എന്റെ കഥ.. നിങ്ങളുടേയും
എന്റെ കണ്ണു മഞ്ഞളിച്ചുപോയി. അത്രയ്ക്ക് പ്രകാശം ഉണ്ടായിരുന്നു അവിടെ. പെട്ടെന്നുതന്നെ ഞാൻ പുറകിലേക്ക് വലിഞ്ഞു.
ആ പിൻവാങ്ങലിൽ എന്റെ കൈകൾ കൽപാളിയിൽ അമർത്തിയിരുന്നു. ആ ശക്തിയിൽ കൽപാളി നടുവിൽ നിന്നും പാതി തുറന്നുനിന്നു.
പ്രകൃതിയിൽ ഇത് സ്വാഭാവികമായി ഉണ്ടാവുക അസാധ്യം. ഇത് വേറെ ആരുടെയോ സൃഷ്ടിയാണ്.
ഞാൻ സൂക്ഷിച്ചുള്ളിലേക്ക് നടന്നു.
ഞാൻ കയറിയതും ആ കൽപാളി വീണ്ടും പഴയതു പോലെയായി. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. കല്ലുകൊണ്ടുള്ള ഒരു സിലിണ്ടർ. അങ്ങനെ വേണം ഈ ഗുഹയെ പറയാൻ.
മാർബിളുകൾ പതിച്ച നിലം. ഞാൻ കയറിവന്നതുൾപ്പെടെ ആറ് വലിയ കൽപാളികൾ വൃത്താകൃതിയിൽ എനിക്ക് ചുറ്റും.. എല്ലാ പാളികളും ഒരു കണ്ണാടിപോലെ പ്രതിഫലിക്കുന്നു. എവിടെ നോക്കിയാലും ഞാൻ തന്നെ. ഒരു വലിയ ഹാളിനോളം വലുപ്പമുണ്ട് ഗുഹയുടെ നിലത്തിന്.
ഈ പാളികൾക്ക് മുകളിലായി കുറെയേറെ ചെറിയ പാളികൾ അടുക്കിവെച്ചിരിക്കുന്നു. അവയിലും കണ്ണാടിപോലെ പ്രകാശം പ്രതിഫലിക്കുന്നുണ്ട്.
എറ്റവും മുകളിലായി വൃത്താകൃതിയിലുള്ള ഒരു തുറവിയുണ്ട്. ഒരു നാലാൾ പൊക്കത്തിൽ. അതിലൂടെ വെളിച്ചം കടന്നുവരുന്നു. ഒരു മകുടം പോലെ ആ തുറവി ഗുഹയെ മറച്ചുനിക്കുന്നുണ്ട്.
മുകളിൽ നീലാകാശം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. മുകളിലെ വരിയിലുള്ള കണ്ണാടിപ്പാളികൾ പ്രകാശം ഗുഹയിൽ ഒരുപോലെ വിന്യസിപ്പിക്കുന്നുണ്ടായിരുന്നു.