എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – അഞ്ജലിക്കു കുറച്ചു തടിവച്ചാൽ എങ്ങനെയിരിക്കുമോ അതുപോലെയാണ് സരോജയെ കാണാൻ. വിടർന്ന കണ്ണുകളും ഐശ്വര്യം തുളുമ്പുന്ന മുഖവുമുള്ള കുലീനയായ ഒരു സ്ത്രീ.
സരോജയ്ക്ക് അപ്പുവിനെ നന്നായി പിടിച്ചിരുന്നു.
ഒരു മകൻ ഇല്ലാത്തതിന്റെ വിഷമം മനസ്സിൽ ഇട്ടുകൊണ്ട് നടന്ന അവർ മരുമകൻ എന്ന നിലയ്ക്കല്ല മറിച്ച് മകനായാണ് അവനെ കണ്ടത്.
അമ്മയില്ലാതെ വളർന്ന അപ്പുവും തനിക്ക് ലഭിക്കാതെ പോയ മാതൃത്വം അവരിൽ കണ്ടെത്തി.
അവർ തമ്മിൽ നല്ല കൂട്ടായിരുന്നു.
കൃഷ്ണകുമാറിനെ അങ്കിൾ എന്നു വിളിക്കുമ്പോഴും സരോജയെ അമ്മ എന്നാണ് അവൻ അഭിസംബോധന ചെയ്യുന്നത്.
‘തുലാഭാരം? അത് കൊച്ചു പിള്ളേർക്കല്ലെ നടത്തുന്നത് അമ്മേ.'
അവൻ ചോദിച്ചു.
‘അങ്ങനെ ഒന്നും ഇല്ല.എപ്പൊ വേണമെങ്കിലും ആർക്കും നടത്താം'
സരോജ പറഞ്ഞു.
‘ഓഹോ എന്തുകൊണ്ടാണു തുലാഭാരം?'
അവൻ അവരോടു ചോദിച്ചു.
‘താമരപ്പൂവ്, താമരയിതൾ പോലെ ചുവന്നു സുന്ദരനായ അപ്പുവിനു താമരപ്പൂ കൊണ്ടു തുലാഭാരം.'
അവന്റെ കവിളിൽ പിച്ചിക്കൊണ്ട് സരോജ പറഞ്ഞു.
ഇടവപ്പാതിയുടെ സുഖകരമായ തണുപ്പും ആലസ്യവും തീർത്ത ഉറക്കത്തിൽ കിടന്ന അപ്പുവിനെ ഉണർത്തിയത് അഞ്ജലിയുടെ ശബ്ദമാണ്.
തുലാഭാരക്കുട്ടി കിടന്നു ഉറങ്ങുവാണോ, എണീക്ക് ചെക്കാ, ഞങ്ങൾ എല്ലാവരും ഒരുങ്ങി.'
അവന്റെ പിൻവശത്ത് പിച്ചിക്കൊണ്ട് കിലുകിലെ ശബ്ദത്തിൽ അവൾ പറഞ്ഞു.
അപ്പു ഞെട്ടി എഴുന്നേറ്റു.
അഞ്ജലി ഒരു സെറ്റ് സാരിയായിരുന്നു ഉടുത്ത് നിന്നത്ത്. സ്വർണക്കസവുള്ള സാരി.
സ്വർണനിറത്തിലുള്ള ഒരു ബ്ലൗസും വൈരനേക്ലേസും അണിഞ്ഞ അവൾ പതിവിലും സുന്ദരി ആയെന്ന് അപ്പുവിന് തോന്നി.
അവളുടെ കൈയിൽ ഒരു കപ്പ് ആവി പറക്കുന്ന ചായ ഇരുപ്പുണ്ടായിരുന്നു.
ഏതോ ക്ഷേത്രത്തിലെ ദേവി തനിക്കു ചായയുമായി രാവിലെ എത്തിയെന്ന് അപ്പുവിനു തോന്നി.
അവൻ അവളെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇട്ടു.
അവളുടെ പവിഴചുണ്ടുകളിൽ അവൻ ഇറുക്കി ചുംബിച്ചു.
