ശ്യാം മാത്രമേ പുരുഷ പ്രജയായുള്ളൂ. ശ്യാമിന് സംഗതി പിടികിട്ടി, അവൻ ഒന്നും അറിയില്ലാത്തതു പോലെ സിനിമയിൽ തന്നെ ശ്രദ്ധിക്കുന്നു. ഒരാന്റി മറ്റൊരാന്റിയോട് കുശുകുശുക്കുന്നു.
( ഇത് ആരുടേതാണ് എന്നാണ് ചോദ്യം എന്ന് തോന്നുന്നു)
‘അറിയില്ല’ എന്ന് ‘അദ്ദേഹം’.
ആരും ആ കൂട് എടുത്ത് മാറ്റാനോ, ഉറക്കെ ഒന്ന് അതിനെക്കുറിച്ച് സംസാരിക്കാനോ ധൈര്യപ്പെടുന്നില്ല, ഒരു പക്ഷേ ശ്യാം നിൽക്കുന്നതായിരിക്കാം കാരണം.
അവൻ ഒന്നു കൂടി അതിലേയ്ക്ക് നോക്കിയിട്ട് വെറുതെ പെണ്ണുങ്ങളെ ടെൻഷൻ അടിപ്പിക്കേണ്ട എന്നുകരുതി അടുത്ത മുറിയിലേയ്ക്ക് പോയി.
‘ഹും ഇത് അവളുടേത് തന്നെയാ’ .. ‘എവിടെ അവൾ?’
കവിതയുടെ അമ്മയാണ്.
‘ആ പാവത്തിനിട്ട് ഇന്ന് കിട്ടും – നല്ല വഴക്ക്.’ ദൂരെ നിന്നും ഇതെല്ലാം ശ്രദ്ധിക്കുന്ന ശ്യാം ഓർത്തു.
ഇന്നത്തെ കാലത്താണെങ്കിൽ ഇതൊന്നും അത്ര വിഷയമല്ല, ആണുങ്ങൾ തന്നെ അതെടുത്തു കൊണ്ടുപോയി വെയ്‌സ്റ്റ് ബാസ്‌ക്കറ്റിൽ ഇടും, അല്ലെങ്കിൽ ആരെങ്കിലും ചേച്ചിമാർ എടുത്ത് കളയും. അന്ന് അങ്ങിനൊരു സംഭവം സ്ത്രീകൾക്കുണ്ട് എന്നത് ആരും ആരോടും പറയാറില്ല. ആകെ കിട്ടുന്ന അറിവ് മനോരമയിലേയും, മംഗളത്തിലേയും ഡോക്ട്ടറോട് ചോദിക്കാം എന്നതിൽ നിന്നു മാത്രമാണ്.
എതായാലും അങ്ങേ അറ്റത്തെ മുറിയിൽ നിൽക്കുമ്പോൾ കവിതയോട് എന്തെല്ലമോ അടക്കിപ്പിടിച്ച് അവളുടെ അമ്മ സംസാരിക്കുന്നത് കേട്ടു.