എന്റെ സ്വപ്നങ്ങളും മോഹവും
വീട്ടില്‍ വന്നപാടെ അവന്‍ അച്ചുവിന്‍റെ ചെസ്സ് ബോര്‍ഡ് എടുത്തുകൊണ്ടുവന്നു അവളുടെ കയ്യില്‍ കൊടുത്തു. അവന്റെ ഈ പെരുമാറ്റം അവനിൽ എന്തോ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന് ആര്യക്ക് തോന്നലുണ്ടാക്കി. അവളും കരുക്കള്‍ നിരത്തി കളിയ്ക്കാന്‍ ഇരുന്നു.
ശ്രീയുമായി അവള്‍ ആദ്യമായിട്ടാണ് ചെസ്സ് കളിക്കുന്നത്. എങ്കിലും അവന്റെ നീക്കങ്ങളും ഓരോ കരുക്കളും പിടിക്കുന്നത്‌പോലും വിഷ്ണുവേട്ടന്‍ ചെയ്യുന്നപോലെ അവള്‍ക്ക്തോന്നി. അന്നേദിവസം ഒറ്റക്കളിയില്‍പ്പോലും ആര്യ ജയിച്ചിരുന്നില്ല. ആര്യക്ക് പലപ്പോഴും വിഷ്ണു മുന്നിലിരുന്നു കളിക്കണപോലെ തോന്നി.
ഓരോ കളി കഴിയുമ്പോഴും “അച്ചു തോറ്റൂ”, “അച്ചു വീണ്ടും തോറ്റൂ” എന്നൊക്കെ പറഞ്ഞുതുടങ്ങിയവന്‍.
അവന്‍ സംസാരിക്കുന്നത് ശ്രദ്ധിച്ച അമ്മയും അവരോടൊപ്പം കൂടി. എന്നാല്‍ ഓരോ വട്ടം അച്ചു വെന്ന് പറയുമ്പോഴും ആര്യ അവനെ “ആര്യേച്ചി” എന്ന് വിളിക്കാന്‍ തിരുത്തിക്കൊണ്ടേയിരുന്നു.
അഞ്ചാറ് പ്രാവശ്യമായപ്പോൾ അവള്‍ അവനെ ശക്തമായിത്തന്നെ വിലക്കി.
“ആര്യേച്ചീന്ന് വിളിക്കണമെന്ന് പറഞ്ഞു ഞാൻ”
“അവൻ കുഞ്ഞല്ലേ…. പോട്ടെടാ അച്ചൂന്ന് വിളിച്ചോടാ അവൾ ഒന്നും പറയില്ല”ലക്ഷിമിയമ്മ, അവന്റെ അമ്മായി അവനെ സപ്പോര്‍ട്ട് ചെയ്തു.
“അന്ന് ഞാൻ വിഷ്ണുവേട്ടനെ ചേട്ടാന്ന് വിളിക്കാഞ്ഞതിന് എനിക്ക് അടി വാങ്ങി തന്നതല്ലേ ഇവൻ.. എന്നെയും ചേച്ചിന്നു വിളിച്ചാ മതി”