എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – ഒന്നും പറയാതെ റൂമിൽ കയറി, അവിടെ കണ്ണാടിയുള്ള ഒരു ഡോർ കണ്ടു, അപ്പൊ അതാണ് കുളിമുറി !! ആ കണ്ണാടിയിൽ എന്റെ കോലം കണ്ടു ഞാൻ തന്നെ അന്തം വിട്ടു. വെളുത്തു തുടുത്തു ഒരു ഹീറോയെപ്പോലെ നിന്ന ഞാൻ ഏതോ ഭീകര ജീവിപോലെയായി. മനസിൽ പെട്ടെന്ന്, ഒരു രൂപം ചങ്ങലയിൽ കിടക്കുന്ന സീൻ പാഞ്ഞുപോയി.
ഞാൻ ആകെ പേടിച്ചു !!
ഇത്രയും താടിയും മീശയും എനിക്ക് വളരുമോ? പണ്ട് ആര്യേച്ചിയെ ഇമ്പ്രെസ്സ് ചെയ്യിക്കാനായി അൽപ്പം മീശ വന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട്.. പക്ഷെ ഈ കോലം സഹിക്കാൻ പറ്റണതിലും അപ്പുറത്തായി. അവിടെ ഇരുന്ന ഡ്രിംമ്മർ എടുത്തു മുടി കുറച്ചു. താടിയും മീശയും പൂർണമായും ഒഴിവാക്കി. കുളിച്ചിറങ്ങി. അലമാര തുറന്നു നോക്കിയപ്പോൾ ആര്യയുടെ സാരിയും ചുരിദാറും കൊണ്ട് നിറഞ്ഞിരിക്കുന്നു. അടുത്ത ഡോർ തുറന്നപ്പോ കറുത്ത രണ്ട് ജോഡി ഉടുപ്പും പാൻസും പിന്നെ ഉള്ളത് രണ്ടു മൂന്ന് ജോഡി ഫോർമൽ ഡ്രെസ്. കറുപ്പൊക്കെ കോളേജിൽ ഇല്ലാത്ത മാസ് കാണിക്കാൻ അല്ലേ കൊള്ളൂ. പിന്നെ പൊട്ടിക്കാത്ത ഒരു ജോഡി ഷർട്ടും പാന്റ്സും കണ്ടപ്പോൾത്തന്നെ ഒന്നും ആലോചിക്കാതെ എടുത്തിട്ടു. എനിക്ക് എന്റെ പഴയ ശ്രീ ഹരിയുടെ രൂപം തിരിച്ചു വന്നപോലെ തോന്നി.
കുളി കഴിഞ്ഞപ്പോൾ വല്ലാത്ത ഒരാശ്വാസം.. നേരത്തെ അടുക്കളയിൽ നടന്നതൊക്കെയും ഓർമ്മയിൽ മങ്ങാൻ തുടങ്ങി, അല്ലേലും അർദ്ധബോധാവസ്തയിൽ ഉള്ളത് ഒരുപാട് നേരം ഓർത്തിരിക്കില്ലല്ലോ.
ഞാൻ പിന്നെ നേരെ അടുക്കളയിലേക്ക് നടന്നു. എന്നെ കണ്ടപാടേ ആര്യേച്ചി വന്നു കെട്ടിപ്പിടിച്ചു. എനിക്ക് ഒന്നും മനസിലായില്ല.. എങ്കിലും ഞാൻ വൃത്തിയായതിനുള്ള സന്തോഷമാകും എന്ന് തോന്നി.
അപ്പോഴേക്കും അപ്പുറത്തെ മുറിയിൽ ഒരു കുഞ്ഞു കരഞ്ഞു, ഞാൻ ഒന്ന് ഞെട്ടി. ചേച്ചി ഓടി അവിടേക്ക് പോയി. അപ്പൊ ഇവളുടെ കല്യാണം കഴിഞ്ഞോ? ഇതൊക്കെ എപ്പോ ! എനിക്ക് അതൊരു ഷോക്കായി, എനിക്ക് സ്ഥിരബോധം പോകുന്നപോലെ.. എങ്കിലും ഇപ്രാവശ്യം ഞാൻ പിടിച്ചുനിന്നു.
