ചന്ദ്രന് കൂട്ടിനാരൊക്കയാ
‘മോനേ.. പ്രായത്തിന്റെ എടുത്തു ചാട്ടം പാടില്ല.. മനസ്സിനേ നിയന്ത്രിക്കുക… ലക്ഷ്യം നേടൂ…’ ഞാൻ നേരേ ചാവടിയിലേയ്ക്കു കയറി. ലൈറ്റിട്ടു. മങ്ങിയ വെളിച്ചം. ശക്തികുറഞ്ഞ ബൾബ്. പുസ്തകം കയ്യിലെടുത്തെങ്കിലും അഭിയുടെ നാമജപം കാതിലേക്ക് അരിച്ചരിച്ചുകേറുന്നു. ഏകാഗ്രത കിട്ടുന്നില്ല. ഇനി അവരുടെ പ്രാർത്ഥന കഴിഞ്ഞിട്ട് വായിക്കാം. എളേമ്മ അടുക്കളയിലായിരിക്കും. കുമാരേട്ടനേ കണ്ടില്ല. ഞാൻ കട്ടിലിൽ കിടന്നു. വായിച്ചതുകൊണ്ടാകാം ഒരു ക്ഷീണം പോലെ. മയങ്ങിപ്പോയി.
‘ അങ്കിളേ…. ചോറുണ്ണാൻ വാ….’ കലയുടെ ശബ്ദം എന്നേ മയക്കത്തിൽ നിന്നുണർത്തി.
‘ ങേ…’
‘നേരം രാത്രിയായി…. ചോറുണ്ണാൻ വിളിക്കുന്നു… വാ…’
‘ഇന്നെനിക്കൊന്നും വേണ്ട… നിങ്ങളു കഴിച്ചോ….’ ഞാൻ പറഞ്ഞു.
‘ അഛാ… ഈ അങ്കിളിനൊന്നും വേണ്ടന്ന്…..’ കല വിളിച്ചു പറഞ്ഞു.
‘ങാ… മോളു വാ….‘ കുമാരേട്ടന്റെ സ്വരം. സത്യമായിരുന്നു. പോരുന്ന വഴിയ്ക്കു കഴിച്ച ഏത്തക്കാബോളിയും പരിപ്പുവടയും ഇന്നത്തേക്കു വയറിനു ധാരാളമായിരുന്നു. ഞാൻ ഒരു പുസ്തകമെടുത്തു വായിച്ചുകൊണ്ടു കിടന്നു. ഒരു ചെറിയ മേശ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോയി. ഒരു തടിക്കസേരയുണ്ട്. കുറേക്കഴിഞ്ഞപ്പോൾ കുമാരേട്ടൻ കൈ തുടച്ചുകൊണ്ട് അങ്ങോട്ടു കേറിവന്നു. ഞാനെഴുനേറ്റു.
‘ ഇരിക്ക്… പിന്നെ… നീയെന്താ .. ഉണ്ണാൻ വരാതിരുന്നേ…?…’
‘ എനിയ്ക്കുവിശപ്പില്ല… അതുകൊണ്ടാ….’
‘മോനേ… അവളു ചുമ്മാ വളാവളാ പറയത്തേയുള്ളൂ…പാവാ… മനസ്സിലൊന്നുമില്ല…പെമ്പിള്ളേരൊള്ളതുകൊണ്ടുള്ള പേടീം കാണും… എനിയ്ക്കു നിന്നെ അറിയാവുന്നതുകൊണ്ടല്ലേ ഇങ്ങോട്ടു കൊണ്ടു വന്നേ… നീയതിന് അത്താഴപ്പട്ടിണി കെടക്കേണ്ട കാര്യമൊന്നുമില്ല… ‘
‘കഴിവതും… ആരേയും ബുദ്ധിമുട്ടിക്കാതെ നോക്കണമെന്നുണ്ട് കുമാരേട്ടാ….. എന്നാലും ഇന്ന്… സത്യായിട്ടും വെശപ്പില്ലാത്തതു കൊണ്ടാ…. ‘
‘എങ്കി… നിന്റിഷ്ടം… പഠിക്കാൻ മറക്കണ്ട… നിന്റമ്മ പ്രത്യേകം പറഞ്ഞിട്ടൊണ്ട് എപ്പഴും ഓർമ്മിപ്പിക്കണമെന്ന്…’
രാമേട്ടൻ വെളിയിലേക്കിറങ്ങി. അതുവരേ വാതിൽക്കൽനിന്ന അഭി ഒരു ചുരുട്ടിയ പായും തലയിണയും മുറിയിലേക്കിട്ടു. എന്നിട്ടു പറഞ്ഞു.
‘ദാ… പായ്…. കെടക്കയൊണ്ട്… പക്ഷെങ്കി….വല്ലാണ്ടു മുഷിഞ്ഞതാ…’ അവൾ എന്നേ നോക്കാതെ തന്നെ തിരിഞ്ഞു നടന്നു.
1എനിക്കിതൊക്കെത്തന്നെ ധാരാളം……പിന്നേ….’ അവൾ തിരിഞ്ഞു നിന്നു.
