എന്റെ സ്വപ്നങ്ങളും മോഹവും
ഞാന്‍ പത്തായപുരയില്‍ നിന്ന് നേരേ വന്നത് അച്ഛന്റെയും ചേട്ടന്റെയും അസ്ഥിത്തറയിൽ ആയിരുന്നു. ഞാന്‍ നന്നായി ഭയന്നിരുന്നു. അതാകാം അവരുടെ അടുത്ത് തന്നെ അഭയം പ്രാപിച്ചത്.
ആരോ അവിടെല്ലാം വൃത്തിയാക്കിയിട്ടിട്ടുണ്ട്. എന്നാലും പുതിയ നാമ്പുകൾ മുളക്കുന്നു. എന്നെ ഏറെ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് വീണ്ടും കണ്ടത്.
രാമചന്ദ്രന്റെ അസ്ഥിത്തറക്ക് അടുത്തുള്ള ആ ചെറിയ തറയിലെ പേര് ‘’വിഷ്ണു ഭദ്രൻ” എന്ന് എഴുതിയിരിക്കുന്നു.
“ഭദ്രന്‍ …”
വീണ്ടും തല കറങ്ങുന്നപോലെ തോന്നി ഞാൻ അവിടെ നിലത്ത് ഇരുന്നു.
എവിടുന്നോ വന്ന മഴ മേത്തു വീണപ്പോഴാണ് ഞാൻ ഉണരുന്നത്. എന്നാലും ഏറെകുറെ മരവിച്ചുപോയ അവസ്ഥയാണ്. ഇരുണ്ട ആകാശം. മഴ ഇരച്ചു വരുന്നു.
“ഭദ്രൻ…ഏട്ടൻ…വിഷ്ണുവേട്ടൻ….”
ഞാന്‍ എന്തൊക്കെയോ പുലമ്പി ക്കൊണ്ടിരുന്നു
ഞാൻ ആ മഴയിൽ അച്ഛന് മടിയിൽ ചാരിയിരുന്നു. മഴ തകർത്തു പെയ്യുന്നുണ്ട്. എനിക്ക് മരവിപ്പ് കൂടിക്കുടി വന്നു. ഞാൻ എഴുന്നേറ്റു കോലായിലേക്ക് പോയി ഷര്‍ട്ട് ഊരി ഒരു മൂലക്കിട്ടു. കൈവെച്ച് മുടിയും മുഖവും ഒന്ന് വടിച്ചു വെള്ളം കളഞ്ഞു എന്നിട്ടാ കൈ കുടഞ്ഞു. ആ കുഴിമാടത്തിലേക്ക് തന്നെ നോക്കി കോലായിലെ അര ഭിത്തിയിലെ തൂണില്‍ ചാരിയിരുന്നു.
നന്നായി പേടിച്ചിരിക്കുന്നു. ക്ഷീണവും തോന്നുന്നു. അപ്പൊ ഭദ്രൻ ഏട്ടൻ ആണോ? എട്ടന് ഭദ്രൻ എന്നൊരു വാല് ഉണ്ടായിരുന്നോ? അത് ഏട്ടന്‍ ആയിരുന്നെങ്കില്‍.. ഞാന്‍ മനസാലെ ആഗ്രഹിച്ചു.