എനിക്ക് അങ്ങനെയാണ്.. ഒരുപാട് ഞെട്ടിക്കുന്ന, അല്ലേ വേദനിപ്പിക്കുന്ന എന്തേലും കണ്ടാൽ ബോധം പോകും. വളരെ പരിശ്രമിച്ചാണ് ഇപ്പൊ ഈ ബോധം മറയാതെ ഞാൻ പിടിച്ചു നിർത്തുന്നത്.
അവളുടെ കല്യാണം കഴിഞ്ഞു, കുടുബമായി എന്നൊക്കെ ഞാൻ ഓർത്തിരിക്കണമെന്ന് മനസിന് നിർബന്ധം കാണും. അല്ലെങ്കിൽ സാധാരണ ഞാൻ ബോധം കെട്ടാൽ അതിന് തൊട്ട് മുൻപും പിൻപും നടന്ന കാര്യങ്ങൾ ഞാൻ മറന്നുപോകും.
ചെറുപ്പത്തിൽ എപ്പഴോ തുടങ്ങിയ അസുഖമാണ്.
അവൾ കൊച്ചിനെ എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു, എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. കുഞ്ഞിനെ കണ്ടപ്പോൾത്തന്നെ അത് ആര്യേച്ചിയുടെ മുറിച്ചമുറിയാണ്. ഞാൻ അറിയാതെ ചോദിച്ചുപോയി.
“മോള്ടെ പേരെന്താ?”
“മോളോ ?”
ആര്യേച്ചി വിങ്ങി എന്നപോലെ നേരെ അടുക്കളക്കുള്ളിൽ കേറിപ്പോയി.. കുറച്ചു നേരം കഴിഞ്ഞു കുഞ്ഞുമായി തിരിച്ചു വന്നിട്ട് പറഞ്ഞു..
“ഹരി…മോൾ അല്ല മോനാണ്.. പേര് വീരഭദ്രൻ”
“ഇതെന്താ ഇങ്ങനെ ഒരു പേര്, ഇത് പഴയ പേരല്ലേ, പഴയ സിനിമയിലെ പോലെ.”
“എന്റെ കെട്ടിയോൻ ഭദ്രേട്ടൻ ഇട്ട പേരാ.. എന്താ കൊള്ളില്ലേ?”
അതോടെ എന്റെ മനസിൽ ഉണ്ടായിരുന്ന ഒരു ചെറിയ പൊയ് മോഹത്തിന് അവസാനമായി. ഞാൻ ഇതിനിടയിൽ ഏതോ ഒരു നിമിഷം ചിന്തിച്ചിരുന്നു.. ഞാനാകുമോ ആര്യേച്ചിയെ സ്വന്തമാക്കിയതെന്ന്. തുടരെ തുടരെ ഷോക്ക് വരും.. നേരിടണം.. എന്ന് മനസ് നിശ്ചയിച്ചിട്ടുണ്ടാകും.. അതുകൊണ്ടാവാം എനിക്ക് ഇത് ആദ്യത്തേതിന്റെ അത്രയും പ്രശ്നമായില്ല. പതിയെ പതിയെ ബാക്കി ഉണ്ടായിരുന്ന തലക്കുള്ളിലെ കാർമേഖങ്ങൾ ഇല്ലാതാവാൻ തുടങ്ങി.
എന്തോ എനിക്ക് കൂടുതൽ ഒന്നും പറയാൻ പറ്റുന്ന അവസ്ഥയല്ലായിരുന്നു. എങ്കിലും ഇത്രയുമായപ്പോള്‍ എനിക്ക് എന്തോ പറ്റിയെന്ന് എനിക്കുറപ്പായി.
“എനിക്ക് എന്താ പറ്റിയതെന്ന് ഒന്ന് പറഞ്ഞു തരാമൊ? ”
ഞാൻ അറിയാതെ ചോദിച്ചു.
“അത്.. ഹരീ.. നീ .. നിനക്ക് ഒന്നും സംഭവിച്ചില്ലല്ലോ ”
”ഇല്ല ? കള്ളം പറയരുത്, എനിക്കറിയണം ” ഞാൻ പറഞ്ഞു
“അത് വേണോ ഹരി… !!”