‘
ദേ ചെക്കാ, വ്രതം മുടക്കേണ്ട.'
‘എനിക്കിനി കാത്തിരിക്കാൻ വയ്യ.'
‘ശ്ശോ ഇന്നു വൈകുന്നേരം കൂടി കാത്തിരുന്നാൽ മതിയെന്നേ..'
അഞ്ജലി പെട്ടെന്നെഴുന്നേറ്റു തന്റെ സാരിയിലെ ചുളിവുകൾ നിവർത്തി.
‘പോ, പോയി കുളിക്ക്'
അവൾ അവനെ കുളിമുറിയിലേക്കു തള്ളിവിട്ടു.
അപ്പും അഞ്ജലിയും കൃഷ്ണകുമാറിനും സരോജയ്ക്കുമൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴേക്ക് തുലാഭാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു.
അല്ലാ, ഇന്നെല്ലാം കൊണ്ടും പുണ്യദിവസമാണല്ലോ കൃഷ്ണേട്ടാ, ചെർപുളശ്ശേരി ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്. സമയംണ്ടച്ചാ അദ്ദേഹത്തെ ഒന്നു കണ്ട് ജാതകമൊക്കെ ഒന്നു നോക്ക്വാ.'
ക്ഷേത്രത്തിലെ സെക്രട്ടറി രാമൻ കൈമൾ കൃഷ്ണകുമാറിനോടു പറഞ്ഞു.
‘ആഹാ അദ്ദേഹം ഇവിടെ എത്തിയോ'
കൃഷ്ണകുമാർ സന്തോഷത്തോടെ ചോദിച്ചു.
പാലക്കാട്ടെ ഏറ്റവും പ്രശസ്തനായ കണക്കനും ജ്യോതിഷിയുമാണ് ചെർപ്പുളശേരി ബ്രഹ്‌മദത്തൻ നമ്പൂതിരി. ജ്യോത്സ്യം അരച്ചുകലക്കിക്കുടിച്ചയാ്ൾ.
ഒരു ഡോക്ടറും ചെർപ്പുളശേരിയിലെ പ്രമാണിയുമായ ബ്രഹ്‌മദത്തൻ നമ്പൂതിരിക്കു ജ്യോത്സ്യമെന്നാൽ പരിശുദ്ധമായ കർമമാണ്. അതിനാൽ തന്നെ ജാതകം നോക്കുന്നതിനും മറ്റും അദ്ദേഹം പണം ഈടാക്കാറില്ല.
പറയുന്നത് അച്ചട്ടാണ്.
ബ്രഹ്‌മദത്തൻ നമ്പൂതിരി ഒരു മലയിടിയുമെന്നു പ്രവചിച്ചാൽ എലി തുരന്നിട്ടാണേലും അതുസംഭവിക്കുമെന്നാണു വിശ്വാസം.
കൃഷ്ണകുമാറും സരോജയും അപ്പുവിനും അഞ്ജലിക്കുമൊപ്പം, ബ്രഹ്‌മദത്തൻ നമ്പൂതിരി ഇരിക്കുന്നിടത്തെത്തി.
ധ്യാനനിമഗ്നനായി ഇരുന്ന നമ്പൂതിരി പാദപതനത്തിന്റെ ശബ്ദം കേട്ട് അവരെ നോക്കി.
‘കൃഷ്ണാ താനോ, മകളുടെ വിവാഹം കഴിഞ്ഞല്ലേ, വരാനൊത്തില്ല, കശ്മീരിലായിരുന്നു'
അദ്ദേഹം പറഞ്ഞു.
‘
മ്മ്, ക്ഷണക്കത്ത് ഇല്ലത്തേക്കു കൊടുത്തു വിട്ടിരുന്നു, സാരമില്ല തിരുമേനീ,അങ്ങും നമ്മുടെ പ്രധാനമന്ത്രിയുമൊക്കെ മുക്കാൽ സമയവും യാത്രയിലാണല്ലോ'
കൃഷ്ണകുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘ഇവരാണല്ലേ യുവമിഥുനങ്ങൾ
അപ്പുവിനെയും അഞ്ജലിയെയും നോക്കി നമ്പൂതിരി പറഞ്ഞു.
