എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – ദിവസങ്ങൾ എത്രപെട്ടെന്നാണു കൊഴിയുന്നത്.
അപ്പുവിൻ്റെയും അജ്ഞലിയുടെയും കല്യാണം നാളെയാണ്.
ആലത്തൂരിലെ മേലേട്ടു തറവാട്ടിൽ പൂരത്തിനുള്ള പ്രതീതി. നിറയെ ബന്ധുക്കളും നാട്ടുകാരും.
എല്ലാവരെയും സ്വീകരിക്കാൻ അച്ഛമ്മ ഓടി നടന്നു.
അപ്പു കൂട്ടുകാരുടെയും ബന്ധുക്കളുടെയും നടുവിൽ അവരുടെ കളിയാക്കലുകളും ഉപദേശങ്ങളും ഏറ്റ് അങ്ങനെയിരുന്നു.
ഏറ്റവും സന്തോഷം ഹരികുമാരമേനോനായിരുന്നു. ഏകപുത്രൻ വിവാഹിതനാകുന്നതിൽ ഒരച്ഛനുള്ള സന്തോഷവും അഭിമാനവും ആ മുഖത്തു വിടർന്നു നിന്നു.
അപ്പു ഓർക്കുകയായിരുന്നു.
അഞ്ജലിയെ കണ്ടതിനു ശേഷം ജീവിതത്തിനു വന്ന മാറ്റങ്ങൾ. എല്ലാത്തിനും പുതിയ നിറങ്ങൾ, എവിടെയും നിറയുന്ന സുഗന്ധം.
പക്ഷേ ഒരു കാര്യം മാത്രം അവനു മനസ്സിലായില്ല,
അഞ്ജലി ഇനിയും തന്നോട് ഇണങ്ങാത്തതെന്താണെന്നായിരുന്നത്.
പെണ്ണുകാണലിനു
ശേഷം പലതവണ ഫോണിൽ വിളിച്ചു. ചിലപ്പോഴൊക്കെ ഫോൺ എടുത്തു.
എടുത്താലോ, ‘ങും’, ‘ശരി ‘ തുടങ്ങി ഒന്നോ രണ്ടോ വാക്കുകളിൽ അവസാനിക്കുന്ന സംസാരം.
പ്രകടമായ നീരസം അവളുടെ വാക്കുകളിൽ.
എന്തേ ഇങ്ങനെ?
കൂട്ടിലകപ്പെട്ട പക്ഷിയുടെ അവസ്ഥയായിരുന്നു അഞ്ജലിക്ക്.
അപ്പുവിനെ ഭർത്താവായി സ്വീകരിക്കാൻ ഇപ്പോഴും അവൾ തയ്യാറായിരുന്നില്ല.
ചിന്തിക്കാത്ത നേരത്തു കല്യാണം.