“ഒരു നാലു വർഷം മുൻപ് നി കോളജിൽ ഫൈൻ ഇയർ പഠിക്കുമ്പോൾ കോളേജ് യൂത്ത് ഫെസ്റ്റ് നടക്കുമ്പോൾ രാത്രി അവിടെ അടിയുണ്ടായി. അതിനിടയിൽ നീ കുഴ്ഞ്ഞു വീണു, പിന്നെ നീ ഉണർന്നില്ല, പലേടത്തും ഞങ്ങൾ നിന്നെ കാണിച്ചു, അതിന്ശേഷം ഞങ്ങൾ നിന്നെ ഇവിടേക്ക് കൊണ്ട് വന്നു.
ഒരു മാസം മുന്നേ ഭദ്രേട്ടൻ പോകാൻ ഒരുങ്ങിക്കൊണ്ട് ഇരുന്നപ്പോൾ നീ ഒന്ന് ഉണർന്നു. പിന്നെ സെക്കന്റ്കൾക്കകം പഴയപടി വീണ്ടും നീ മയക്കത്തിലായി. പിന്നെ ഇന്ന് നീ ഉണർന്നു.. ഭദ്രേട്ടൻ ഇവിടെ ഇല്ല.. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാതെ നിക്കുവാരുന്നു ഞാൻ. ഞാൻ ഇപ്പൊ നിന്റെ അമ്മയെയും ഡോക്ടറെയും വിളിച്ചിട്ടുണ്ട്, അമ്മ ഉടനെ വരും..നാട്ടിൽ നിന്ന് ഇങ്ങ് വരണ്ടേ..
എല്ലാം കേട്ടപ്പോൾ എനിക്ക് ഒരുവിധം എല്ലാ സംശയങ്ങളും മാറിയിരുന്നു. ബുദ്ധി ഫുൾ കൺവിൻസായി..ഞാൻ എന്റെ അവസാന സംശയവും ചോദിച്ചു
“ആ ഒരു മാസം മുൻപ് നിങ്ങൾ വഴക്ക് കൂടിനിന്നപ്പോൾ ആണോ ഞാൻ എഴുന്നേറ്റത്?”
കാരണം എന്റെ മനസിൽ അങ്ങനെ ഒരു ഇമേജ് ഉണ്ട്.. അതുമല്ല, ഞാൻ നേരെത്തെ കുളിക്കാൻ കയറിയപ്പോൾ കണ്ണാടിയിൽ കണ്ട ഇമേജ്, ചങ്ങലയിൽ കിടക്കുന്ന ഞാൻ എഴുന്നേൽക്കുമ്പോൾ തുണിയുടെ പേരിൽ ആരോ വഴക്ക് കൂടുന്നു.. ഇപ്പൊ ഞാൻ ഇട്ടേക്കുന്ന ഷർട്ട് ആയിരുന്നു തർക്കവിഷയം. ഞാൻ ഇത് അപ്പൊ കണ്ടപോലെ.
“Hmm, ചെറിയ ഒരു വഴക്ക്..”
അവൾ പറഞ്ഞു
“ഈ ഷർട്ട് ആരുന്നോ ആന്നത്തെ തര്‍ക്ക വിഷയം?”
പെട്ടെന്ന് ഒന്നു അമ്പരന്നെങ്കിലും അവൾ അതേ എന്ന് തല കുലുക്കി.
“ഞാൻ ആദ്യമായി സമ്പാദിച്ചു ഭദ്രേട്ടന് വാങ്ങിക്കൊടുത്ത ഷർട്ടായിരുന്നത്, ഏട്ടൻ അത് വേണ്ടാ എന്ന് പറഞ്ഞു, ഞാൻ ഒരുപാട് നിര്‍ബന്ധിച്ചു, ഏട്ടന്‍ എന്നെ വഴക്ക് പറഞ്ഞു. എനിക്ക് ഒരുപാട് വിഷമമായി.. ഞാൻ എന്തോ പറഞ്ഞു.. അപ്പൊഴാണ് നീ ഉണർന്നത്”
“സോറി എനിക്കറിയില്ലാരുന്നു.. എന്നാ ഞാൻ ഇത് ഊരിയിട്ടേക്കാം.. സോറി .”
“അതിനി ആരും ഇടാത്തതിലും ഭേദമല്ല നീ ഇടുന്നെ ? നീ എടുത്തോ”
“എന്നാലും ആര്യേച്ചി.. അത് ശെരിയാവില്ല.. ഞാൻ ഇത് ഇടുന്നത് ശരിയല്ല?”
