എന്റെ കഥ.. നിങ്ങളുടേയും
കൈയ്യിലെ ഫോൺ ഷോർട്ട്സിന്റെ പോക്കറ്റിലിട്ട് സേഫ് ആക്കിവെച്ചു.
“ഹമ്മേ..!”
വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ എത്തുന്നതിന് തൊട്ടു മുൻപ് കൈ തെറ്റി ഞാൻ താഴേക്കുവീണു.
20 അടി താഴ്ചയിൽ ഒരു ഗുഹയിലാണ് ഞാനിപ്പോൾ.
വെള്ളത്തിലേക്ക് വീണതുകൊണ്ടു മാത്രം രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.
ചാടിയെണീറ്റ ഞാൻ ഫോൺ എടുത്തു നോക്കി. വർക്കിംഗ് ആണ്. ചെറുതായിട്ട് ചില്ലു പൊട്ടിയിട്ടുണ്ട്. ഇപ്പോൾ ആരെയും വിളിക്കാൻ നിക്കണ്ട.
അച്ഛനും അമ്മയും അറിഞ്ഞാൽ പിന്നെ ഇങ്ങോട്ടു ഒരിക്കലും വരാൻ പറ്റിയെന്നുവരില്ല.
തിരിച്ചു മുകളിലേക്ക് കയറുക അസാധ്യമാണെന്ന് പെട്ടന്നുതന്നെ ഞാൻ മനസിലാക്കി.
വീണ ഗുഹയുടെ ഉള്ളിലൂടെ ഒരു വഴി കാണുന്നുണ്ട്. ചെറിയ വെളിച്ചം ദൂരെ നിന്നും വരുന്നതുകൊണ്ട് അത് പുറത്തേക്കുള്ള വഴി ആവാം എന്ന് ഞാൻ കണക്കുകൂട്ടി.
ഫോണിലെ ഫ്ലാഷ് ലൈറ്റും കത്തിച്ചു ഞാൻ മുൻപോട്ടു നടന്നു.
ഒരു പത്തുമിനിട്ടോളമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട്. വെളിച്ചം അകന്നു പോവുന്നപോലെ തോന്നിയെങ്കിലും ഒടുവിൽ ഞാൻ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി.
ഒരു വലിയ കൽപാളിയുടെ പുറകിൽനിന്നാണ് ആ വെളിച്ചം. ചതുരാകൃതിയിൽ ആരോ മുറിച്ചുവെച്ച ഒരു വാതിൽ പോലൊരു കൽപാളി.
കൽപാളിയുടെ ചെറിയ വിടവിലൂടെ ഞാൻ അകത്തേക്ക് നോക്കി.