എന്റെ സ്വപ്നങ്ങളും മോഹവും
ശ്രീ ഒന്നും മിണ്ടാതെ അവിടെനിന്നും എഴുന്നേറ്റുപോയി.
“നിന്നോട് പറഞ്ഞിട്ടില്ലേ അവന്റെ മുന്നിൽവെച്ചു വിഷ്ണുവിന്റെ കാര്യം പറയല്ലേന്നു., വല്ലേച്ചിയും അവനോട് സംസാരിച്ചുതുടങ്ങിയതായിരുന്നു.. അപ്പോഴാ അവടെ ഒരു ചട്ടംപഠിപ്പിക്കൽ, അവന്‍ കുഞ്ഞല്ലേടി.. അവന്‍ ഇപ്പൊ അങ്ങനെ വിളിച്ചാല്‍ നിനക്കെന്താ?”
“അവൻ എന്നെ വിളിച്ചപ്പോ വിഷ്ണുവേട്ടൻ…. ഏട്ടൻ വിളിക്കണ പോലെയാ എനിക്ക് തോന്നിയത് ”
“മോളെ അച്ചൂ…..”
“ പറ്റണില്ലമ്മേ, അവന്റെ നിപ്പും സംസാരവും കാണുമ്പോ ചേട്ടൻ എന്റെ മുൻപിൽ നിക്കണപോലെയാ തോന്നുന്നേ. ആ വിളി എനിക്ക് പറ്റണില്ലമ്മേ ”
ലക്ഷ്മിയമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
പെട്ടെന്ന് ടാക്സി ഒന്ന് കുലുങ്ങി
“മോളെ എത്താറായി”
ജാനകിഅമ്മ അവളെ എഴുന്നേല്‍പ്പിച്ചു.
“എന്‍റെ കുഞ്ഞു ഇന്നലെ ഉറങ്ങിയില്ലെടി. അതാ ഞാനും വിളിക്കാഞ്ഞത്. മോനെ ആ വലത്തോട്ട് കിടക്കുന്ന റോഡില്‍ പോ. അവിടുന്ന് നാലാമത്തെ വീട്“
അമ്മ ഡ്രൈവറോട് വഴി പറഞ്ഞു കൊടുത്തു.
അതേ സമയം ശ്രീ ഹരിയുടെ സ്വൊന്തം തറവാട് വീട്ടില്‍.
അരുണിമയെ കണ്ടു പിടിക്കണം, അതിപ്പോ എങ്ങനാ അവളുടെ പേരും നാലഞ്ചു വര്‍ഷത്തിനു മുന്‍പുള്ള രൂപവും മാത്രം അറിയാം . അതും വ്യക്തമല്ല. രാവുണ്ണിയുടെ വീട്ടില്‍ കയറി ചെന്നാലോ?
വേണ്ട.. ഹരി ഓരോന്ന് അങ്ങനെ ആലോചിച്ചിരുന്നു.