“നീ എടുത്തോളാൻ.. ഞാനല്ലെ പറഞ്ഞേ ”
“ഹമ് “
കുറച്ച് കഴിഞ്ഞു അവള്‍ എന്‍റെ അടുത്ത് വീണ്ടും വന്നു
“അതേ.. എനിക്ക് ഹോസ്പിറ്റലിൽ പോകണം.. അമ്മ വരുംവരെ കുഞ്ഞിനെ നീ നോക്കുമോ?”
“ നോക്കാം, അല്ല ഹോസ്പിറ്റൽ എന്താ?”
“എനിക്ക് ജോലിക്ക് പോകണമെന്ന് “
“ഡോക്ടർ ആയോ അപ്പൊ.. ഹ്മ്മ്, എനിക്കറിയാരുന്നു ഞാൻ പണ്ടേ പറഞ്ഞതല്ലേ”, എനിക്ക് ഒരുപാട് സന്തോഷമായി.
“കല്യാണം കഴിഞ്ഞു ഞാൻ പഠിത്തം നിർത്തിയതാ.. ഭദ്രേട്ടനാണ് എന്നെ തള്ളിവിട്ടത്. ഇനി അങ്ങോട്ട് എന്റെ വരുമാനം കൂടെ ആകുമല്ലോ എന്നോര്‍ത്തപ്പോള്‍ ഞാനും പോയി”
“വരുമാനം നോക്കിയാണോ ജോലി? വീട്ടിൽ ഒരു ഡോക്ടർ ഉള്ളത് കുടുംബത്തു എല്ലാർക്കും അഭിമാനമല്ലേ”
“ഹരിക്ക് ഇഷ്ടമാണോ സ്ത്രീകൾ ജോലി ചെയ്തു കുടുബം നോക്കുന്നത് ?”
“പിന്നെ അല്ലാതെ..”
“ഭദ്രേട്ടൻ ജോലി ചെയ്യുന്നതിന് സപ്പോർട്ട് ആയിരുന്നു, പക്ഷെ അതിൽനിന്ന് ഞാൻ കുടുംബം നയിക്കാൻ ചില്ലി പൈസ എടുക്കരുത് എന്ന് പറഞ്ഞു, എന്റെ പൈസക്ക് ഞാൻ വാങ്ങിക്കൊടുത്ത ഡ്രസ്സ് പോലും വേണ്ടെന്നു പറഞ്ഞു”
ആര്യേച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
എനിക്ക് പുള്ളിയോട് ചെറിയ ദേഷ്യം ഒക്കെ തോന്നാൻ തുടങ്ങി. ആദ്യം
ബഹുമാനമായിരുന്നു, കാരണം ആര്യേച്ചിയുടെ പഠിപ്പ് മുടക്കിയില്ലല്ലോ.
പെണ്ണ് ജോലി ചെയ്തു പൈസ ഉണ്ടാക്കിയാൽ എന്താ പ്രശ്നം, ഒന്നുമില്ലേ അതൊരു വരുമാനമാകില്ലേ?
“എന്നാ ഞാൻ പോകാൻ ഒരുങ്ങട്ടെ?” ചേച്ചി ചോദിച്ചു
“Hmm..”
“എന്റെ നമ്പർ അറിയോ നിനക്ക് ?”
“ഇല്ല, അമ്മ ഇപ്പൊ എവിടാ?.”
“അമ്മ നാട്ടിലാണ്, ഇപ്പൊ തറവാട്ടിലുണ്ട് ”
ആര്യേച്ചിയുടെ ഫോൺ നമ്പർ നോക്കി,
പഴയ അതേ നമ്പർ, എനിക്ക് കാണാതെ അറിയാവുന്ന ചുരുക്കം ചില നമ്പറിൽ ഒന്ന്. വിളിക്കാൻ ധൈര്യം ഇല്ലാതെ എത്ര വട്ടം ഡയൽ ചെയ്തു വെച്ചോണ്ട് ഇരുന്നിട്ടുണ്ട്.
