എന്റെ സുഖം ഇവളിലാ
ഓ… കുഞ്ഞിന് മാത്രേ ഉള്ളോ ?
ഉമ്മ കൊടുത്തശേഷം വയറ്റിൽ ഒന്ന് തഴുകുമ്പോൾ ദേവൂന്റെ കുശുമ്പോടെയുള്ള ചോദ്യം കേട്ടപ്പോഴാണ് കക്ഷി എഴുന്നേറ്റ് കിടക്കുകയാണെന്ന് അറിഞ്ഞത്…
അല്ല, അമ്മയ്ക്കുമുണ്ട്
എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു.
ഓ, എനിക്കൊന്നും വേണ്ട…. നീ നിന്റെ കുഞ്ഞിന് തന്നെ കൊടുത്തോ കുമ്മ.
മുഖം അടുപ്പിച്ച് ചുംബിക്കാൻ ചെന്ന എന്നെ തടഞ്ഞുകൊണ്ട് ദേവു പരിഭവിച്ചു…
അയ്യേ, നമ്മടെ കുഞ്ഞിനോടും ഉണ്ടോ ദേവൂസിന് ഈ കുശുമ്പ്?
എനിക്കാരോടും കുശുമ്പൊന്നുമില്ല !!
ദേവു ഒരു ഒഴുക്കൻ മട്ടിൽ മറുപടി തന്നു…
അത് മനസ്സിലായി!!
ഞാൻ അർത്ഥം വെച്ച് പറഞ്ഞുകൊണ്ട് ചിരിച്ചപ്പോൾ ദേവു എന്റെ ചെവി പിടിച്ച് മെല്ലെ തിരിച്ചു.
പെട്ടെന്നാണ് ഞാൻ ക്ലോക്കിലേക്ക് നോക്കിയത്, സമയം ഏഴര കഴിഞ്ഞിരിക്കുന്നു.
അയ്യോ….
ഞാൻ ചാടി എഴുന്നേറ്റു..
എന്ത് പറ്റി?
പെട്ടെന്നുള്ള എന്റെ വെപ്രാളം കണ്ട് ദേവു സംശയത്തോടെ ചോദിച്ചു
ലേറ്റായി…. ഓഫീസിൽ പോവണ്ടേ ?
എന്നും പറഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞ എന്നെ ദേവു തടഞ്ഞു
ഇന്ന് പോവണ്ട.
ദേവു കൊഞ്ചിക്കൊണ്ട് പറഞ്ഞു…
എന്റെ ഭാര്യയുടെ അധികം കാണാത്ത ഭാവം പെട്ടെന്ന് കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ച് പോയെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതം മൂളി.