എന്റെ സ്വപ്നങ്ങളും മോഹവും
“നമുക്ക് പാലു കൂച്ചാമെ, അമ്മ എന്താടാ നിനക്ക് മാമം തന്നില്ലേ അച്ചോടാ…. മാമൻ തരാം വാക്കക്ക് പാലു.”
കുപ്പി ഞാൻ ചൂട് വെള്ളം ഒഴിച്ച് കഴുകി ഫ്ലാസ്ക്കിൽ വെച്ചിരുന്ന പാൽ അതിൽ ആക്കിക്കൊടുത്തു.
വാവ പാലു കൂച്ചു കഴിഞ്ഞോ…, ഇനി ചാച്ചിക്കോ, കിടത്തിയില്ല അവൻ പിന്നെയും കരച്ചിൽ തുടങ്ങി.
ഇത്തവണ അവൻ പണി പറ്റിച്ചു, ഞാൻ ഡൈപ്പർ മാറ്റി. ആദ്യ ശ്രമത്തിൽത്തന്നെ വിജയം കണ്ട ഞാൻ എന്നെ ഓര്ത്തു അഭിമാനം കൊണ്ടു. പിന്നെയും ഞാൻ അവനെ തൊട്ടിലിൽ കിടത്തി. വീരഭദ്രൻ പാട്ട് തുടങ്ങി. വേറെ രക്ഷ ഇല്ലാതെ ഞാൻ ഒരു സാഹസത്തിനു മുതിർന്നു . ഞാൻ എന്റെ പാട്ട് തുടങ്ങി. അവൻ കണ്ടു ചിരിക്കുന്നതല്ലാതെ ഉറങ്ങാൻ പ്ലാനില്ല . കുറച്ചു കഴിഞ്ഞു ഞാനും അവനും ക്ഷീണിച്ചുറങ്ങി.
കുറച്ചു സമയം കൊണ്ടു ഞാനും അവനും ഒരുപാട് അടുത്തിരുന്നു. തൊട്ടിൽ കുറച്ചു സ്ഥലം ഉണ്ടെങ്കിൽ ഞാനും കൂടെ കിടന്നേനെ.
ഞാൻ ഇതിനിടയിൽ നാട്ടിലേക്ക് വിളിച്ചിരുന്നു. അമ്മാവന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക്. അമ്മയായിരുന്നു എടുത്തത്. അമ്മക്ക് വലിയ സന്തോഷമായി. എന്നെ കാണണം ഇപ്പൊത്തന്നെ വരുന്നു എന്നൊക്കെയാണ് പറഞ്ഞത്..പിന്നെ എന്ത് പറ്റിയോ ആവോ.
അമ്മ വരുമ്പോൾ കൂടെ നാട്ടിൽ വരണം.. എനിക്ക് അമ്മേടെ കൂടെ അമ്മേടെ മാത്രം മോനായി ജീവിക്കണം എന്നൊക്കെ ഉള്ളകാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മ ഒന്നും മിണ്ടാതെ കേട്ട്കൊണ്ടിരിക്കുവാരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ആര്യ മോൾ എന്തുപറഞ്ഞു എന്ന് അമ്മ ചോദിച്ചു.