‘പായിപ്പാട്ടാറ്റിൽ വള്ളം കളി..’ എന്നു തുടങ്ങുന്ന ഗാനം ആണെന്നാണ് ഓർമ്മ ( തരംഗിണിയുടെ കാസറ്റ് ആണ്, തപ്പിയാൽ അത് ഏതാണെന്ന് കിട്ടും )
അന്നത്തെ കാലത്ത് പ്യാരീസിന്റെ ഓറഞ്ചിന്റെ ടേസ്റ്റുള്ള ഉരുണ്ട ഒരു മിഠായി ഉണ്ടായിരുന്നു. ( ഇന്നും അത് ഉണ്ട് കെട്ടോ ) അത് ഒരെണ്ണം വായിലിട്ടുകൊണ്ട് കവിത ആ മുറിയിലേയ്ക്ക് വന്നു. മറ്റാരും അവിടെ ഇല്ലായിരുന്നു.
ശ്യാം തലയുയർത്തി നോക്കിയപ്പോൾ കവിത മിഠായി നുണയുന്നു. ശ്യാം ചോദിച്ചു.
‘എന്താ വായിൽ?’
‘മിഠായി’ അവൾ പറഞ്ഞു.
‘ഇനിയുണ്ടോ?’
‘അയ്യോ ഇല്ലല്ലോ?’
ശ്യാം സങ്കടഭാവത്തിൽ ഒന്ന് കടാക്ഷിച്ചു.
സത്യത്തിൽ ശ്യാം മിഠായി തിന്നാറേ ഇല്ല. ഇത് കവിതയോടുള്ള സൊള്ളലിന്റെ രസത്തിന് ചോദിച്ചതാണ്.
ശ്യാം ഒന്നും പറയാതെ വെറുതെ കവിതയെ അവൾ മിഠായി തിന്നുമ്പോൾ കവിളുകൾ ചലിക്കുന്നതും, ചുണ്ടുകൾ ചുരുങ്ങുന്നതും കൗതുകത്തോടെ നോക്കിയപ്പോൾ അവൾ ചോദിച്ചു.
‘മിഠായി വേണോ?’ ചെറിയ ഒരു കുസൃതി ആ മുഖത്തുണ്ടായിരുന്നു..
ശ്യാം കരുതി വേറെ കൈയ്യിൽ കാണും, ‘ഇല്ല’ എന്ന് നുണ പറഞ്ഞതായിരിക്കും എന്ന്.
അവൻ പറഞ്ഞു ‘ഉണ്ടെങ്കിൽ താ’
അവൾ വായിൽ കിടന്ന മിഠായി പല്ലുകൊണ്ട് കടിച്ച്, ചുണ്ടുകൾ വിടർത്തി കാണിച്ചു. എന്നിട്ട് ചോദിച്ചു.
‘ഇത് മതിയോ?’
ശ്യാമിന്റെ ഉള്ളിലൂടെ ഒരു കറന്റ് പാസ് ആകുന്നതു പോലെ തോന്നി..