അനുഭവങ്ങൾ അനുഭൂതികൾ !!
വർഷം 2004.
നീണ്ട 18 വർഷങ്ങൾക്ക് മുൻപ്.
ഫേസ്ബുക്കും, മറ്റ് സാമൂഹിക മാധ്യമങ്ങളും നമുക്ക് സുപരിചിതമാകുന്നതിനു മുൻപ്..
പാലക്കാട് ജില്ല.
അവിടെ 20 കിലോമീറ്ററോളം ഉള്ളിലേക്ക് ചെല്ലുമ്പോൾ ആവണിപുരം എന്ന ഗ്രാമം.
എവിടെ നോക്കിയാലും പച്ചപ്പ്.
എങ്ങും പാടശേഖരങ്ങളും കൂറ്റൻ മരങ്ങളും മാത്രം ‘
നെല്‍വയലുകളുടേയും കരിമ്പനകളുടേയും നാട്.
ഒരു മനോഹരതീരമായി നിലകൊള്ളുന്ന ഗ്രാമം.
അതോടൊപ്പം വിശ്വാസങ്ങളും അന്ധശ്വാസങ്ങളും നിറഞ്ഞുനിൽക്കുന്ന നാട്.
കൃഷിയേയും മണ്ണിനേയും ആശ്രയിച്ചാണ് അവിടുത്തെ ജനങ്ങളുടെ ജീവിതം. അവർക്കിടയിൽ പഠിപ്പുള്ളവർ നന്നേ കുറവ്.. ഇല്ല എന്ന് പറഞ്ഞാലും തെറ്റില്ല..
അധികവും ഓലമേഞ്ഞ വീടുകളാണ്. ഓട് ഇട്ട വീടുകളുമുണ്ട്,എന്നാൽ എണ്ണത്തിൽ കുറവാണ്.
ആ നാട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന ഇരുനില തറവാട് വീട്.
മഠത്തിൽ തറവാട്.
ആ നാടിനെയും നാട്ടിലെ ജനങ്ങളെയും ഭരിച്ചിരുന്നത് ആ വീട്ടുകാരാണെന്ന് പറയാം.
പ്രത്യേകിച്ചു വിശ്വാസങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ആ തറവാടിന്റെ തീരുമാനമാണ് അവസാന വാക്ക്.
തറവാടിന് മുൻപിലുള്ള തുളസിത്തറയിൽ ദീപം തെളിയിച്ചിറ്റുണ്ട്.
തറവാടിനു മുൻപിൽ തന്നെ ഒരു കൊമ്പൻ നിൽപ്പുണ്ട്.
ഇരുട്ടിനെ തോൽപ്പിക്കുന്ന നിറവുമായ് ഒരു ഗജകേസരി.
അകം പണിക്കും പുറം പണിക്കുമായി 30 ഓളം ജോലിക്കാർ.