കളിപ്പൂരത്തിന്റെ നാളുകൾ !!
അവിടെ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് കുറച്ചുനേരം അവിടെ വിശ്രമിക്കാമെന്നു ആന്റോ തീരുമാനിച്ചു.
മുകളിലത്തെ നിലയിലെ ഒരു മുറി നൈന അവനു കാണിച്ചുകൊടുത്തു. അപ്പൂപ്പൻ്റെ ഒരു കൈലിമുണ്ട് ഉടുത്തു മാറാനും കൊടുത്തു. ഹർത്താൽ ദിവസമായതുകൊണ്ട് വൈകുന്നേരമാവാതെ അവിടെ നിന്നു പോവാനാവില്ലെന്നു അവനുറപ്പായിരുന്നു. നൈനയോട് ഫോൺ ചാർജർ കൊണ്ടുവരാൻ ആവശ്യപെട്ടു. ശേഷം പാന്റ് മാറ്റി കൈലിയുടുത്ത് അവൻ കിടന്നു.
നൈന ചാർജർ കൊണ്ടു വന്നപ്പോഴേക്കും അവൻ ഉറങ്ങിപ്പോയിരുന്നു. അവനെ ശല്യപ്പെടുത്താതെ ഫോൺ ചാർജിൽ ഇട്ടശേഷം വാതിൽ ചാരി നൈന തൻ്റെ റൂമിലേക്കുപോയി. അവൾ ഫോണെടുത്ത് മരിയക്ക് ഒരു ടെക്റ്റ് മെസേജ് അയച്ചു.
“ഇന്നലെ രാത്രി ജെസ്സിയുടെ ചേട്ടായീടെ കൂടെ ആയിരുന്നു. ഒരുമിച്ച്, ഒരു മുറിയിൽ.”
ആ മെസേജ് ഡെലിവർ ആയതും മരിയ തിരിച്ച് വിളിച്ചു.
നൈന ഫോൺ എടുത്തതും മരിയക്ക് ഒറ്റക്കാര്യമേ ചോദിക്കാൻ ഉണ്ടായിരുന്നൂള്ളൂ.
“വല്ലതും സംഭവിച്ചോ?”
“ഇല്ല.”
“ഹാവൂ, ഞാനങ്ങ് പേടിച്ചുപോയി. അതെന്നാ ഒന്നും സംഭവിക്കാഞ്ഞേ?” മരിയ ചോദിച്ചു.
നൈന അവൾക്ക് തലേദിവസം നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു
“എന്നാലും പുള്ളിക്കാരൻ ഇത്ര ഡീസന്റ് ആയിരുന്നോ? ഇങ്ങെന ഒരു അവസരം കിട്ടിയിട്ടും?”