അനുഭവങ്ങൾ അനുഭൂതികൾ !!
തറവാടിന്റെ പടിക്കലിൽ ആരെയോ കാത്തെന്നോണം ഒരു സ്ത്രീ ഇരിപ്പുണ്ട്.
40 അടുപ്പിച്ചു പ്രായം കാണും.
ഒരു പ്രൗഡയായ സ്ത്രീ.
ലക്ഷ്മി അന്തർജനം.
മാളുവിന്റെ അമ്മ.
ശരിക്കും ലക്ഷ്മി ദേവിയെപ്പോലെ ഐശ്വര്യവതിയായ സ്ത്രീ.
“കീ.. കീ……”
അലർച്ചയോടെ ഒരു കറുത്ത അംബാസ്സിഡർ കാർ തറവാട് മുറ്റത്തായി വന്നു നിന്നു.
വണ്ടിയിലെ പിൻസീറ്റിൽ നിന്നും 12 വയസ്സ് പ്രായം തോന്നിക്കുന്ന പാവാടക്കാരി കയ്യിൽ കുറച്ച് കവറുകളുമായി പുറത്തേക്കിറങ്ങി..
മാളു…മാളവിക മേനോൻ.
“അമ്മേ…..”
മാളു അമ്മയുടെ അരികിലേക്കോടിയെത്തി.
മാളുവിനെ അമ്മ മാറോട് ചേർത്ത്പിടിച്ചു.
“എന്താ മോളേ ഇത്ര വൈകിയത്..?
“അത് തുണിയെടുത്ത് കഴിഞ്ഞപ്പോൾ ദീപയുടെ അമ്മ നമുക്ക് ഐസ്ക്രീം വാങ്ങിത്തന്നു. അത് കഴിഞ്ഞിറങ്ങിയപ്പോൾ താമസിച്ചു പോയി..
“തണുപ്പുള്ളത് കഴിക്കല്ലേ എന്ന് ഞാൻ പറഞ്ഞിട്ടില്ലേ മോളേ..
“അത്….”
“മ്മ് കുഴപ്പില്ല….എന്തായാലും അമ്മാവൻ വരുന്നതിന് മുൻപ് വന്നല്ലോ..വാ വന്നെന്തെങ്കിലും കഴിക്ക്..”
ലക്ഷ്മി മാളുവിനെയും കൂട്ടി അകത്തേക്ക് നടന്നു.
“അയ്യോ.. ഞാനത് മറന്നു…അമ്മാവൻ എന്നെ തിരക്കിയോ അമ്മേ..?’”
“ഇല്ല മോളേ.. അമ്മാവൻ വന്നിട്ടില്ല..
“ഹൊ.. ഭാഗ്യം.അമ്മേ.. ഈ അമ്മാവന് എന്താ നമ്മളോടിത്ര ദേഷ്യം…?
“ഒന്നുല്ല മോളേ.. മോളു വന്നെന്തെങ്കിലും കഴിച്ചിട്ട് കിടക്കു..