കളിപ്പൂരത്തിന്റെ നാളുകൾ !!
ജെസ്സിയുടെ വീടിനടുത്തായിരുന്നു നൈന ഗിറ്റാർ പഠിക്കുന്ന സ്ഥലം. അതിനാൽ ജെസ്സിയും നൈനയും ഒരുമിച്ചാണ് മരിയയുടെ വീട്ടിൽനിന്നിറങ്ങിയത്.
ശേഷം ജെസ്സി അവളുടെ വീട്ടിലേക്കും നൈന ഗിറ്റാർ ക്ലാസിലേക്കും പോയി.
ഉച്ചക്കുശേഷം ഗിറ്റാർ ക്ലാസും കഴിഞ്ഞ് നൈന ജെസ്സിയുടെ വീട്ടിലേക്കു പോയി. അന്നു പകൽ മുഴുവൻ നൈന ജെസ്സിയുടെ വീട്ടിൽ ചിലവഴിച്ചു. തിരിച്ചു പോകാനിരുന്ന ആന്റോ മടികാരണം വീട്ടിൽത്തന്നെ ഉണ്ടായിരുന്നു.
അന്നു വൈകീട്ട് ജെസ്സിയുടെ മമ്മി വന്നു പറഞ്ഞപ്പോഴാണ് അവർ ആ വാർത്ത അറിയുന്നത്.
“പാലാ ടൗണിൽ ഒരു രാഷ്ട്രീയ നേതാവിനെ ആരാണ്ട് വെട്ടിക്കൊന്നു.”
ജില്ലയാകെ പ്രശ്നമാണ്.
“ഇന്നിനി കൊച്ചു തിരിച്ചുപോവണ്ട.. പ്രശ്നമാവും, ബസ് ഓടത്തില്ല കൊച്ചേ.” നൈനയോട് ജെസ്സിയുടെ മമ്മി പറഞ്ഞു.
“അയ്യോ, എനിക്കു പോവാതെ പറ്റത്തില്ല. വീട്ടിലാണെങ്കിൽ വയസ്സ്യയ രണ്ടു പേരല്ലേ ഉള്ളത്..ഇന്നിപ്പൊ ഇവിടെ നിന്നാൽ ശരിയാവില്ല.”
“ഇന്നിനി എങ്ങനെ തിരിച്ചു പോവാനാ കൊച്ചേ നീ?”
“എങ്ങനെ ആയാലും പോയേ പറ്റത്തുള്ളൂ..”
“നിന്നെ ഏതായാലും ഒറ്റയ്ക്ക് വിടത്തില്ല. ഒരു കാര്യം ചെയ്യാം ആന്റോയെ വിടാം . അവൻ കാറിൽ നിന്നെ അവിടെ ആക്കിത്തരും. കൊച്ചു പേടിക്കണ്ട.. ” മമ്മി നൈനയെ സമാധാനിപ്പിച്ചു.
“ചേട്ടായിയോട് കൂടെ വരാൻ ഞാൻ പറയാം,”ജെസ്സിയും അവളെ സമാധാനിപ്പിച്ചു.