എന്റെ കഥ.. നിങ്ങളുടേയും
എന്റെ കഥ – പിറ്റേന്നു നേരം വെളുക്കുമ്പോ സൂര്യൻ കത്തിനിക്കുന്നു. ഇത്രയും ദിവസം ഒളിച്ചിരുന്നതിന്റെ മുഴുവൻ കേടും തീർക്കാനുള്ള ഭാവമാണെന്ന് തോന്നുന്നു.
ഞാൻ വീടിന് വെളിയിലേക്കിറങ്ങി. ദൂരെ .. വെള്ളച്ചാട്ടം ശാന്തമായി ഒഴുകുന്നു.
ഇന്നലെ മഴയത്ത് എത്ര കലങ്ങി ഒഴുകിയതാണ്. പറ്റിയാൽ ഇന്ന് വെള്ളച്ചാട്ടത്തിൽ ഒന്ന് കുളിക്കണം.
അനിയനും അനിയത്തിയും കട്ടിലിൽ ഇല്ല. രണ്ടാളും നേരത്തെ എണീറ്റിട്ടുണ്ടാവണം. ഞാൻ പതിയെ പല്ലു തേച്ചു അടുക്കളയിലേക്ക് ചെന്നു.
പുട്ടും ചായയും ഇരിപ്പുണ്ട്.
ഞാൻ അതെടുത്തു ഹാളിൽ വന്നിരുന്നു കഴിക്കാൻ തുടങ്ങി.
“എണീറ്റോ “
എന്നും ചോദിച്ചു അനിയത്തി വന്നു. പാൽചായ തണുത്തു പോയിരുന്നു. അവൾ അതും മേടിച്ചു ചൂടാക്കി കൊണ്ടുവന്നു.
“അവൻ എവിടെ?”
ഞാൻ ചോദിച്ചു.
“സിനിമ കാണുന്നുണ്ട്.”
“ഞാൻ കുറച്ചുകഴിഞ്ഞു വെള്ളച്ചാട്ടത്തിലേക്ക് പോകുന്നുണ്ട്.”
“ഞങ്ങളും വരും”
“വേണ്ട. നിങ്ങളോട് പോവണ്ടന്ന് അച്ഛൻ പറഞ്ഞിട്ടില്ലേ. കൊണ്ടുപോയാൽ ഞാൻ വഴക്കു കേൾക്കും.”
അനിയത്തിയുടെ മുഖം വാടി. പിണങ്ങാനുള്ള ഭാവമാണ് മുഖത്ത്.
“ആ .. പിണങ്ങേണ്ട. ഇന്ന് വരണ്ട. മഴ പെയ്തത് കാരണം വഴി മുഴുവൻ തെന്നിക്കിടക്കാനാണു സാധ്യത. വേറെയൊരു ദിവസം നമ്മൾക്ക് മൂന്നാൾക്കും പോവാം.”
അതിനവൾ തലയാട്ടി സമ്മതിച്ചു.