അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – ശിവ കണ്മുന്നിൽ നിന്നും മായുന്നത് വരെ കണ്ണെടുക്കാതെ ഗേറ്റിൽ ചാരി മാളു നിന്നു.
ഇന്നലെ മുതൽ മനസ്സിലുണ്ടായിരുന്ന സന്തോഷം അകന്നത് പോലൊരു തോന്നൽ.
കതകും പൂട്ടി മാളു റൂമിലേക്ക് നടന്നു.
എന്തോ.. ഇത്രയും നേരമുണ്ടായിരുന്ന ഉഷാറൊക്കെ പോയപോലെ. വീണ്ടും ഒറ്റപ്പെട്ടത് പോലെ.
കയ്യിലിരുന്ന കവർ റൂമിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാളു കട്ടിലിലേക്ക് കമഴ്ന്നു വീണു.
എന്തെന്നില്ലാതെ ഓരോരോ ചിന്തകൾ അവളുടെ മനസ്സിലേക്ക് കയറി വന്നു.
“ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഞാൻ നേരിട്ടു, അതും ഒറ്റക്ക്. ചിലർ വാട്സാപ്പിൽ ഒറ്റപ്പെടലിലെ സുഖം എന്നൊക്കെപറഞ്ഞു സ്റ്റാറ്റസ് ഇടാറുണ്ട്.
അതിൽ എത്ര പേർ ഒറ്റപ്പെടൽ അനുഭവിച്ചുകാണും. ഹും.. അനുഭവിച്ചിട്ടുണ്ടെങ്കിൽ അവരങ്ങനെ പറയില്ല, കാരണം ഒറ്റക്കാകുന്നവർക്കേ അതിന്റെ വേദന മനസ്സിലാകുകയുള്ളു. ജീവിതത്തിൽ ഇത്രയൊക്കെ നടന്നിട്ടും ഒരു തുണവേണ്ട എന്ന് തീരുമാനിച്ചതാണ് ഞാൻ, ഒടുവിൽ തുണയായി ഒരുവനെ കണ്ടെത്തിയപ്പോഴോ .”
പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചതും ചുടു കണ്ണീർ മാളുവിന്റെ കണ്ണുകളിലൂടെ പൊഴിഞ്ഞിറങ്ങി.
അവളുടെ നനുത്ത ഇളം കവിളുകൾ ചുമന്നു കയറി.
ഇല്ലാ.. ഇനിയും കരഞ്ഞു ജീവിതം പാഴാക്കാൻ വയ്യ. മാളു ആ വലിയ കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരി ഇരുന്നു. ശേഷം കഴിഞ്ഞ ദിവസങ്ങളിലെ അവളുടെ ജീവിതം ഓർത്തെടുക്കാൻ ശ്രമിച്ചു.