എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മഴ അപ്പുവിന് എന്നും ഹരമാണ്.
കാറിൻ്റെ ചില്ലുതാഴ്ത്തി അവൻ കൈക്കുമ്പിളിലേക്കു മഴത്തുള്ളികളെ പിടിച്ചു.
വീശിയടിക്കുന്ന കാറ്റിൽ മഴ അവൻ്റെ മുഖത്തേക്കു വീണു,
ഏതോ പൂക്കളുടെ സുഗന്ധവും വഹിച്ച്.
‘എടാ ചെക്കാ, അധികം മഴ കൊണ്ട് പനി പിടിക്കേണ്ട, രാത്രിയിലെ കാര്യം കുഴയും’
കാറിലുണ്ടായിരുന്ന ബന്ധുക്കളിലാരോ തമാശയായി പറഞ്ഞു,
അപ്പുവിൻ്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു.
കോരിച്ചൊരിയുന്ന മഴയുടെ തണുപ്പുമേറ്റു കതിർമണ്ഡപത്തിൽ ഇരിക്കുമ്പോഴും അപ്പുവിൻ്റെ മനസ്സിലെ ടെൻഷനു യാതൊരു ശമനവുമുണ്ടായിരുന്നില്ല,
അവൻ വെട്ടിവിയർത്തുകൊണ്ടിരുന്നു.
ഒടുവിൽ ആ നിമിഷമെത്തി,
അഞ്ജലി അവനു സമീപത്തേക്കു നടന്നു , ഇടതു വശത്തു വധുവിനു വിധിച്ച സ്ഥലത്ത് അവൾ ഇരുന്നു , കലുഷിതമായ മുഖത്തോടെ.
ചുവന്ന പട്ടുസാരിയിലും ആഭരണങ്ങളിലും പൊതിഞ്ഞ അഞ്ജലിയെ അപ്പു ഒന്നു പാളി നോക്കി,
ഹൗ, തങ്കത്തിൽ തീർത്ത ദേവീവിഗ്രഹം പോലുണ്ടായിരുന്നു അവൾ, സൗന്ദര്യത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നിറകുടം,
നോട്ടം പിൻവലിക്കാൻ അവനു കഴിഞ്ഞില്ല.
അഞ്ജലി അവനെ പെട്ടെന്നു നോക്കി, എല്ലാ തീക്ഷ്ണതയുമുള്ള ഒരു കത്തുന്ന നോ്ട്ടം.
അതു നേരിടാനാകാതെ അപ്പു തൻ്റെ മിഴികൾ താഴ്ത്തി.
എല്ലാം ചിട്ടപ്പടി തന്നെ നടന്നു. ആദ്യം കന്യാദാനം, പിന്നീടു മുറപ്രകാരമുള്ള ചടങ്ങുകൾ , ഒടുവിൽ താലികെട്ട്.