എനിക്കാണെങ്കിൽ ഏത് നാട്ടിലാണ് ഇപ്പൊഴുള്ളത് എന്ന്പോലും അറിയില്ല, എന്റെ അമ്മ വരും എന്ന് പറഞ്ഞിട്ടുണ്ട്, അമ്മയോട് ഞാൻ എന്ത് പറയും, അമ്മക്കാരുന്നല്ലോ ഞാൻ ആര്യേച്ചിയെ കെട്ടണമെന്ന് എന്നേക്കാൾ ആഗ്രഹം. അന്നേ എനിക്ക് അറിയാമായിരുന്നു mbbs ഒക്കെ പഠിക്കുന്ന കുട്ടിയെ വെറും bba വരെ മാത്രം പോയിരുന്ന എനിക്ക് കിട്ടില്ലെന്ന്, മുറപ്പെണ്ണാന്നും പറഞ്ഞു എന്താ അവൾ എന്നേക്കാൾ പ്രായത്തിൽ മൂത്തതാരുന്നല്ലോ, കൂടാതെ എനിക്കീ ബോധംകെടുന്ന അസുഖവും ഉണ്ടല്ലോ.
ഓരോ മോഹങ്ങളും സ്വപ്നങ്ങളും.. ഒന്നിനും പറയത്തക്ക ആയുസ്സില്ല, ഒന്നുറങ്ങി ഏണിക്കുമ്പോൾ എല്ലാം മാറിമറിയും. ആ.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ.. ഇല്ല ഇനി അങ്ങനെ പറയാൻ പാടില്ല.. ഭദ്രൻ കൊണ്ടോയില്ലേ എന്റെ ചേച്ചിയേ. അന്ന് ഞാൻ എഴുന്നേറ്റപ്പോൾ ഞാൻ കണ്ടിരുന്നു ഭദ്രനെ പൗരുഷത്തിന്റെ ആൾ രൂപം.
ആരെയും കൂസാതെ ആര്യേച്ചിയെ അടക്കിനിർത്തിയില്ലേ. എങ്കിലും മുഖം കാണാൻ പറ്റിയില്ല, ഇനി ഭദ്രൻ എപ്പോ വരുമൊ എന്തോ? എന്നെ ഇനി ഇവിടെ നിർത്തുമോ? അതോ ഇനി ഞാൻ എണിറ്റത്കൊണ്ട് നാട്ടിൽ പോകാൻ പറയുമോ? അങ്ങനെ ഉണ്ടാകും മുന്നേ, ഇവിടെനിന്ന് പോണം, അല്ലേ അമ്മ വരുമ്പോൾ അമ്മേടെ കൂടെ നാട്ടിൽ പോകാം.. എനിക്കെന്നു പറയാൻ ഇനി ആ പാവമേ ഉള്ളു.
ഇനി ഒരു ജോലി കണ്ടു പിടിക്കണം. ആരുടെയും ഔദാര്യമില്ലാതെ അതിനെ പൊന്നുപോലെ നോക്കണം. ഇപ്പൊ ആരാകും ആ പാവത്തിനെ നോക്കുന്നെ.. ആര്യേച്ചിയുടെ അച്ഛൻ ആകും. എന്റെ അച്ഛൻ മരിച്ചശേഷം ഞങ്ങളെ നോക്കിയത് അവർ ആണല്ലോ. എന്നും അമ്മാവന്റെ ചിലവിൽ കഴിയാൻ പറ്റില്ലല്ലോ..
എന്റെ സ്വന്തം തറവാട് തിരിച്ചു മേടിക്കണം, അസുഖക്കാരൻ മോൻ ആണെങ്കിലും എനിക്കും കടമകൾ ഇല്ലേ. ഡിഗ്രി കംപ്ലീറ്റ് ചെയ്യാത്ത എനിക്ക് എന്ത് ജോലി കിട്ടും. ആദ്യം ആ ഫൈനൽ എക്സാം എഴുതണം. 4 കൊല്ലം കഴിഞ്ഞു എങ്കിലും മനസ്സിൽ പഠിച്ചതൊക്കെ ഇന്നലെത്തെ പോലെ ഉണ്ട്.
