എന്റെ സ്വപ്നങ്ങളും മോഹവും
പരിശോധക്ക്ശേഷം അച്ഛനെമാത്രം അകത്തിരുത്തി അവരോടു പുറത്തു ഇരിക്കാൻ പറഞ്ഞു. പുറത്തുവന്നപ്പോള്‍ ആര്യ പുറത്തുള്ള പൂന്തോട്ടത്തിലേക്ക് പോയി.
ആ ഹോസ്പിറ്റല്‍ ഒരു പഴയ ഇല്ലവും ചുറ്റുപാടും പുതുക്കി പണിതതായിരുന്നു. അതിനിടയില്‍ എങ്ങനെയോ അവള്‍ക്കു ശ്രീയുടെ മേലിലുള്ള നോട്ടം വിട്ടുപോയി. ശ്രീ വഴിതെറ്റി അവിടെയൊക്കെ അലഞ്ഞുനടന്നു. ആ ഇല്ലം അവനെ പലതും ഓര്‍മ്മിപ്പിച്ചു. ചെറിയ ചില ഓര്‍മ്മകള്‍ അവന്റെ മുന്നില്‍ വന്നുമാഞ്ഞു.
ശ്രീയെ തപ്പി ആര്യയും അവിടെല്ലാം നടക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞു ശ്രീ എവിടുന്നോ ഓടിവന്നു അവളെ കെട്ടിപ്പിടിച്ചു.
“അച്ചൂ അച്ചൂ….”അവന്‍ പൊട്ടിക്കരഞ്ഞു.
ആറു മാസങ്ങള്‍ക്ക് ശേഷം ശ്രീ ഒരു വാക്ക് പറഞ്ഞു, അവന്‍ ആദ്യമായി കരഞ്ഞു. അത് കേട്ടപ്പോള്‍ ആര്യക്ക് എന്തെന്നില്ലാത്ത സന്തോഷം. അവള്‍ അവനെ ഉമ്മകൊണ്ട് മൂടി. അവളുടെയും കണ്ണു നിറഞ്ഞോഴുകുന്നുണ്ടായിരുന്നു.
കുറച്ച് നേരം അവര്‍ അവിടെ ചിലവഴിച്ചു. അപ്പൊഴേക്കും അച്ഛന്‍ അവരെ തിരക്കി പുറത്തേക്ക് വന്നു. എന്തോ അവന്‍ അവളോട് സംസാരിച്ച തൊന്നും അവള്‍ ആരോടും പറഞ്ഞില്ല.
ആ ഹോസ്പിറ്റലിന്റെ അടുത്തുള്ള കടയില്‍ നിന്നും രണ്ടാള്‍ക്കും നല്ല മസാലദോശ വാങ്ങിക്കൊടുത്തു.
അവിടെങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു പലഹാരവും അവര്‍ക്ക് വാങ്ങിക്കൊടുത്തു. അച്ചു കൂടുതലും ശ്രീയെ കഴിപ്പിച്ചു. അവര്‍ തിരിച്ചു നാട്ടിലേക്കു വണ്ടികയറി.