അവൻ വിവശനായ മുഖത്തോടെ പതിയെ പിറുപിറുത്തു – അത് അവൾക്ക് മാത്രം കേൾക്കാവുന്ന സ്വരത്തിലായിരുന്നു.
‘അതായാലും മതി.’
അവൻ കരുതി അത് അവൾ കൈയ്യിലെടുത്ത് തരും എന്ന്! അല്ലെങ്കിൽ അത് കടിച്ച് പൊട്ടിച്ച് തിന്നും എന്ന്. അവളുടെ എപ്പോഴും ശ്യാമിനോടുള്ള ആൾറ്റിറ്റിയൂഡ് ആ രീതിയിലായിരുന്നു.
ഇത് രണ്ടുമല്ല സംഭവിച്ചത്, അവൾ അവന്റെ അടുത്തേയ്ക്ക് വന്നു. തലയിണയുടെ ഇരുവശത്തും കൈകൾ കുത്തി, മുഖം താഴേയ്ക്ക് താഴ്ത്തി. മിഠായി പഴയതു പോലെ പല്ലുകൊണ്ട് കടിച്ചു പിടിച്ചു. ശ്യാം എന്ത് ചെയ്യണം എന്നറിയാതെ അന്ധാളിച്ച് അവളെ തന്നെ നോക്കി, അടുത്ത നിമിഷം അവൻ വാ തുറന്നു.
അവൾ കുറച്ചു കൂടി കുനിഞ്ഞ് ചുണ്ടിൽ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ ആ മിഠായി അവന്റെ വായിലേയ്ക്ക് ഇട്ടു കൊടുത്തു. അതിനുശേഷം ഒരു ചെറിയ തന്റേടഭാവത്തോടെ അവനെ വീണ്ടും വീണ്ടും നോക്കി പതിയെ തിരിഞ്ഞു നടന്നു. ആ നോട്ടം അവന്റെ കണ്ണുകൾക്കുള്ളിലായിരുന്നു.!! ഒരു ചിരി അപ്പോഴും ആ മുഖത്തുണ്ടായിരുന്നു.
അവളുടെ ഉമിനീർ പറ്റിയ മിഠായി അവൻ നുണഞ്ഞു കൊണ്ട് സ്തംഭാവസ്ഥയിൽ ആ കിടപ്പുകിടന്നുപോയി.
ആ ഒരു സംഭവത്തോടെ അവർ തമ്മിൽ കുടുംബപരമായ ബന്ധങ്ങൾ ഒന്നും അവൾ കാണുന്നില്ല എന്ന മെസേജാണ് മറ്റൊരു ഭാഷയിൽ നൽകിയത് എന്ന് ശ്യാമിന് തോന്നി.