അപ്പോഴാണ് കുഞ്ഞു കരയാൻ തുടങ്ങിയത്, അമ്മ പോയതിന്റെയാകും,
ഞാൻ പോയി കുഞ്ഞിനെ എടുത്തു, എനിക്ക് ഉയർത്താൻ പറ്റാതെ പോയ ട്രോഫി ഇതാ എന്റെ കയ്യിൽ.. ആഹാ ഒന്നെടുത്തപ്പോഴേക്കും കരച്ചിൽ നിന്നോ.. ഇത്രയും എളുപ്പമാണോ കുഞ്ഞുങ്ങളെ നോക്കാൻ !!
“നമുക്ക് പാലു കൂച്ചാമെ, അമ്മ എന്താടാ നിനക്ക് മാമം തന്നില്ലേ അച്ചോടാ…. മാമൻ തരാം വാക്കക്ക് പാലു.”
കുപ്പി ഞാൻ ചൂട് വെള്ളം ഒഴിച്ച് കഴുകി ഫ്ലാസ്ക്കിൽ വെച്ചിരുന്ന പാൽ അതിൽ ആക്കിക്കൊടുത്തു.
വാവ പാലു കൂച്ചു കഴിഞ്ഞോ…, ഇനി ചാച്ചിക്കോ, കിടത്തിയില്ല അവൻ പിന്നെയും കരച്ചിൽ തുടങ്ങി.
ഇത്തവണ അവൻ പണി പറ്റിച്ചു, ഞാൻ ഡൈപ്പർ മാറ്റി. ആദ്യ ശ്രമത്തിൽത്തന്നെ വിജയം കണ്ട ഞാൻ എന്നെ ഓര്ത്തു അഭിമാനം കൊണ്ടു. പിന്നെയും ഞാൻ അവനെ തൊട്ടിലിൽ കിടത്തി. വീരഭദ്രൻ പാട്ട് തുടങ്ങി. വേറെ രക്ഷ ഇല്ലാതെ ഞാൻ ഒരു സാഹസത്തിനു മുതിർന്നു . ഞാൻ എന്റെ പാട്ട് തുടങ്ങി. അവൻ കണ്ടു ചിരിക്കുന്നതല്ലാതെ ഉറങ്ങാൻ പ്ലാനില്ല . കുറച്ചു കഴിഞ്ഞു ഞാനും അവനും ക്ഷീണിച്ചുറങ്ങി.
കുറച്ചു സമയം കൊണ്ടു ഞാനും അവനും ഒരുപാട് അടുത്തിരുന്നു. തൊട്ടിൽ കുറച്ചു സ്ഥലം ഉണ്ടെങ്കിൽ ഞാനും കൂടെ കിടന്നേനെ.
ഞാൻ ഇതിനിടയിൽ നാട്ടിലേക്ക് വിളിച്ചിരുന്നു. അമ്മാവന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക്. അമ്മയായിരുന്നു എടുത്തത്. അമ്മക്ക് വലിയ സന്തോഷമായി. എന്നെ കാണണം ഇപ്പൊത്തന്നെ വരുന്നു എന്നൊക്കെയാണ് പറഞ്ഞത്..പിന്നെ എന്ത് പറ്റിയോ ആവോ.
അമ്മ വരുമ്പോൾ കൂടെ നാട്ടിൽ വരണം.. എനിക്ക് അമ്മേടെ കൂടെ അമ്മേടെ മാത്രം മോനായി ജീവിക്കണം എന്നൊക്കെ ഉള്ളകാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മ ഒന്നും മിണ്ടാതെ കേട്ട്കൊണ്ടിരിക്കുവാരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ആര്യ മോൾ എന്തുപറഞ്ഞു എന്ന് അമ്മ ചോദിച്ചു.
അമ്മേ വിഷമിപ്പിക്കണ്ടാ എന്നുള്ളത് കൊണ്ട് ആര്യേചേച്ചി എന്നതിൽ അപ്പുറം എനിക്കിപ്പോ ഒരു വികാരം ഇല്ലെന്ന രീതിയിലാണ് സംസാരിച്ചത്
പെട്ടെന്ന് ആരോ തൊട്ടിലിന്റെ അടുത്ത് വന്നു കുഞ്ഞിനെ എടുക്കാൻ പോകുന്നു എന്നൊരു ഉൾവിളി, ഞാൻ വേഗം വന്ന ആളിന്റെ കയ്യിൽ പിടിച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ അത് ആര്യചേച്ചി ആയിരുന്നു. [ തുടരും ]