എന്റെ കഥ.. നിങ്ങളുടേയും
എന്റെ കഥ – എന്റെ വീടിനോട് ചേർന്ന് ഒരു ചെറിയ കാടാണ്. അതിനുള്ളിലുള്ള വെള്ളച്ചാട്ടം നിറഞ്ഞുകവിഞ്ഞു ഒഴുകുന്നുണ്ട്. അതിൻ്റെ ശബ്ദം പതിവായി കേൾക്കുന്നതാണെങ്കിലും ഇന്നത്, ഇതുവരെയും കേൾക്കാത്ത അത്ര ശക്തമായിരുന്നു. അത്രയ്ക്ക് ശക്തമായി കോരിച്ചൊരിയുന്ന മഴയിൽ ജനാലയിലൂടെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.
മഴ തുടങ്ങിയിട്ട് ആഴ്ചകളായി. സൂര്യനെ കാണാൻ കിട്ടുന്നില്ല. അവധിക്കാലം എല്ലാം മഴ കൊണ്ടുപോകുമെന്നാണ് തോന്നുന്നത്.
കുറെ നേരമായി ഞാൻ വെള്ളച്ചാട്ടത്തിന്റെ പതിവില്ലാത്ത ശബ്ദവും കേട്ടുകൊണ്ട് കിടക്കാൻ തുടങ്ങിയിട്ട്.
കിടന്ന് മടുത്തപ്പോൾ മുറിയിൽ നിന്നും ഞാൻ ഹാളിലേക്ക് നടന്നു.
അനിയനും അനിയത്തിയും ടീവിയിൽ എതോ ഇംഗ്ലീഷ് മൂവി കണ്ടുകൊണ്ടിരിക്കുന്നു. അനിയത്തിയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് അനിയൻ.
എന്നേക്കാൾ ഒരു വയസ്സുമാത്രം ഇളയതാണ് രണ്ടാളും. മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകൾ.
മുഖംകൊണ്ട് ഐഡന്റിക്കൽ ട്വിൻസ് അല്ലെങ്കിലും സയാമീസ് ഇരട്ടകളെപ്പോലെയാണ് രണ്ടാളും. എപ്പോഴും ഒരുമിച്ച്. ആഹാരം കഴിക്കുന്നതും കോളേജിൽ പോവുന്നതും എന്തിന്, അടുത്ത കാലംവരെ ഉറക്കവും ഒരുമിച്ചായിരുന്നു.
അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുന്നു. രാവിലെ 7ന് പോയാൽ രാത്രി 7 കഴിയും അവർ തിരിച്ചുവരാൻ. അത് വരെയും ഇവരെ നോക്കൽ എന്റെ ചുമതലയാണ്.