കൊള്ളാം രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയുണ്ട് ‘
അഞ്ജലി മെല്ലെ അപ്പുവിന്റെ തോളത്ത് ഒന്നിടിച്ചശേഷം അവനെ നോക്കി പുഞ്ചിരിച്ചു.
അടങ്ങിയിരിക്കൂ എന്നു ശാസനാഭാവത്തിൽ അപ്പു അവളെ നോക്കി.
‘തിരുമേനിയെക്കൊണ്ട് ഇവരുടെ ജാതകം നോക്കണം എന്നായിരുന്നു ആഗ്രഹം. വിവാഹത്തിനു മുന്നെ സാധിച്ചില്ല, ഇപ്പോൾ സമയമുണ്ടാകുമോ'
കൃഷ്ണകുമാർ ചോദിച്ചു.
‘ഇനിയിപ്പോ എന്താ അതിനു പ്രസക്തി, ഏതായാലും നോക്കാം'
ബ്രഹ്‌മദത്തൻ ചിരിയോടെ പറഞ്ഞു.
കൃഷ്ണകുമാർ ഇരുവരുടെയും ജാതകവും ജനനസമയക്കുറിപ്പും അദ്ദേഹത്തിനു നേരെ നീട്ടി.
അതു വാങ്ങിയ ശേഷം ഒന്നു മനസ്സിരുത്തി പ്രാർഥിച്ച ശേഷം അദ്ദേഹം ഒത്തു നോക്കി.
‘പൊരുത്തങ്ങളുടെ സമ്മേളനം', അദ്ദേഹം പറഞ്ഞു.
‘ഈ ജാതകങ്ങൾ പരസ്പരപൂരകമാണ്. ഈ സ്ത്രീജാതകത്തിനു ഈ പുരുഷ ജാതകം മാത്രമേ ചേരൂ..അപ്പൂം അഞ്ജലിയും തമ്മിലുള്ള വിവാഹം സാക്ഷാൽ ഈശ്വരൻ തന്നെ തീരുമാനിച്ചതാണെന്നു സാരം.'
ബ്രഹ്‌മദത്തന്റെ ആ മറുപടി എല്ലാവരുടെയും മനസ്സിൽ കുളിർ നിറച്ചു.
അഞ്ജലിയുടെ മുഖം നിറനിലാവുപോലെ പൂത്തുവിടർന്നു.
അപ്പുവിന്റെ പെണ്ണ്, അപ്പുവിനായി ഈശ്വരൻ നിശ്ചയിച്ച പെണ്ണ്, ഇതിൽപരം സന്തോഷം അവൾക്കു ലഭിക്കാനില്ലായിരുന്നു.
തുടർന്ന് ബ്രഹ്‌മദത്തൻ അപ്പുവിന്റെ ജന്മസമയത്തേക്ക് ഒന്നു കണ്ണോടിച്ചു, ‘
‘ഈശ്വരാ',
അദ്ദേഹം ഒരുമാത്ര അറിയാതെ വിളിച്ചു.
വെളുത്തു സുന്ദരമായ ബ്രഹ്‌മദത്തന്റെ മുഖം ഒരുവേള ഇരുണ്ടു.
നൊടിയിടയിൽ കൃത്രിമത്വം പോലെ അ്ദ്ദേഹം ഒന്നു പുഞ്ചിരിച്ചു.
‘അപ്പോൾ കാര്യങ്ങൾ നടക്കട്ടെ'
അദ്ദേഹം കൃഷ്ണകുമാറിനോടും കുടുംബത്തോടും പറഞ്ഞു.
അവർ നന്ദിപൂർണമായ ചിരിയോടെ പിൻവാങ്ങി.
‘അപ്പു ഒരു നിമിഷം ഇങ്ങട്ടു വര്വാ, ഒരു കാര്യം ചോദിക്കാനുണ്ട്'
തിരിഞ്ഞുനടന്ന അപ്പുവിനെ അദ്ദേഹം വിളിച്ചു.
ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം അപ്പു അദ്ദേഹത്തിനു സമീപം എത്തി.