‘വിരോധല്ല്യങ്കിൽ…കൂജയോ പാത്രോ ഒണ്ടാരുന്നെങ്കി…. കൊറച്ചു വെള്ളം എടുത്തുവെക്കാമാരുന്നു…..’ സങ്കോചത്തോടെയാണു ഞാനതു പറഞ്ഞത്. ഓർത്തിരുന്നെങ്കിൽ അതൊക്കെ വീട്ടിൽ നിന്നും കൊണ്ടു വരാമായിരുന്നു.
ഒന്നും മിണ്ടാതെ അഭി നടന്നകന്നു. ഇഷ്ടപ്പെട്ടു കാണത്തില്ലായിരിക്കും. വല്ലവനും വേണ്ടി വിടുതിവേല ചെയ്യാൻ മടികാണും. ങാ, അല്പം കഴിഞ്ഞിട്ട് നിലാവുദിക്കും അപ്പോൾ വേണമെങ്കിൽ കിണറ്റുകരെ പോകാവുന്നതേ ഉള്ളു. കഴിവതും ആരേയും ബുദ്ധിമുട്ടിക്കാതെ നോക്കണം. ഇപ്പോൾ ഈ വീട്ടിൽ എന്നോടു കാരുണ്യമുള്ളത് കുമാരേട്ടനും കലക്കും മാത്രം. ങാ, രണ്ടു പേരെങ്കിലുമുണ്ടല്ലോ, ആശ്വാസം.
അല്പം കഴിഞ്ഞപ്പോൾ ഒരു കൂജയും താങ്ങിപ്പിടിച്ച് കല ചായ്പിലേക്കു വന്നു.
‘അയ്യോ… നീയെന്തിനാ മോളേ… ഇതും പൊക്കിക്കൊണ്ടുവന്നത്… ഞാൻ എടുത്തോണ്ടു വരുമാരുന്നല്ലോ…’ ഞാൻ കൂജ വാങ്ങി കസേരപ്പുറത്തുവെച്ചു ഒരു ബുക്കെടുത്തു മൂടി വെച്ചു.
‘ഞാനെടുത്തതല്ല.. ചേച്ചി തന്നയച്ചതാ… അത്താഴം കഴിക്കാണ്ട്… വെള്ളം കുടിച്ച് വയറുനെറക്കാനാരിക്കും.. കൊണ്ടുക്കൊട്… കുടിച്ച് വീർപ്പിക്കട്ടെയെന്നു പറഞ്ഞു….’
‘അങ്ങനെ പറഞ്ഞോ… എങ്കില് അങ്ങനെ തന്നെ വിചാരിച്ചോട്ടെ…’ ഞാൻ ചിരിച്ചു.
‘ എങ്കില് ഗുഡ്നൈറ്റ്.. അങ്കിൾ.’
‘ ഗുഡ്നൈറ്റ്…’ ഞാൻ വാതില് ചാരി.
പായ് കുടഞ്ഞുവിരിച്ചു. നിറം മങ്ങിയതെങ്കിലും അലക്കിയ ഉറയിട്ട തലയിണ. പഞ്ഞിയൊക്കെ കട്ടിപിടിച്ചു. വീട്ടില് അമ്മവെക്കുന്ന തലയിണ പോലെയുണ്ട്. എനിക്കുള്ള തലയിണ നല്ല മൃദുവായതാണ്. ഏതായാലും ഇവര് ഇത്രയെങ്കിലും തന്നല്ലോ. മെത്തയേക്കാൾ സുഖം തണുത്ത പായതന്നേ. ചൂടിനൊരാശ്വാസം കിട്ടുമല്ലോ. ഉറങ്ങാതെ കിടക്കുമ്പോൾ അറിയാതെ ഓർത്തുപോയി. അമ്മ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും. ഇന്ന് എനിക്കുവേണ്ടി ചൂടുകാപ്പി തിളപ്പിക്കണ്ടല്ലോ. പുസ്തകത്തിലേക്കു തല കുമ്പിട്ട് മയങ്ങുന്ന എന്നേ തട്ടിയുണർത്തേണ്ടല്ലോ. പാവം എന്റെ അമ്മ.
എങ്കിലും ആ അമ്മയെ ഒരു ദിവസം ദ്രോഹിച്ചതോർക്കുമ്പോൾ എന്നത്തേപ്പോലെ ഇപ്പോഴും മനസ്സിൽ നൊമ്പരം കുമിഞ്ഞു കൂടുന്നു. തന്നോടു തന്നെ പുഛം തോന്നുന്നു. വല്ലാത്ത ഒരു കുറ്റബോധവും. എങ്കിലും അമ്മ എല്ലാം മറന്നു കഴിഞ്ഞിരിക്കുന്നു.
ഏകദേശം ഒന്നര വർഷങ്ങൾക്കു മുമ്പായിരുന്നു. ഒരു വെള്ളിയാഴ്ച്ച രാത്രി. പതിവു പോലെ ഞാൻ അമ്മയുടെ മാറില് പറ്റിപ്പിടിച്ചു കിടക്കുന്നു. എന്നും കിടക്കാൻ നേരം അമ്മ പറയും.‘കൊമ്പന്മീശ വന്ന ചെക്കനാ… ഇപ്പഴും അമ്മേടെ കീഴെയേ കെടന്നൊറങ്ങുവൊള്ളു….’
‘ ചുമ്മാ മിണ്ടാതെ തിരിഞ്ഞു കെടക്ക്….’
അടുത്ത പേജിൽ തുടരുന്നു.
One Response