എന്റെ സുഖം ഇവളിലാ
ദേവു പിന്നേം സ്വയം സംസാരിച്ചുകൊണ്ടിരുന്നു.
എന്ത് പറയും എന്ത് ചെയ്യും എന്നൊന്നും അറിയാതെ നട്ടംതിരിഞ്ഞ എന്നെ രക്ഷിച്ചത് അമ്മുവാണ്. ബെഡ്റൂമിന്റെ വാതിലിൽ മുട്ട് കേട്ടപ്പോൾ എന്നെയീ കുരുക്കിൽനിന്ന് രക്ഷിക്കാൻ വന്ന സൂപ്പർഹീറോ ആണ് അമ്മൂസെന്ന് തോന്നിപ്പോയി.
അടി നിർത്തി ഞങ്ങള് രണ്ടുപേരും ഒരേപോലെ വാതിൽക്കലേക്ക് നോക്കിയതും ആ വാതിലും തുറന്ന് എന്റെ പവർഗേൾ അകത്തേക്ക് കയറി. വെള്ള ഉടുപ്പിട്ട് സുന്ദരിയായിട്ടാണ് അമ്മൂസിന്റെ എൻട്രി.
എന്താ ഇങ്ങനെ ഇരിക്കുന്നെ? വാ വാ…
അമ്മു വന്ന് വിളിച്ചതും ദേവു വേഗം എഴുന്നേറ്റു.
ഇത്തേടെ പേരും പറഞ്ഞുള്ള അടിയുടെ ഹാങ്ങോവറിൽ ആയത്കൊണ്ട് ഞാൻ അങ്ങനെ തന്നെ ഇരുന്നു.
ഇതെന്താ ചേട്ടായീടെ മുഖം കടന്നല് കുത്തിയപോലെ. അടിയായോ?
മ്ച്…
ഞാൻ അമ്മുനെനോക്കി ചുമല് കൂച്ചി ഇല്ലെന്ന് കാണിച്ചു
എന്നാ രണ്ടാളും വാ…
എന്നും പറഞ്ഞ് അമ്മു തിരിച്ച് നടന്നു
ഡാ.. മതി ആ മറ്റവളെപ്പറ്റി ഓർത്തത്, വന്നേ..
എന്നും പറഞ്ഞ് ചിരിച്ചോണ്ട് എന്റെ കവിളത്തിട്ട് പതിയെ അടിച്ചിട്ട് ദേവുവും അമ്മൂന്റെ പിന്നാലെ പോയി.
ദേവു തിരിഞ്ഞ് നടക്കുന്നതും നോക്കി ഞാനൊരു നിമിഷം അങ്ങനെ ഇരുന്നുപോയി. എന്താ ഈ സാധനം ഇങ്ങനെ? ഇതിപ്പോ എന്തിനാ ഒരാവശ്യവും ഇല്ലാതെ എന്റെ മെക്കിട്ട് കേറിയത്? എന്റെയൊരു അവസ്ഥ!