ശ്യാം ആ രംഗത്തു നിന്നും വലിഞ്ഞു. എപ്പോഴോ പിന്നെ കവിതയെ കണ്ടപ്പോൾ അവൾക്ക് ഒരു ഭാവവ്യത്യാസവുമില്ല. ശ്യാമിന് കവിതയോട് സഹതാപം തോന്നി.
അടുത്ത ദിവസം ചാമ്പങ്ങാ പറിച്ചു കൊടുക്കുമ്പോൾ ; – നിലത്ത് ചരലിൽ വീണ് കല്ല് പറ്റാതെ – ചാടിപ്പിടിച്ചുകൊണ്ട് നിന്ന കവിതയോട് ശ്യാം പറഞ്ഞു.
‘ഇന്നലെ നല്ല വഴക്കു കിട്ടിയല്ലേ?’
കവിത ചോദ്യഭാവത്തിൽ നോക്കി
‘ആ കൂടു കിടന്ന് കറങ്ങിയതിന്?’ ശ്യാം പിന്നെയും തെളിച്ചു പറഞ്ഞു.
അവൾ ചെറുതായി മന്ദഹസിച്ചു. ഒന്നും പറഞ്ഞില്ല.
ശ്യാം തുടർന്നു.
‘ഞാനാണ് ആ ബാഗ് കട്ടിലിനടിയിൽ നിന്നും അടുക്കിപ്പെറുക്കി വച്ചപ്പോൾ മാറ്റിയത്, ഇതിങ്ങിനെ പറന്നു പോകുമെന്ന് ഞാനറിഞ്ഞോ?!!’
അവൾ വീണ്ടും ചെറു ചിരിയോടെ ശ്യാമിനെ നോക്കി, അതിനും മറുപടിയില്ല.
ആ സംഭവം അങ്ങിനെ കഴിഞ്ഞു, കവിതയുടെ അമ്മയോട് ശ്യാമിന് ഉള്ളിൽ ഒരു വിദ്വേഷം തോന്നിത്തുടങ്ങിയിരുന്നു.
അതിന്റെ ആവശ്യമൊന്നും ഇല്ലായിരുന്നു. പുള്ളിക്കാരി മകളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരുവാൻ സ്വൽപ്പം സ്ട്രിക്റ്റ് ആയിരുന്നു എന്നേയുള്ളൂ.
ഏതായാലും അധികം സംസാരിക്കുന്ന പ്രകൃതമല്ലാത്ത കവിത ഈ സംഭവത്തിന് ശേഷം ശ്യാമിനോട് നന്നായി അടുത്തു.
എല്ലാക്കാര്യത്തിനും ആ രണ്ട് ദിവസവും അവർ ഒന്നിച്ചായിരുന്നു. എന്ത് ആവശ്യം കവിത പറഞ്ഞാലും ശ്യാം ചെയ്ത് കൊടുക്കുമായിരുന്നു.