ഇതിനിടയിൽ ശ്യാമിനെ കണ്ടതേ കവിതയുടെ അമ്മ – അവർ തയ്ക്കാൻ കൊടുത്ത ബ്ലൗസ് മേടിക്കാൻ വണ്ടിയെടുക്ക് എന്നു – പറഞ്ഞു.
ശ്യാം അവരേയും കൂട്ടി ബ്ലൗസും മറ്റും മേടിച്ച് തിരിച്ച് പോരുമ്പോൾ അവർ പരിപാടികൾ നടക്കുന്ന വീടിനടുത്തെത്തി..
‘നീ എന്നെ ഇവിടെ വിട്, ഞാൻ വന്നവരെ ഒന്ന് കണ്ടിട്ട് വരാം, ഈ ബാക്കി സാധനങ്ങൾ നീ വീട്ടിൽ എത്തിച്ചേര്, കവിതയോടും റെഡിയാകാൻ പറ, താമസിക്കരുത് എന്ന് പറയണം’ എന്നെല്ലാം പറഞ്ഞ് ഇറങ്ങി.
നിനച്ചിരിക്കാതെ കവിതയോട് സ്വൽപ്പം അടുത്ത് സംസാരിക്കാമല്ലോ എന്ന് കരുതി ശ്യാം സന്തോഷത്തോടെ വീട്ടിലെത്തി.
കവിത മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിന്നെ പേരിനൊരു വേലക്കാരിത്തള്ളയും ഉണ്ട്.
ആദ്യം കാര്യമാത്രപ്രസക്തമായും പിന്നെ വിനോദഭാവത്തിലും രണ്ടു പേരും സംസാരിച്ചു തുടങ്ങി. പക്ഷേ രണ്ടു പേർക്കും ഇടയിൽ ഒരു ഘനമുള്ള ഭിത്തിയുടെ പ്രതീതി.
അനശ്ചിതാവസ്ഥയുടേതായിരുന്നു അത്!! ഇത്രയും കാലവും മനസിൽ ഉണ്ടായിരുന്ന തീപ്പൊരി ആളിക്കത്താൻ പോകുന്നു എന്ന ചിന്തയായിരിക്കാം അതിന് കാരണം. അതോ ഒരു അസുലഭ അവസരം വന്നു ചേർന്നപ്പോൾ ഉണ്ടായ അനിശ്ചിതത്ത്വമോ?
സംസാരങ്ങൾ ഒട്ടും സ്‌പൊണ്ടേനിയസ് ആയിരുന്നില്ല, വിഷയങ്ങൾ കിട്ടാതെ രണ്ടു പേരും ഉഴറുന്ന പോലെ തോന്നി. അവിടെയും ഇവിടെയും തൊടാതുള്ള സംസാരങ്ങൾ.