എന്റെ ആശേച്ചി
ഞങ്ങള്‍ പുരക്കു പുറത്തിറങ്ങി. വാതില്‍ വലിച്ചടച്ചു. കൊളുത്തിട്ടു. പുറത്തേക്കിറങ്ങി,
ചേച്ചി നടന്നു തുടങ്ങി. ഞാന്‍ പിന്നാലെയും.
“മുന്നില്‍ നടക്കു..” ചേച്ചി പറഞ്ഞു. ഞാന്‍ മുന്നില്‍ നടന്നു തുടങ്ങി. ആശേച്ചി പിന്നാലെയും.
“അമ്മ ചോദിച്ചാല്‍ എന്തു പറയും..” ചേച്ചി എന്നെ ചോദ്യങ്ങള്‍ക്ക് തയ്യാറാക്കി .
“പാമ്പു വന്നു… പേടിച്ചു നിന്നു …” ഞാന്‍ പറഞ്ഞു.
ചേച്ചി മറുപടിയൊന്നും പറഞ്ഞില്ല. പിന്നാലെ നടന്നു വന്നു.
പറമ്പിന്റെ തട്ടില്‍ എത്തി.
പടികള്‍ ചാടി ഇറങ്ങണം.
ഞാന്‍ വിഷമിച്ചു ചാടി ചാടി ഇറങ്ങി. തിരിഞ്ഞു നിന്നു. ചേച്ചി ഇറങ്ങുന്നതും നോക്കി.
ചേച്ചി വിറകു കെട്ട് താഴേക്കിട്ടു. പിന്നെ പതുക്കെ പടിയില്‍ ഇരുന്നു. കാല് നീട്ടി അടുത്തതിലേക്കിറങ്ങി. അങ്ങിനെ നാല് പടികളും.
താഴെ എത്തിയപ്പോള്‍ പാവാടയില്‍ കുറച്ചു മണ്ണ് പറ്റിയിരുന്നു. അത് തട്ടിക്കളഞ്ഞു, വിറകു കെട്ട് എടുത്തു നടന്നു തുടങ്ങി.
വീട്ടില്‍ മുറ്റത്തെത്തി. അപ്പോളാണ് അമ്മാമ്മ മുറ്റത്തേക്ക് വന്നത്..
“എന്താ ഇത്ര താമസം… ആശേ നീ ആ വിറകിട്ടിട്ടു പോയി പപ്പടം വാങ്ങി വാ… ഇന്നലെ പണ്ടാരത്തിനോട് പറഞ്ഞിട്ടുണ്ട് .. ”
ആവൂ എനിക്കാശ്വാസമായി. മറ്റൊന്നും പറയേണ്ടി വന്നില്ലല്ലോ . ആശ എന്നെ നോക്കി ചിരിച്ചു.