കളിപ്പൂരത്തിന്റെ നാളുകൾ !!
മനസ്സില്ലാമനസോടെ ആണെങ്കിലും ഈ അവസരത്തിൽ മറ്റൊരു മാർഗവും ഇല്ലാത്തതിനാൽ ആന്റോ പോവാൻ സമ്മതിച്ചു.
ഭരണങ്ങാനം വഴി പോയാമതിയെന്നും മറ്റേ വഴി ഈ സമയത്ത് സേഫ് അല്ലെന്നും മമ്മി ആന്റോയെ ഓർമപ്പെടുത്തി.
അപ്പോൾ സമയം രാത്രി ഏഴുമണി ആയിരുന്നു.
അവിടുന്നു പുറപ്പെടുമ്പോൾ ആ വഴിയിൽ അവരെ കാത്തിരുന്ന അപകടത്തെക്കുറിച്ച് അവർക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. അന്നുരാത്രി ഭരങ്ങാനം കാഞ്ഞിരപ്പള്ളി റോഡ് പതിവിലും വിജനമായിരുന്നു.
തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകത്തിൻ്റെ ഭീതി ആ വഴിയിലൊക്കെ തളംകെട്ടി നിൽക്കുന്ന പോലെ. അവരുടെ കാർ ഭരണങ്ങാനം പിന്നിട്ട് കുറച്ചു ദൂരം പോകവെ വഴിയിൽ വച്ച് അവരെ ഒരു ബൈക്ക് യാത്രികൻ തടഞ്ഞു. ജംഗ്ഷനിൽ പോലീസും പ്രധിഷേധക്കാരും തമ്മിൽ സംഘർഷം നടക്കുകയാണെന്നും പൈക റോഡ് വഴി ഇപ്പോ പോവുന്നത് അപകടമാണെന്നും അയാൾ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.
അതു വകവെക്കാതെ അവർ മുന്നോട്ടുതന്നെ പോയി. അധികം മുന്നോട്ടു പോവുന്നതിനുമുന്നെ തന്നെ അവർക്ക് ബൈക്ക് റാലിയായി വന്ന പ്രധിഷേധക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. അവരെ കണ്ട ഉടനെ തന്നെ ആന്റോ കാർ റിവേർസ് എടുത്തു. കാർ തിരിക്കുമ്പോഴേക്കും അവർ അടുത്തെത്തിയിരുന്നു.
“അടിക്കെടാ..കത്തിക്കെടാ” എന്ന് ആക്രോശിച്ചുകൊണ്ട് അക്രമികൾ കാറിനടുത്തേക്ക് പാഞ്ഞടുത്തത് കണ്ട് നൈന ഞെട്ടിവിറച്ചു. എന്നാൽ ആന്റോ മനോധൈര്യം കൈവിട്ടില്ല. റബ്ബർ തോട്ടത്തിൻ്റെ നടുവിലെ വിജനമായ റോഡിലൂടെ അവൻ കാർ അതിവേഗം മുന്നോട്ടു പായിച്ചു.