കൃഷ്ണകുമാറും സരോജയും അഞ്ജലിയും ക്ഷേത്രത്തിൽ കണ്ട പരിചയക്കാരായ ഒരു കുടുംബവുമായി സംസാരിച്ചു നിൽക്കുകയായിരുന്നു.
‘അപ്പു ഇരിക്യാ.'
ബ്രഹ്‌മദത്തൻ പറഞ്ഞു,
അദ്ദേഹം അവന്റെ ജനനസമയത്തിലേക്ക് ഒന്നുകൂടി കണ്ണോടി്ച്ചു.
‘മകയിരം നക്ഷത്രത്തിൽ കൃഷ്ണപക്ഷത്തിൽ ജനിച്ച അപ്പു',
അദ്ദേഹം അവനോടു ചോദിച്ചു,
അപ്പു ഒന്നും മനസ്സിലാകാതെ തലയാട്ടി.
‘ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ'
അദ്ദേഹം വീണ്ടും അപ്പുവിനോടു ചോദിച്ചു.
‘ചോദിക്കൂ തിരുമേനീ,'
അപ്പു വേപഥുവോടെ പറഞ്ഞു.
‘അപ്പുവും അഞ്ജലിയും തമ്മിൽ ഇതുവരെ ശാരീരിക ബന്ധം നടന്നിട്ടില്ല, ശരിയല്ലേ'
അദ്ദേഹം ചോദിച്ചു.
അപ്പു ഞെട്ടിത്തരിച്ചു.
ഇദ്ദേഹം ഇതെങ്ങനെ മനസ്സിലാക്കിയെന്ന് അവന് മനസ്സിലായില്ല,
ചെർപുളശേരി ബ്രഹ്‌മദത്ത്ൻ നമ്പൂതിരിയുടെ ജ്യോതിഷപാണ്ഡിത്യം കള്ളമല്ലെന്ന് അപ്പുവിനു മനസ്സിലായി.
‘ഇല്യ നടന്നിട്ടില്യ, അങ്ങേക്ക് എങ്ങനെ മനസ്സിലായി'
അപ്പു ജിജ്ഞാസയോടെ ചോദിച്ചു.
‘എനിക്കു മനസ്സിലായി അപ്പൂ ‘ ,
ഒരു വേള നിർത്തിയ ശേഷം ഇടർച്ചയോടെ ഇടിത്തീ പോലെ അദ്ദേഹമതു പറഞ്ഞു.
‘അങ്ങനെ നടന്നിരുന്നെങ്കിൽ അഞ്ജലി ..'
അദ്ദേഹം ഒന്നു നിർത്തി.
‘അഞ്ജലിക്ക്…'
അപ്പു സ്വൽപം ശബ്ദമുയർത്തിത്തന്നെ ചോദിച്ചു.
‘ ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു. ‘
ബ്രഹ്‌മദത്തൻ അപ്പുവിനു മുഖം നൽകാതെ പറഞ്ഞു.
ആ വാക്കുകൾ …ബ്രഹ്‌മദത്തൻ തിരുമേനിയുടെ ആ വാക്കുകൾ അപ്പുവിന്റെ നെഞ്ചിലേക്കു കൂരമ്പുകൾ പോലെ തറഞ്ഞു കയറി,
‘അങ്ങെന്തൊക്കെയാണ് ഈ പറയുന്നത്'
അപ്പു അലറുകയായിരുന്നു.
‘ശാന്തനാകൂ അപ്പൂ,'
ബ്രഹ്‌മദത്തൻ അവന്റെ കൈയിൽ മെല്ലെ അടിച്ചുകൊണ്ടു പറഞ്ഞു.
‘അപ്പുവിന്റെ ജാതകം ശ്രേഷ്ഠ ജാതകമാണ്. അത്യുന്നതങ്ങളിലേക്കു പോകേണ്ടവൻ ആണപ്പു. പക്ഷേ…..'
അദ്ദേഹം അർധോക്തിയിൽ നിർത്തി.
‘പക്ഷേ എന്തു പക്ഷേ പറയൂ തിരുമേനീ'
അപ്പു കരച്ചിൽ പോലെ ചോദിച്ചു.
