എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അഞ്ജലി പറഞ്ഞു.
‘അഞ്ജലിയുടെ ഒരു ലക്ഷ്യത്തിനും ഞാൻ എതിരുനിൽക്കില്ല, പ്ലീസ്, എന്നെ വിട്ടുപോകാതിരുന്നൂടെ’
അപ്പുവിൻ്റെ മറുചോദ്യത്തിനു യാചനയുടെ സ്വരമുണ്ടായിരുന്നു. അവൻ്റെ നോട്ടം നിസഹായമായിരുന്നു.
ആ നോട്ടത്തിൽ മനസ്സൊന്നു പിടച്ചെങ്കിലും അഞ്ജലി ഡിവോഴ്‌സ് എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. അപ്പുവിനു ശരിക്കും ദേഷ്യം പിടിച്ചു.
അവളുടെ അരികിലേക്കു നീങ്ങി അവളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് അപ്പു ചോദിച്ചു
‘എങ്കിൽ പിന്നെ എന്തിനു എന്നെ വിവാഹം കഴിച്ചു, വെറും പൊട്ടനാക്കുകയായിരുന്നല്ലേ എന്നെ.,ഡിവോഴ്‌സും തരില്ല, ഒരു കോപ്പും തരില്ല, ഞാനിതിനു സമ്മതിക്കില്ല ‘
ചീറുന്ന ശബ്ദത്തിൽ അപ്പു അലറി.
തികച്ചും നിഷ്‌കളങ്കമായാണ് അപ്പു അതു ചെയ്തതെങ്കിലും പെണ്ണിനു മേൽ ആധിപത്യം സ്ഥാപിക്കുന്ന ആണധികാരത്തിൻ്റെ കരങ്ങളായാണ് അഞ്ജലിക്ക് ആ പ്രവൃത്തി തോന്നിയത്.
അവളുടെ മുഖത്തേക്കു ദേഷ്യം കടൽ പോലെ ഇരമ്പി വന്നു.
‘കൈയ്യെടുക്കടാ’
ആക്രോശിച്ചു കൊണ്ട് അഞ്ജലി അവൻ്റെ കരണത്താഞ്ഞടിച്ചു.
പൊന്നീച്ച പറക്കുന്നതു പോലെ അപ്പുവിനു തോന്നി.
ഇതു വരെ ആരും അവനെ വേദനിപ്പിച്ചിരുന്നില്ല,
ദേഷ്യവും സങ്കടവും അവൻ്റെ സുന്ദരമായ മുഖത്തു പ്രതിഫലിച്ചു.
അഞ്ജലിയുടെ ചുമലിൽ നിന്നു കൈയ്യെടുത്ത് അവൻ പയ്യെ പിൻവലിഞ്ഞു.