എന്റെ സുഖം ഇവളിലാ
സാധനങ്ങളൊക്കെ വാങ്ങാൻ പോവണ്ടേ?
ദേവു എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചപ്പോൾ ഞാൻ പോവാം എന്ന് തലകുലുക്കി അറിയിച്ചു…
ന്നാ വാ.. എഴുന്നേക്ക്
കട്ടിലിൽ എഴുന്നേറ്റിരുന്നുകൊണ്ട് ദേവു പറഞ്ഞപ്പോ ഞാൻ ഒരു സൈഡിലേക്ക് നീങ്ങി ദേവൂനെ തന്നെ നോക്കിക്കിടന്നു…
ഡാ…. ഇനിയും കിടക്കാൻ നിൽക്കണ്ട കേട്ടോ..
എന്നും പറഞ്ഞിട്ട് അഴിഞ്ഞുപ്പോയ മുടി വാരിക്കെട്ടി ദേവു മുറിയിൽനിന്നും പുറത്തേക്കിറങ്ങിപ്പോയി…
ഞാൻ പിന്നെയും അങ്ങനെ കിടന്ന് ചെറുതായൊന്ന് മയങ്ങിപ്പോയി.
ദേവുന്റെ.. ഡാ..എന്ന വിളിയും ഒപ്പം എന്തോ വെച്ച് കൈക്കൊരു അടിയും കിട്ടിയപ്പോഴാണ് ഞാനാ കുഞ്ഞുമയക്കം വിട്ട് ഉണർന്നത്.. നോക്കുമ്പോ ഒരു കയ്യിൽ എന്റെ ബ്രഷും മറുകയ്യിൽ പേസ്റ്റും പിടിച്ച് നിൽക്കുകയാണ് മിസ്സിസ് ദേവയാനി അഭിരാജ്. ദുഷ്‌ട !!, അപ്പോ ആ ബ്രഷ് വെച്ചാണ് ഈ പാവത്തിനെ അടിച്ചത് !!.
കുളിച്ച് തോർത്തും തലയിൽ കെട്ടിയാണ് മിസ്സിസിന്റെ നിൽപ്പ്, പക്ഷെ വസ്ത്രം ഇന്നലെ രാത്രി കിടക്കാൻ നേരം ഇട്ട പച്ച ഗൗൺ തന്നെയാണ്. ഞാൻ കണ്ണ് പാതി തുറന്ന് ദേവൂനെ നോക്കിക്കിടന്നു…
നിന്നോട് ഞാൻ എഴുന്നേൽക്കാൻ പറഞ്ഞതല്ലേ…മതി കിടന്നത്.. പോയി പല്ല് തേക്ക്..
ദേവു ഒട്ടും ദയയില്ലാതെ കലിപ്പിൽത്തന്നെ പറഞ്ഞു.
ഇനിയും കിടന്നാൽ ഈ സാധനം എന്നെ ഇനീം ഇടിക്കാൻ ചാൻസുണ്ട്, എന്നാലും ഇതെന്ത് കഷ്ടാ…. പണ്ടത്തെ പോലെയാണോ? ഞാനിപ്പോ ദേവൂന്റെ ഭർത്താവല്ലേ .. ആ ഒരു പരിഗണന തരണ്ടേ !!