എന്റെ സുഖം ഇവളിലാ
ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസിലിരുന്ന് സിസ്റ്റത്തിൽ യൂട്യൂബ് എടുത്ത് ഒരു സായിപ്പ് പാമ്പിനെ പിടിക്കുന്ന വീഡിയോ കണ്ടിരിക്കുമ്പോഴാണ് ചിത്രയുടെ കോൾ വരുന്നത്.
ഹലോ…ഡാ ദേവൂന് പെയിൻ തുടങ്ങി, ഞങ്ങള് ഹോസ്പിറ്റലിലേക്ക് പോവുന്ന വഴിയാ…. നീ വേഗം വാ..
അയ്യോ…ആ ഓക്കേ..
ലൈഫ് കെയറിലേക്കാണ് ട്ടോ കൊണ്ടൊവുന്നെ..
ടെൻഷനിൽ ഏത് ഹോസ്പിറ്റലാണെന്ന് പോലും ചോദിക്കാൻ മറന്ന എന്നെ അവൾ ഓർമ്മപ്പെടുത്തി. ശരിയെന്നും പറഞ്ഞ് ഞാൻ വേഗം ഓഫീസിൽ നിന്ന് ഇറങ്ങി.
നേരെ ഹോസ്പിറ്റലിലേക്ക്. ഹൃദയം പടപടാ മിടിക്കുകയായിരുന്നു, കയ്യും കാലും വിറയ്ക്കുന്നു. ഞാൻ എത്തുമ്പോഴേക്കും ദേവൂനെ ലേബർ റൂമിലേക്ക് കയറ്റിയിരുന്നു, റോഷനും ചിത്രയും അമ്മുവും പുറത്ത് തന്നെയുണ്ട്. ഞാനാ മുറിക്ക് പുറത്തൂടെ തലങ്ങും വിലങ്ങും നടന്നു.
നീ ഇങ്ങനെ മലയാള സിനിമയിലെ ക്ലിഷേ പ്രസവ സീനുകളിൽ ഭർത്താവ് നടക്കുന്നപോലെ ഈ ലേബർ റൂമിന്റെ മുന്നിൽ ഇങ്ങനെ തലങ്ങും വിലങ്ങും നടക്കാതെ ഇവിടെ വന്ന് ഇരിക്ക് അഭീ..
റോഷൻ അത് പറഞ്ഞിട്ടും എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല, ഈശ്വരാ എന്റെ ദേവൂനെയും കുഞ്ഞിനേയും ഒരു കുഴപ്പവും ഇല്ലാതെ ഇങ്ങ് തന്നേക്കണേ…
അമ്മു അവിടെ ചിത്രയുടെ മടിയിൽ തല വെച്ചു കിടപ്പാണ്… പാവം, അതിനും നല്ല ടെൻഷനുണ്ട്.