എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – ആര്യയുടെ ഓര്‍മയിലെ കുട്ടികാലം:
“അവൻ എന്താ ഇപ്പോ ഇങ്ങനെ എല്ലാവരെയും പേടിച്ചു പേടിച്ചു..പണ്ട് അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ അവൻ. വിഷ്ണുഏട്ടനും അവനും പിന്നെ… ഞാനും. എന്ത് രസമായിരുന്നു.
അവര് പോയിട്ടിപ്പൊ ആറുമാസം ആയില്ലേ അച്ഛാ. ഒരിക്കൽപ്പോലും അവൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല. അവനൊന്നു കരഞ്ഞിരുന്നന്നേൽ എല്ലാം മാറുമായിരുന്നു അല്ലേ അച്ചാ.”
ആര്യ അച്ഛനോടായ്തിരക്കി.
“ഹ്മ്മ് മോളെ നമ്മളവന് ചികിത്സയൊക്കെ കൊടുക്കുന്നുണ്ടല്ലോ, ആനി ഡോക്ടർ പറഞ്ഞേക്കുന്നത് ഷോക്കിന്റെ ആണെന്നാ, അന്ന് അതൊക്ക അവൻ കണ്ടുപേടിച്ചിട്ടുണ്ട്., വാതുറന്നു എന്തേലും മിണ്ടിയാൽ അല്ലേ എന്താന്നറിയൂ. മോള് പോയി അവന്റെകൂടെ ഇരുന്നോ.. സൂക്ഷിച്ചോണം അവനെ.. കേട്ടോ..”
അവളെ പറഞ്ഞു ഹരീടെ അടുത്ത് വിട്ടിട്ടു ആര്യയുടെ അച്ഛൻ അമ്മയോട് :
“ജാനകിയും ഇതുവരെ ആയിട്ടില്ലല്ലേ ലക്ഷ്മിയേ, അവളവിടെ പോകുവാന്നും പറഞ്ഞു നിക്കുവാ, അവളും നമ്മുടെ കയ്യീന്നു പോകോടി?..”
“ജാനകി ഇപ്പൊ അവിടെ പോയിട്ട് എങ്ങനെ ജീവിക്കണെന്നാ പറയണേ?. അവൾ ഇവിടെ നിക്കട്ടെ, എനിക്ക് പേടി ശ്രീയെ ഓർത്താ.. അവന് ഒരു മാറ്റം ഉണ്ടായിരുന്നേൽ!.. അച്ചൂനും അത് കണ്ട് സങ്കടാ. അവര് മൂന്നും ഒന്നിച്ചു കളിച്ചു നടന്നതല്ലേ..”