്ടു പെണ്ണുങ്ങളും അമ്മുക്കുട്ടിയും. എങ്ങനെ പൊരുതാനാണ്.
‘അവരുടെ ഇംഗിതത്തിന് വഴങ്ങിയോലോ എന്ന് പല തവണ ആലോചിച്ചതാണ്.’ അമ്മുക്കുട്ടി പറഞ്ഞു. ‘കാശിന്റെ വിഷമങ്ങളെല്ലാം അതോടേ മാറിയേനെ.’
‘എന്നിട്ട്.’ രാജന് ചോദിച്ചു.
അപ്പോൾ അമ്മുക്കുട്ടി ആ നാട്ടില് വരുന്നതിന് മുമ്പത്തെ വേറൊരു കഥ പറഞ്ഞു. അവരുടെ ഡ്രൈവർ ഭർത്താവ് ചെന്നിടപെടാത്ത വഴക്കും വയ്യാവേലിയും ഇല്ലായിരുന്നു അവരുടെ നാട്ടില്. പോലീസ് സ്റ്റേഷനിൽ കേറിയിറങ്ങുന്നത് ഒരു സ്ഥിരം ചടങ്ങായിരുന്നു. കൊടുക്കാൻ കൈക്കുലി ഇല്ലാത്തവൻ അവരാവശ്യപ്പെടുന്നത് കൊടുക്കും. മിക്കവാറും അവളായിരിക്കും കൊടുക്കപ്പെടുക. ഒരിക്കൽ കൊടുത്തുപോയാൽ മേടിക്കാൻ ഇഷ്ടംപോലെ ആളായി. ഇൻസ്പെക്റ്ററും തഹസീല്ദാറും മുതല് ചില്ലറപ്പോലീസും പ്യൂണും വരെ കടപ്പാടുകളുടെയും നിയമത്തിന്റെയും വലകള് കെട്ടി. അവസാനം മടുത്ത് അവൾ ഒരു കുപ്പി വിഷം മേടിച്ചു ഭർത്താവിനോട് പറഞ്ഞു “ഒരിക്കൽക്കൂടി എന്നെ ഇങ്ങനെ ബലികൊടുത്താൽ ഞാനിതു കഴിക്കും”. ഭർത്താവ് സമ്മതിച്ചു. പക്ഷേ നാട്ടുകാർ സ്വസ്തമായി ജീവിക്കാൻ സമ്മതിക്കണ്ടേ. അവസാനം പുതിയൊരു ജീവിതം തുടങ്ങാനായി നാടുവിട്ടു. അങ്ങനെയാണ് ഈ നാട്ടിലെത്തിയത്. |
ഇനി ഇവിടെയും നാട്ടുകാരുടെ വെപ്പാട്ടിയാകുന്നതിലും ഭേദം മരിക്കുകയാണ്. ഒരു രാത്രി ഒരാളുടെ ബാദ്ധ്യത തീർത്താൽ ആയിരം ബാദ്ധ്യതകൾ അന്നുരാത്രി തന്നെ പൊട്ടിമുളക്കും’.
അമ്മുക്കുട്ടി പറഞ്ഞു നിർത്തി.
രാജൻ എഴുന്നേറ്റു. കൊടുക്കാനായി കയ്യിൽ കരുതിയിരുന്ന കാശ് അമ്മുക്കുട്ടിയുടെ കയ്യില് വച്ചു അമർത്തിയിട്ട് പെട്ടെന്നിറങ്ങിപ്പോയി.
പിന്നെ കുറെ നാളത്തേക്ക് അമ്മുക്കുട്ടിയുടെ വീടിന്റെ മുമ്പില് കൂടിയുള്ള പോക്ക് നിർത്തി. പക്ഷേ അമ്മുക്കുട്ടി അവന്റെ ഹൃദയത്തിൽ നിന്നും മാഞ്ഞില്ല. അമ്മുക്കുട്ടിയുടെ ചരിത്രത്തിൽ നിന്നും ഒരു കാര്യം പിന്നീടവന് ബോദ്ധ്യമായി. അമ്മുക്കുട്ടി തന്റെ ശരീരം വില്ക്കാത്തത് ഏതോ പഴഞ്ചൻ ധാര്മ്മിക വിശ്വാസങ്ങൾ കാരണമല്ല, പക്ഷെ വളരെ പ്രായോഗികമായ കാരണങ്ങൾ കൊണ്ടാണ്. ബാദ്ധ്യതകൾ തീർക്കാനായി ആ പണി തുടങ്ങിയാൽ നാട്ടുകാർ ബാദ്ധ്യത ചമഞ്ഞ് വെറുതെ തിന്നാനിറങ്ങും. അന്തസ്സായി കാശുകൊടുക്കാൻ തയ്യാറാണെങ്കിൽ അവളതിന് എതിരു പറയില്ല എന്നായിരുന്നു രാജന്റെ നിഗമനം.
അടുത്ത പേജിൽ തുടരുന്നു.