എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – ‘അപ്പൂ, എഴുന്നേൽക്കെടാ, നേരം ഇശ്ശിയായി ‘ അച്ഛമ്മയുടെ വിളി കേട്ടാണു രാജീവ് മേനോൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.
പരീക്ഷയുടെ ആലസ്യം മൂലം സ്വയം മറന്നുള്ള ഉറക്കമായിരുന്നു.
അച്ഛമ്മയ്ക്ക് അതറിയേണ്ട കാര്യമില്ലല്ലോ, ഏഴു മണി കഴിഞ്ഞ് ഉറങ്ങുന്നത് ദോഷമാണെന്നാണു അച്ഛമ്മയുടെ വിശ്വാസം.
പഴമനസിനെ മാറ്റാൻ ആർക്കു പറ്റും !!
‘ദാ, കാപ്പി കുടിക്കെടാ’
ആവി പൊന്തുന്ന കാപ്പിക്കപ്പ് രാജീവിനുനേരെ നീട്ടിക്കൊണ്ട് അച്ഛമ്മ പറഞ്ഞു.
രാജീവ് അതു വാങ്ങി. എന്നിട്ട് സ്‌നേഹപൂർവം ചോദിച്ചു.
ഇന്നെന്താ അച്ഛമ്മ അമ്പലത്തിൽ പോയില്ലേ?,
രാവിലെ അച്ഛമ്മ അമ്പലത്തിൽ പോയാൽ പിന്നെ തൊഴലും പൂജയും കഴിഞ്ഞ് എട്ടാകും സാധാരണ മടങ്ങുമ്പോൾ.
‘ഓഹ്, എന്തൊരു മഴ, അപ്പൂ, പെട്ടെന്നു കുളിച്ചു വാ, ഹരി പ്രാതൽ കഴിക്കാൻ കാത്തിരിക്കുന്നുണ്ട്’
രാമനാമം ജപിച്ച് അച്ഛമ്മ മുറിയിൽ നിന്നിറങ്ങിപ്പോയി.
അച്ചമ്മയ്ക്ക് രാജീവ് അപ്പുവാണ്. അച്ചമ്മയും അച്ഛനും മാത്രമേ അവനെ അങ്ങനെ വിളിക്കാറുള്ളൂ.
ആലത്തുരിലെ മേലേട്ട് ഹരികുമാരമേനോൻ്റെ മകനാണ് രാജീവ്. പാലക്കാട്ടെ പ്രസിദ്ധമായ ജന്മികുടുംബത്തിലെ അവസാനകണ്ണി.
പാലക്കാട്ടും തൃശൂരും ഹരികുമാരമേനോന് ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. അതിന് ൻ്റെയെല്ലാം അവകാശിയും രാജീവ് തന്നെ.