‘അപ്പുവിന്റെ ജനനസമയമാണ് വില്ലൻ. സാധാരണ ജാതകങ്ങളിൽ നവഗ്രഹങ്ങളാകും ഒരാളുടെ സ്ഥിതിയും ഭാവിയും നിർണയിക്കുക. എന്നാൽ ചിലരിൽ നവഗ്രഹങ്ങളിൽ പെടാത്ത ഒരജ്ഞാത ഗ്രഹം എത്തിനോട്ടം നടത്തും. അപരഗ്രഹ ദോഷം എന്ന മഹാദോഷമാണത്…അപൂർവങ്ങളിൽ അപൂർവമാണ് ഈ ദോഷം, ദശകോടിയിൽ ഒരാൾക്കു മാത്രം കിട്ടുന്ന ദോഷം.
ഇത്രയ്ക്കപൂർവമായതിനാൽ സാധാരണ ജ്യോതിഷികൾക്ക് അതു കണ്ടെത്താൻ പോലും സാധിക്കില്ല. എനിക്കു പോലും ഇങ്ങനെയൊരു ജാതകം മുന്നിൽ വരുന്നത് ആദ്യം.'
ബ്രഹ്‌മദത്തൻ തുടർന്നു
‘ഈ ദോഷമുള്ളവർക്കു ജീവിതകാലം വിവാഹം പാടില്ല. അവർ ആരെയെങ്കിലും പ്രാപിച്ചാൽ ഇണയുടെ പടുമരണമായിരിക്കും ഫലം.
ഇത് അച്ചട്ടാണ്.'
അദ്ദേഹം പറഞ്ഞു നിർത്തി.
അപ്പുവിനു തലകറങ്ങുന്നതു പോലെ തോന്നി. എന്താണ് ഈ കേൾക്കുന്നത്. എല്ലാം ശരിയായി വന്നപ്പോളാണ് ഈ വെളിപാട്.
അവൻ സ്തബ്ധനായി ഇരുന്നു.
‘ഇതിനു പരിഹാരമില്യേ തിരുമേനീ'
അവന്റെ സ്വരത്തിൽ കെഞ്ചലിന്റെ ധ്വനിയുണ്ടായിരുന്നു.
'ഇല്യ, ഇതിനു പരിഹാരമില്യ ഈ ദോഷം സ്ഥായിയാണ്. അപ്പു എന്നെങ്കിലും അഞ്ജലിയുമായി ബന്ധപ്പെട്ടാൽ ഉടൻ തന്നെ അവൾ മരിക്കും.'
ബ്രഹ്‌മദത്തൻ പറഞ്ഞു.
‘അപ്പു പൊയ്ക്കോളൂ, ഞാനും മടങ്ങുകയാണ്. നല്ലവണ്ണം ആലോചിക്കൂ,'
ഇത്രയും പറഞ്ഞശേഷം തന്റെ മേൽമുണ്ട് ഒന്നുകൂടി പുതച്ചു ബ്രഹ്‌മദത്തൻ നടന്നകന്നു.
പോകുന്ന പോക്കിൽ അദ്ദേഹം സഹതാപത്തോടെ അപ്പുവിനെ ഒന്നു തിരിഞ്ഞുനോക്കി.
ഒരു അഗ്‌നിപാശം തന്നെ ചുറ്റിവരിഞ്ഞതുപോലെ അപ്പു നിന്നു.
ഈശ്വരാ എന്തൊരു വിഷമവൃത്തമാണ് ഇത്. ഇതിനും മാത്രം എന്തു തെറ്റു ചെയ്തൂ താൻ…അവൻ ഹതാശനായി നിന്നാലോചിച്ചു.
‘അപ്പൂസ് എവിടെയെല്ലാം തിരഞ്ഞു ഞാൻ ഇവിടെ നിൽക്കയാണോ..'
തോളിൽ ഒരു നനുത്ത സ്പർശം അനുഭവപ്പെട്ടു തിരിഞ്ഞു നോക്കിയ അപ്പു തന്റെ നേർക്കു നിറയെ ചിരിച്ചു ഒരു ദേവിയെപ്പോലെ നിന്ന അഞ്ജലിയെയാണ് കണ്ടത്. [ തുടരും ]